04 June Friday

യൂറോ കപ്പ്‌ ഫുട്‌ബോൾ : ഫ്രാൻസിനും ഇംഗ്ലണ്ടിനും ജയം

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


ലണ്ടൻ
യൂറോ കപ്പ്‌ ഫുട്‌ബോൾ സന്നാഹ മത്സരങ്ങളിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനും ഇംഗ്ലണ്ടിനും ജയം. ഫ്രാൻസ്‌ മൂന്ന്‌ ഗോളിന്‌ വെയ്‌ൽസിനെ തകർത്തപ്പോൾ ഇംഗ്ലണ്ട്‌ ഒരു ഗോളിന്‌ ഓസ്‌ട്രിയയെ മറികടന്നു. ഡച്ചിനെ സ്‌കോട്‌ലൻഡ്‌ ഞെട്ടിച്ചു (2‐2). ജർമനി ഡെൻമാർക്കിനോട്‌ 1‐1ന്‌ കുരുങ്ങി. സൂപ്പർ താരം കിലിയൻ എംബാപ്പെ, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, ഉസ്‌മാൻ ഡെംബെലെ എന്നിവർ ഗോളടിച്ചു. വെയ്‌ൽസിന്റെ നെക്കോ വില്യംസ്‌ തുടക്കത്തിൽതന്നെ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.

ആറ്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം കരിം ബെൻസെമ ഫ്രഞ്ച്‌ ടീമിൽ കളിക്കാനിറങ്ങി. ബെൻസെമയ്‌ക്ക്‌ കിട്ടിയ പെനൽറ്റി മുതാലാക്കാനായില്ല. വെയ്‌ൽസ്‌ ഗോൾ കീപ്പർ ഡാന്നി വാർഡ്‌ തടഞ്ഞു. അരമണിക്കൂർ കഴിയുമ്പോഴേക്കും എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയിൽ ഗ്രീസ്‌മാനും ഡെംബെലയും ചേർന്ന്‌ ജയം പൂർത്തിയാക്കി.
യുവ താരം ബുകായോ സാകയുടെ ഗോളിലായിരുന്നു ഇംഗ്ലണ്ട്‌ ഓസ്‌ട്രിയയെ മറികടന്നത്‌. സാകയുടെ ആദ്യ രാജ്യാന്തര ഗോളായിരുന്നു ഇത്‌. മത്സരത്തിനിടെ പ്രതിരോധക്കാരൻ ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡിന്‌ പരിക്കേറ്റത്‌ ഇംഗ്ലണ്ടിന്‌ തിരിച്ചടിയായി.

ഡെൻമാർക്കിനെതിരെ ജർമനിക്കായി തുടക്കത്തിൽ ഫ്‌ളോറിയൻ നോഹുസ്‌ ഗോളടിച്ചു. യൂസുഫ്‌ പൗൾസെൺ ഡെൻമാർക്കിനായി സമനില പിടിച്ചു. 2018നുശേഷം ആദ്യമായി തോമസ്‌ മുള്ളറും മാറ്റ്‌ ഹമ്മെൽസും ജർമൻ കുപ്പായത്തിലിറങ്ങി. കോവിഡ് ബാധിച്ച്‌ വിശ്രമത്തിലുള്ള ടോണി ക്രൂസ്‌ ഉൾപ്പെടെ നാല്‌ പ്രധാന കളിക്കാർ ജർമൻ ടീമിനൊപ്പം ഇതുവരെ ചേർന്നിട്ടില്ല.

സ്‌കോട്‌ലൻഡിനെതിരെ മെംഫിസ്‌ ഡിപെ 89‐ാം മിനിറ്റിൽ നേടിയ ഗോളാണ്‌ ഡച്ചിനെ രക്ഷിച്ചത്‌. ആദ്യ ഗോളും ഡിപെയുടെ വകയായിരുന്നു. എർലിങ്‌ ഹാലൻഡ്‌ അവസാന നിമിഷം നേടിയ ഗോളിൽ നോർവെ ലക്‌സംബർഗിനെ 1‐0 ന്‌ തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top