സ്ക്കൂള്‍ അടച്ചുപൂട്ടിയതിനെക്കുറിച്ച് പാരസ് മാഡികര്‍ പ്രതികരിച്ചത് 11 വയസ്സുള്ള മിക്ക കുട്ടികളും പ്രതികരിക്കുന്നതു പോലെയാണ്. തന്‍റെ 4-ാം ക്ലാസ്സിലെ പരീക്ഷകള്‍ റദ്ദാക്കിയതില്‍ സന്തോഷവാനായ അവന്‍ അവധി നീട്ടിക്കിട്ടുന്നതിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു.

പക്ഷെ, അതു സംഭവിച്ചില്ല. അവന്‍റെ അച്ഛന്‍ 45-കാരനായ ശ്രീകാന്തിന് ഡ്രൈവര്‍ ജോലി നഷ്ടപ്പെടുകയും അവസാനം ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗത്തിലധികം നഷ്ടത്തില്‍ ഒരു ജോലി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനാവുകയും ചെയ്തു. മാര്‍ച്ച് 25-ന് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ 35-കാരിയായ അവന്‍റെ അമ്മ സരിതയ്ക്കും പാചകക്കാരിയായുള്ള ജോലി നഷ്ടപ്പെട്ടു.

ഉച്ചയ്ക്കു മുമ്പുള്ള സമയം പാരസ് ചിലവഴിക്കുന്നത് ഇലക്കറികള്‍ തലച്ചുമടായി വില്‍ക്കാന്‍ നടന്നുകൊണ്ടാണ്. വിരോധാഭാസമെന്നു പറയട്ടെ, പാവപ്പെട്ട ആ വിദ്യാര്‍ത്ഥി കച്ചവടം നടത്തുന്ന രണ്ടു പ്രദേശങ്ങളും സരസ്വതി കോളനി, ലക്ഷ്മി കോളനി എന്നിങ്ങനെയാണ് അറിയപ്പെടുന്നത് (അറിവിന്‍റെയും സമ്പത്തിന്‍റെയും ദേവതമാരുടെ പേരിനോട് ചേര്‍ത്ത്). അവന്‍റെ സഹോദരി 12-കാരിയായ സൃഷ്ടി പച്ചക്കറികള്‍ വില്‍ക്കുന്നത് റാം നഗര്‍, സീതാറാം നഗര്‍ എന്നീ കോളനികളിലാണ്.

“എല്ലാദിവസവും വൈകുന്നേരം കഴുത്തിന് എത്ര കടുത്ത വേദനയുണ്ടെന്ന് എനിക്കു നിങ്ങളോടു പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല. ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ ചെറുചൂടുള്ള തുണികൊണ്ട് എനിക്ക് എണ്ണയിട്ടു തരും. അതുകൊണ്ട് അടുത്ത ദിവസം രാവിലെ ഒരു ചുമട് സാധനങ്ങള്‍ കൂടി എനിക്ക് ചുമക്കാന്‍ കഴിയും”, കൊച്ചു പാരസ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. സൃഷ്ടിയുടെ പ്രശ്നം വ്യത്യസ്തമായിരുന്നു. “ഉച്ചയാകുമ്പോള്‍ എനിക്കു നന്നായി വിശക്കും”, അവള്‍ പറഞ്ഞു. “ഉച്ച ഭക്ഷണത്തിനു മുന്‍പ് ഞാന്‍ നാരങ്ങാവെള്ളം കുടിക്കും – അതെനിക്ക് കുറച്ച് ആശ്വാസം തരും.” ലോക്ക്ഡൗണിനു മുന്‍പ് രണ്ടുപേരും ശാരീരികമായി അദ്ധ്വാനിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ടുപേരും വീടിനു പുറത്തിറങ്ങുന്നത് ഏറ്റവും മോശമായ ഈ സാഹചര്യത്തിലും കുറച്ച് റൊട്ടിയുണ്ടാക്കാനാണ്, വെണ്ണയുടെ കാര്യം പോകട്ടെ.

PHOTO • Ira Deulgaonkar

മുകളിലത്തെ നിര: ലാത്തൂര്‍ നഗരത്തിലെ രണ്ടു കോളനികളില്‍ വില്‍ക്കുന്നതിനുവേണ്ടി നാലോ അഞ്ചോ കിലോ പച്ചക്കറി തലയില്‍ ചുമക്കുന്ന 11-കാരനായ പാരസ് മാഡികര്‍. താഴത്തെ നിര: അവന്‍റെ സഹോദരി 12-കാരിയായ സൃഷ്ടി മറ്റൊരു ഭാഗത്ത് കെട്ടുകളാക്കിയ പച്ചക്കറികള്‍ വില്‍ക്കുന്നു. കൂടാതെ ഒരു തുലാസും 500 ഗ്രാമിന്‍റെ കട്ടിയും അവളുടെ പക്കലുണ്ട്.

ഏപ്രില്‍ 8 മുതല്‍ പാരസും സൃഷ്ടിയും ലാത്തൂരില്‍ അവരവരുടെ വഴികളില്‍ രാവിലെ 8 മണി മുതല്‍ 11 മണി വരെ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഈ സമയത്ത് ഓരോരുത്തരും 4-5 കിലോഗ്രാം ചുമടുമായി ഏതാണ്ട് മൂന്നു കിലോമീറ്ററോളം കയറിയിറങ്ങി നടക്കുന്നു. സൃഷ്ടിക്കാണ്‌ കൂടുതല്‍ ബുദ്ധിമുട്ട്, എന്തുകൊണ്ടെന്നാല്‍ നേരത്തെ തന്നെയുള്ള ചുമടിന്‍റെ ഭാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് അവളുടെ പക്കല്‍ ഒരു കിലോയോളം വരുന്ന ഒരു തുലാസും 500 ഗ്രാമിന്‍റെ കട്ടിയും കൂടുതലായുണ്ട്. പാരസിന്‍റെ പക്കലുള്ളത് അവന്‍റെ അമ്മ കെട്ടുകളാക്കി തയ്യാറാക്കിയിരിക്കുന്ന പച്ചക്കറികളാണ്. ഓരോ കെട്ടും നിശ്ചിത വിലക്കാണ്‌ വില്‍ക്കുന്നത്. അവര്‍ ജോലി ചെയ്യുന്ന സമയത്ത് ലാത്തൂരിലെ ഊഷ്മാവ് 27 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നു.

പച്ചക്കറികളും മറ്റുത്പ്പന്നങ്ങളും എവിടെ നിന്നാണ് അവര്‍ക്കു ലഭിക്കുന്നത്? 8 മണിക്കു തുടങ്ങുന്ന അവരുടെ ജോലിക്കു മുന്‍പു തന്നെ സൃഷ്ടിയുടെ ജോലി തുടങ്ങുന്നു. “എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഞാന്‍ ഗോലായില്‍ (അവളുടെ വീട്ടില്‍നിന്നും 5 കിലോമീറ്റര്‍ അകലെ ലാത്തൂരില്‍ ഉള്ള പ്രധാന പച്ചക്കറി ചന്ത) പോകുന്നു.” അവള്‍ അച്ഛന്‍റെ അല്ലെങ്കില്‍ 23-കാരനായ അയല്‍വാസി ഗോവിന്ദ് ചവാന്‍റെ ഒപ്പമാണ് പോകുന്നത്. ഗോവിന്ദ് ഇപ്പോള്‍ സംസ്ഥാന പോലീസ് പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെയാണെങ്കിലും ഗോലായില്‍ പോകാനും തിരിച്ചു വരാനും ഗോവിന്ദിന്‍റെ സ്കൂട്ടറാണ് അവര്‍ ഉപയോഗിക്കുന്നത് (പോയിവരുന്നതിനായി ഗോവിന്ദ് അവരോട് പെട്രോള്‍ ചിലവിനു പോലും പണം വാങ്ങാറില്ല). അവര്‍ സാധനങ്ങളുമായി തിരിച്ചു വരുമ്പോള്‍ അവരുടെ അമ്മ അവര്‍ക്കുള്ള ബാസ്ക്കറ്റുകള്‍ അല്ലെങ്കില്‍ മറ്റു പാത്രങ്ങള്‍ നിറയ്ക്കുന്നു.

“എന്താണ് വില്‍ക്കേണ്ടത് എന്ന് ഞങ്ങളല്ല തീരുമാനിക്കുന്നത്. അച്ഛനോ ഗോവിന്ദ് ഭയ്യയോ തയ്യാറാക്കുന്നത് ഞങ്ങള്‍ വില്‍ക്കുന്നു”, പാരസ് പറഞ്ഞു. “350-400 രൂപ വില വരുന്ന സാധനങ്ങള്‍ ഞങ്ങള്‍ [എല്ലാ ദിവസവും] ഒരു ചണച്ചാക്കില്‍ തിരിച്ചു കൊണ്ടു വരുന്നു”, സൃഷ്ടി വിശദീകരിച്ചു. “പക്ഷെ ഞങ്ങള്‍ രണ്ടുപേരും [ഒരുമിച്ച്] ഏറ്റവും നല്ല സമയത്തുപോലും 100 രൂപയില്‍ താഴെ മാത്രമേ ഉണ്ടാക്കുന്നുള്ളൂ.”

അവരുടെ അച്ഛന്‍ ശ്രീകാന്ത് പ്രതിദിനം 700-800 രൂപയ്ക്കു ഡ്രൈവറായി ജോലി ചെയ്തിരുന്നതാണ് – ഓരോ മാസവും കുറഞ്ഞത് 20 തൊഴില്‍ ദിനങ്ങളും ലഭിക്കുമായിരുന്നു. ജോലി ചെയ്യുന്ന സമയത്ത് ഭക്ഷണവും അദ്ദേഹം കരുതുമായിരുന്നു. ലോക്ക്ഡൗണോടുകൂടി എല്ലാം അവസാനിച്ചു. ശ്രീകാന്ത് ഇപ്പോള്‍ ഓള്‍ഡ്‌ ഔസാ റോഡിലുള്ള ലക്ഷ്മി കോളനിയില്‍ വാച്ച്മാന്‍ ആയി ജോലി നോക്കുന്നു, പാരസ് കച്ചവടം നടത്തുന്ന അതേ സ്ഥലത്തുതന്നെ. ഈ ജോലിയില്‍ നിന്നും മാസം 5,000 രൂപയാണ് അദ്ദേഹത്തിനു ലഭിക്കുന്നത് – ഡ്രൈവര്‍ ആയി ജോലി ചെയ്തപ്പോഴുള്ള വരുമാനത്തിന്‍റെ 70 ശതമാനത്തോടടുത്ത് കുറവാണിത്.

ശ്രീകാന്ത് വാച്ച്മാനായി ജോലി ചെയ്യുന്ന സ്ഥലത്തിനടുത്ത് കുടുംബത്തിന് ഒരു വീട് കണ്ടെത്തേണ്ടതുണ്ടായിരുന്നു. ലോക്ക്ഡൗണിനു മുന്‍പ് അങ്ങോട്ടു മാറുകയും ചെയ്തു. പക്ഷെ വാടക 2,500 രൂപയായിരുന്നു – അദ്ദേഹത്തിന്‍റെ മാസവരുമാനത്തിന്‍റെ 50 ശതമാനം. നേരത്തെ താമസിച്ചിടത്തെ വാടക 2,000 രൂപയായിരുന്നു.

ഈ ജോലി ചെയ്യേണ്ടി വരുമെന്ന് സൃഷ്ടിയോ പാരസോ ലോക്ക്ഡൗണിനു മുന്‍പ് ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല. രണ്ടുപേരും സ്ഥിരോത്സാഹമുള്ള വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.

വീഡിയോ കാണുക: ലാത്തൂരില്‍ ലോക്ക്ഡൗണ്‍ ഭാരം കുട്ടികളുടെ ചുമലുകളില്‍

ലോക്ക്ഡൗണിനു മുന്‍പ് അവരുടെ അമ്മ സരിത സ്ഥലത്തെ ഒരു സായി മെസ്സില്‍ പ്രതിമാസം 5,000 രൂപ ശമ്പളത്തില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്നു. “എന്‍റെ അമ്മ അവിടെ രാവിലെ 9 മണിമുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെയും വയ്കുന്നേരം 5 മണിമുതല്‍ രാത്രി 11 മണിവരെയും ജോലി ചെയ്തിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്‍പായിരുന്നു അമ്മ ഞങ്ങള്‍ക്കുവേണ്ടി ഭക്ഷണം പാകം ചെയ്തിരുന്നത്”, സൃഷ്ടി പറഞ്ഞു. ഇപ്പോള്‍ സരിത ജോലിയൊന്നുമില്ലാതെ വീട്ടുകാര്യങ്ങള്‍ നോക്കുന്നു. കൂടാതെ വില്‍ക്കാനുള്ള സാധനങ്ങളൊക്കെ പാരസിനും സൃഷ്ടിക്കും വീതിച്ചു നല്‍കുന്നു.

ഈ ജോലി ചെയ്യേണ്ടി വരുമെന്ന് സൃഷ്ടിയോ പാരസോ ലോക്ക്ഡൗണിനു മുന്‍പ് ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല. രണ്ടുപേരും മികച്ച വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. പാരസിന് 4-ാം ക്ലാസ്സിലെ ആദ്യ ടേമില്‍ 95 ശതമാനവും സൃഷ്ടിക്ക് 84 ശതമാനവും മാര്‍ക്കുണ്ടായിരുന്നു. “എനിക്ക് ഒരു ഐ.എ.എസ്. ഓഫീസര്‍ ആകണം”, പാരസ് പറഞ്ഞു. “ഞാന്‍ ഡോക്ടര്‍ ആകാന്‍ ഇഷ്ടപ്പെടുന്നു”, സൃഷ്ടി പറഞ്ഞു. ഫീസ്‌ കൊടുക്കുന്നതില്‍ നിന്നും സ്ക്കൂള്‍ - സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ ഛത്രപതി ശിവാജി പ്രൈമറി സ്ക്കൂള്‍ - അവരെ ഒഴിവാക്കിയിരിക്കുന്നു.

ഞാന്‍ പാരസിനോടും സൃഷ്ടിയോടും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ‘ജനങ്ങള്‍ക്ക്‌ ക്വാറന്‍റൈന്‍ ദിനങ്ങള്‍ ആസ്വാദ്യകരമാക്കാന്‍’ ദൂരദര്‍ശന്‍ ആര്‍ക്കൈവ് പഴയ പാട്ടുകള്‍ കേള്‍പ്പിക്കുകയായിരുന്നു. അവയില്‍ ബൂട്ട് പോളിഷ് എന്ന 1954-ലെ ഹിന്ദി സിനിമയില്‍ നിന്നുള്ള ഒരു ഗാനം എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു:

“ഓ നന്‍ഹേം മുന്നേ ബച്ചേ|
തേരി മുട്തി മേം ക്യാ ഹേ
മുട്തി മേം തക്ദീര്‍ ഹമാരി,
ഹംനെ കിസ്മത് കൊ ബസ് മേം കിയാ ഹേ.”

(“ഓ കൊച്ചു കുഞ്ഞുങ്ങളെ
എന്താണു നിങ്ങളുടെ മുഷ്ടികളില്‍?
“ഞങ്ങളുടെ വിധിയാണ് മുഷ്ടികളില്‍.
ഞങ്ങള്‍ കീഴടക്കിയ വിധികളാണ് മുഷ്ടികളില്‍.”)

സൃഷ്ടിക്കും പാരസിനും അങ്ങനെ തന്നെ ഭവിക്കട്ടെ.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rennymon K. C. is an independent researcher based in Kottayam, Kerala.

Ira Deulgaonkar

Ira Deulgaonkar is a 2020 PARI intern; she is in the second year of a Bachelor’s degree course in Economics at the Symbiosis School of Economics, Pune.

Other stories by Ira Deulgaonkar