തിരുവനന്തപുരം
ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും യുദ്ധപ്രഖ്യാപനം നടത്തിയതോടെ പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാനാകാതെ ആശയക്കുഴപ്പത്തിൽ ഹൈക്കമാൻഡ്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ലോക്‌ഡൗൺ അവസാനിച്ചാൽ സമവായത്തിന് കേരളത്തിൽ എത്തും. പ്രഖ്യാപനം ഇതിനുശേഷം മതിയെന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചു.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കമുള്ള നേതാക്കളുമായി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും. മൂവരും കടുത്ത പ്രതിഷേധത്തിലാണ്. ഇവരെ അനുനയിപ്പിച്ചശേഷമാകും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുക. ചെന്നിത്തലയെ അപമാനിച്ചിറക്കി വി ഡി സതീശനെ ഏകപക്ഷീയമായി പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാൻഡ് നിലപാട് ഗ്രൂപ്പുനേതാക്കളിലാകെ രോഷമുയർത്തിയിട്ടുണ്ട്. പ്രസിഡന്റുസ്ഥാനത്തേക്കും ഇത്തരം തീരുമാനമെടുത്താൽ താഴേത്തട്ടിൽ സംഘടന ചലിക്കില്ലെന്ന ഭീഷണിയും ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ പ്രഥമ പരിഗണന കെ സുധാകരനാണെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ, ഇതിനെതിരെ ഗ്രൂപ്പുകൾ ഒറ്റക്കെട്ടാണ്. സുധാകരന്റെ ശൈലി ഭാവിയിൽ പാർടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. ഇതോടെ കൊടിക്കുന്നിൽ സുരേഷിന്റെ പേര് ഉയർന്നുവന്നെങ്കിലും ഇപ്പോൾ മറ്റു പല പേരും പരിഗണനയിലുണ്ട്.
സർവേ നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും കെപിസിസി പ്രസിഡന്റിനെ നിയമിക്കുകയെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പുപരാജയം അന്വേഷിച്ച അശോക് ചവാൻ സമിതിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നായിരുന്നു എഐസിസി വൃത്തങ്ങൾ പറഞ്ഞത്. ചൊവ്വാഴ്ച കൈമാറിയ റിപ്പോർട്ടിൽ കേരളത്തിലെ ഗ്രൂപ്പ് പോരും സംഘടനാ ദൗർബല്യവുമാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. സമിതിക്കു മുന്നിൽ ഹാജരാകാൻ പോലുംകെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടാക്കിയിരുന്നില്ല. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിന് ആയില്ലെന്നാണ് ചവാൻ സമിതിയുടെ വിലയിരുത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..