തിരുവനന്തപുരം
കോവിഡ് രണ്ടാംതരംഗത്തിനിടെ ഓൺലൈൻ സ്‌കൂൾ പഠനം ആരംഭിച്ചതോടെ ‘കെഎസ്‌എഫ്‌ഇ വിദ്യാശ്രീ ’ ലാപ്‌ടോപ് വിതരണം വേഗത്തിലെത്തിക്കും. എച്ച്‌ടി, ലെനോവ കമ്പനികളുടെ ലാപ്‌ടോപ്പുകളെത്തിയാൽ ജൂലൈയോടെ എല്ലാ അപേക്ഷകർക്കും നൽകും. വിദേശത്തുനിന്നുള്ള ഘടകവസ്തുക്കൾ നിർമാണത്തിന് ആവശ്യമാണെന്നതിനാൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ തടസ്സമായെന്ന് കെഎസ്‌എഫ്‌ഇ അധികൃതർ പറഞ്ഞു.
4199 ലാപ്‌ടോപ് കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളിൽ എത്തിച്ചിട്ടുണ്ടെങ്കിലും അപേക്ഷകർക്ക് എത്തിച്ചേരാനാകുന്നില്ല. മൂന്നു ദിവസമേ ബ്രാഞ്ചുകൾ തുറക്കുന്നുമുള്ളൂ. കരാർപോലും വയ്ക്കാതെ അപേക്ഷകർക്ക് കൊടുക്കാൻ തയ്യാറാണ് ബ്രാഞ്ചുകൾ. ബസ് ഓടിത്തുടങ്ങിയാൽ അപേക്ഷകരെത്തുമെന്നാണ് പ്രതീക്ഷ. ആകെ 54,000 അപേക്ഷകരുണ്ട്. പ്രതിമാസം 500 രൂപ അടവ് വരുന്ന കെഎസ്‌എഫ്‌ഇ സമ്പാദ്യപദ്ധതിയിൽ മൂന്നുമാസം മുടങ്ങാതെ തവണ അടയ്‌ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് പദ്ധതി.
കെഎസ്‌എഫ്‌ഇ, കുടുംബശ്രീ, ഐടിവകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2020 ജൂണിൽ സർക്കാർ തത്വത്തിൽ തീരുമാനിച്ചെങ്കിലും മാർച്ചിലാണ് ടെൻഡർ നടപടി പൂർത്തിയായത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനികൾ നാല് മാസം സമയം ചോദിച്ചിരുന്നു. മാർക്കറ്റിൽ ലഭ്യമായവയല്ല, വിദ്യാഭ്യാസാവശ്യത്തിനുമാത്രം ഉതകുന്ന ലാപ്‌ടോപ്പുകൾ പ്രത്യേകം നിർമിച്ച് നൽകുകയാണ്. എയ്‌സർ, കൊക്കോനിക്സ് കമ്പനികളുടെ ലാപ്‌ടോപ്പുകളാണ് വിതരണത്തിനെത്തിച്ചത്. 200 എണ്ണം ഉദ്ഘാടന ദിവസം വിതരണം ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..