കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്ന് പണ്ടൊരു പത്രാധിപർ പറഞ്ഞപ്പോൾ വക്താവിന്റെ ജീവിതവിരക്‌തിയല്ല ഇവിടെ കമ്യൂണിസ്റ്റ് ഭരണം അസാധ്യവും അസംഭവ്യവുമാണെന്ന അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസമാണ് വെളിപ്പെട്ടത്. കേരളത്തിൽ പിന്നീട് ഒരുവട്ടമല്ല പലവട്ടം കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നു. എങ്കിലും 1996 വരെ ഒരിക്കലും കാലാവധി തികച്ച് നാട് വാഴാൻ ഇടതുപക്ഷത്തിന് ആയില്ല. തുടർന്ന് മാറി മാറി മൂന്നുവട്ടം അവർ കേരളം ഭരിച്ചു. ഇപ്പോഴാകട്ടെ 77 ലെ അപവാദമൊഴിച്ചാൽ മുന്നണികളെ ഊഴമിട്ട് വരിക്കാൻ കൗതുകം കാട്ടിയ കേരള ജനത ഇടതുപക്ഷത്തിന് ഇടവേളയില്ലാതെ രണ്ടാംവട്ടവും ഭരണം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മിക്കവരും പുതുമുഖങ്ങളായ 21 അംഗ മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്‌തിരിക്കുന്നു. നിയമസഭ സമ്മേളിച്ച് സഭാനാഥനെ തെരഞ്ഞെടുത്ത് ബജറ്റ് അവതരിപ്പിക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്‌തിട്ടും ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കാനിടയാക്കിയ രാഷ്ട്രീയ സമവാക്യങ്ങളെ സംബന്ധിച്ച് തീക്ഷ്‌ണമായ സംവാദങ്ങൾ തുടരുകയാണ്. വോട്ടർമാരെ വർഗീയമായി ധ്രുവീകരിച്ചാണ് ഇടതുപക്ഷം ജയിച്ച് കയറിയതെന്നു പറഞ്ഞ് ഏറ്റുവാങ്ങിയ നാണംകെട്ട പരാജയം ന്യായീകരിക്കാൻ ശ്രമിക്കുന്ന യുഡിഎഫിന്റെ വാദങ്ങൾ അവഗണിക്കാനാകും. എന്നാൽ, കേരളത്തിലെ ഇടതുപക്ഷത്തിന്റെ ‘സ്വഭാവ പരിണാമ’മാണ് അവരുടെ വിജയഹേതുവെന്നും ‘സംസ്ഥാന രാഷ്ട്രീയത്തിന്റെതന്നെ സ്വഭാവത്തിലും പ്രയോഗത്തിലും മൗലികമായ മാറ്റം വന്നതിന്റെ ലക്ഷണമാണ് ഈ അപൂർവസംഭവമെന്നും’ വാദിക്കുന്ന ബാർട്ടൺ ക്ലീറ്റസിനെ (ദ ഹിന്ദു) പോലുള്ളവരുടെ നിരീക്ഷണങ്ങൾ പരിഗണനയും പരിശോധനയും അർഹിക്കുന്നുണ്ട്.
മുമ്പൊക്കെ ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യംമാത്രം കണക്കിലെടുത്തപ്പോൾ 2016ൽ ആ പതിവ് തെറ്റിച്ച് ഏവർക്കും സ്വീകാര്യമായ പദ്ധതികൾ നടപ്പാക്കിയ പിണറായി സർക്കാർ കോൺഗ്രസ് പിന്തുടർന്ന സമീപനവും ഭരണശൈലിയും പിടിച്ചെടുത്ത് അവരെ നിരായുധരാക്കുകയാണ് ചെയ്‌തതെന്ന് ബാർട്ടൺ ചൂണ്ടിക്കാട്ടുന്നു. അതായത്, തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചെങ്കിലും രാഷ്ട്രീയമായി വിജയംകൊയ്‌തത് വലതുപക്ഷമായിരുന്നു എന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്. ഇടതുപക്ഷം കൈവരിച്ച ഗംഭീര നേട്ടത്തിന്റെ മാറ്റ് കുറച്ചുകാട്ടാനും അന്യഥാ നിർഭരമായ നിരാശയിൽ മുങ്ങിത്താഴുന്ന യുഡിഎഫിനെ സമാശ്വസിപ്പിക്കാനുമാണ് ബാർട്ടൺ ക്ലീറ്റസ് പാടുപെടുന്നത്.
വർഗസമരത്തിൽനിന്ന് വർഗസമന്വയത്തിലേക്ക് ഇടതുപക്ഷം നീങ്ങിയത് കേരളീയ സമൂഹത്തിൽ മധ്യവർഗത്തിന് ഭൂരിപക്ഷം കൈവന്ന സാഹചര്യത്തിന്റെ സമ്മർദംകൊണ്ടാകാമെന്നും അദ്ദേഹം പറയുന്നു. ബാർട്ടൺ ക്ലീറ്റസിന്റെ ഈ ആഖ്യാനത്തിനകത്ത് ഏറെ പൊരുത്തക്കേടും യുക്തിഭംഗങ്ങളും ഉണ്ട്. ഉദാഹരണത്തിന് കോൺഗ്രസിന്റെ നയവും ശൈലിയും സ്വീകരിച്ചതുകൊണ്ടാണ് ഇടതുപക്ഷത്തിന് തുടർവിജയം ലഭിച്ചതെങ്കിൽ ആ നയത്തിന്റെ പേറ്റന്റ് കൈവശമുള്ള കോൺഗ്രസിന് തുടർച്ചയായി പരാജയം ഭക്ഷിക്കേണ്ടിവന്നതിന്റെ കാരണംകൂടി പറയേണ്ടി വരും. ‘ഒർജിനൽ’ ഉള്ളപ്പോൾ ‘ഡ്യൂപ്ലിക്കേറ്റി’ന് ഡിമാൻഡ് വർധിക്കുന്നതിന്റെ യുക്തിയെന്താണ്. ഒന്നാം പിണറായി മന്ത്രിസഭ വർഗ സഹകരണമാണ് ലക്ഷ്യംവച്ചതെന്ന് പറഞ്ഞിട്ട് ഇടതുഭരണം അഭിസംബോധന ചെയ്‌തത് മധ്യവർഗത്തിന്റെ അഭിലാഷങ്ങളെയാണെന്ന് എഴുതുന്നതിലും പൊരുത്തക്കേടുണ്ട്.
എന്നാൽ, കോൺഗ്രസിന്റെ നയങ്ങളാണ് ഇടതുപക്ഷം നടപ്പാക്കിയതെന്ന വാദം ഒരു പരിധിവരെ ശരിയാണ്. അത് അദ്ദേഹം കരുതുംപോലെ ഒരു ‘പാരഡൈം ഷിഫ്‌റ്റ്’ (വലിയമാറ്റം) അല്ല. രാജ്യത്ത് കമ്യൂണിസ്റ്റുകാർ ആദ്യം അധികാരത്തിൽ വന്ന 1957ൽ അന്നത്തെ മുഖ്യമന്ത്രി തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കമ്യൂണിസ്റ്റ് കാര്യപരിപാടിയല്ല, കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തതും എന്നാൽ നടപ്പാക്കാത്തതുമായ പദ്ധതികളാണ് പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുക എന്ന് പ്രസ്‌താവിക്കുകയുണ്ടായി. തുടർന്നു വന്ന ഇടതുപക്ഷ സർക്കാരുകൾ ഈ നിലപാടാണ് പിന്തുടർന്നത്. പാർലമെന്ററി ജനാധിപത്യത്തിന്റെ പരിമിതികളെപ്പറ്റി നല്ല ബോധ്യമുള്ളപ്പോൾത്തന്നെ അതിന്റെ സാധ്യതകളെ ജനങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്തണമെന്നുതന്നെയാണ് കമ്യൂണിസ്റ്റുകാർ കണ്ടത്.
ഭൂപരിഷ്‌കരണവും വിവിധങ്ങളായ സാമൂഹ്യക്ഷേമ പദ്ധതികളുമെല്ലാം ഇച്ഛാശക്തിയും പ്രതിബദ്ധതയുമുണ്ടെങ്കിൽ ഈ ഘടനയ്‌ക്കകത്തുതന്നെ ചെയ്‌തുതീർക്കാവുന്ന മിനിമം പരിപാടികളാണെന്ന് കമ്യൂണിസ്റ്റുകാർ തെളിയിക്കുകയുണ്ടായി. കേരളത്തിലെ മധ്യവർഗത്തോട് ഇടതുപക്ഷം സഹാനുഭൂതി കാട്ടിയെങ്കിൽ അത് ഒരു കുറ്റകൃത്യമല്ല. ഇംഗ്ലണ്ടിലെ മിഡിൽ ക്ലാസുകളെക്കുറിച്ചുള്ള മാർക്‌സിന്റെ കമന്റുകൾ വലിച്ചുനീട്ടി മധ്യവർഗ മലയാളികളെ വിലയിരുത്തുന്നതും ശരിയാകില്ല. ഇവിടെ ഇടത്തരക്കാരിലധികം പോയ ദശകങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗത്തിന്റെതന്നെ ഉൽപ്പന്നങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ചൂഷിത ജനതയുടെ വർഗബോധവും വർഗ ഐക്യവും വർഗസമരവും വികസിപ്പിച്ചാണ് ഇടതുപക്ഷ രാഷ്ട്രീയം കരുത്താർജിക്കുന്നത്. വർഗാവബോധം വർഗീയതയായി, വർഗസമരം വർഗീയകലാപമായി വഴിതിരിച്ചുവിട്ടാണ് വലതുപക്ഷം വളരുന്നത്. ഇവിടെ ഇടതുപക്ഷത്തെ നേരിടാൻ 1959 ലെ വിമോചനസമരകാലംമുതൽ ആ മാർഗത്തിൽതന്നെയാണ് വലതുപക്ഷം സഞ്ചരിച്ചത്. 2016ൽ യുഡിഎഫും ബിജെപി–- ബിഡിജെഎസ് സഖ്യവും പരസ്‌പരം സഹകരിച്ച് മലയാളികളെ ന്യൂനപക്ഷവും ഭൂരിപക്ഷവുമായി വിഭജിച്ച് ഇടതുപക്ഷത്തിന് ശവക്കുഴി തോണ്ടാനാണ് കൊണ്ടുപിടിച്ചത്. എന്നാൽ, പശ്ചിമ ബംഗാളിൽ മോഡിയും മമതയും വിജയകരമായി നടപ്പാക്കിയ ആ പദ്ധതി ഇവിടെ പച്ചപിടിച്ചില്ല. 2021ൽ എത്തുമ്പോൾ എല്ലായിടത്തും മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തുമെല്ലാം ഇടതുപക്ഷമുന്നേറ്റം സംദൃശ്യമായി. കേരളത്തിന്റെ തെക്കും വടക്കും അവർ ജയിച്ചുകയറി. അധികാരത്തിൽ തിരിച്ചെത്തുമെന്ന് സ്വപ്‌നംകണ്ട് നടന്ന യുഡിഎഫ് എട്ടു നിലയിലാണ് പൊട്ടിയത്. ബിജെപിക്കും പറയാനുള്ളത് കദനരസം കരകവിയുന്ന കഥകളാണ്. അധികാരവും അളവറ്റ സമ്പത്തും ‘കാമ ക്രോധ ലാഭ മോഹ സൈന്യങ്ങളുമായി’ കേരളം പിടിക്കാൻ വന്ന സംഘപരിവാറിന്, നാരായണഗുരുവിന്റെ ഈ നാട്ടിൽ സംഭവിച്ചത് സമ്പൂർണ പരാജയമായിരുന്നു. ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രാചരണ വിജയമാക്കിയ ശബരിമല പ്രശ്‌നം, തെരഞ്ഞെടുപ്പിനുശേഷം ലോകനീതി–- സിഎസ്‌ഡിഎസ് നടത്തിയ സർവേ അനുസരിച്ച് വെറും ഒരു ശതമാനം വോട്ടർമാരെയാണ് സ്വാധീനിച്ചത്. വർഗീയതയുടെ വിത്തുവിതച്ച് വിളവെടുക്കാൻ കാട്ടിക്കൂട്ടിയ ബിജെപി–- യുഡിഎഫ് കൂട്ടുകൃഷി കമ്പനി പൊളിഞ്ഞ് പാപ്പരായ വിവരമാണ് കേരളത്തിലെ ജനവിധി പരസ്യപ്പെടുത്തിയത്.
ഈ തെരഞ്ഞെടുപ്പിൽ അറുപതിലധികം ശതമാനം വോട്ടർമാരും പരിഗണിച്ചത് ജാതിമത സങ്കുചിത താൽപ്പര്യങ്ങളല്ല, രാഷ്ട്രീയമാണെന്ന് എല്ലാ സർവേകളും കണ്ടെത്തുകയുണ്ടായി. സ്‌ത്രീകളിലും യുവജനങ്ങളിലും ഭൂരിപക്ഷവും ഇടതുപക്ഷത്തോട് ഒപ്പംനിന്നു. ന്യൂനപക്ഷങ്ങളിലും ദളിത് പിന്നോക്ക വിഭാഗങ്ങളിലും അധികംപേരും ആഭിമുഖ്യം പ്രകടിപ്പിച്ചത് ഇടതുപക്ഷത്തോടായിരുന്നു. സവർണരിലും സമ്പന്നരിലും തങ്ങളുടെ പരമ്പരാഗത മേൽക്കോയ്‌മ നിലനിർത്താൻമാത്രം യുഡിഎഫിനായി. ലോകനീതി–- സിഎസ്‌ഡിഎസ് സർവേയിൽ ‘ദരിദ്രരിലും താഴ്‌ന്ന ഇടത്തരക്കാരിലും’ ഇടതുപക്ഷത്തിന് വൻ പിന്തുണയുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ, ധനികവർഗവും ഇടത്തരം വിഭാഗത്തിലെ മേൽത്തട്ടുകാരും ഈ ഇടതുപക്ഷതരംഗത്തിലും വലതുപക്ഷത്തോടൊപ്പം കാലുറപ്പിച്ചുനിന്നു. അപ്പോൾ വർഗീയമോ ജാതീയമോ പ്രാദേശികമോ ആയ പിന്തുണയല്ല സമുദായ ദേശ വ്യത്യാസമില്ലാതെ പാവപ്പെട്ടവരുടെയും കീഴത്തട്ടുകാരുടെയും അചഞ്ചലമായ അനുഭാവവും സമ്മതിയുമാണ് ഇടതുപക്ഷത്തിന്റെ ഈ ചരിത്രവിജയം സാധ്യമാക്കിയതെന്ന കാര്യം സുവ്യക്തമാണ്. ജനങ്ങളെ വർഗീയമായി വിഭജിക്കാൻ ശ്രമിച്ചവർ തോറ്റുപോയപ്പോൾ കടുത്ത പരീക്ഷണങ്ങളുടെ കനലാടിയിട്ടും കരിഞ്ഞുപോകാത്ത മലയാളിയുടെ വർഗബോധം വെന്നിക്കൊടി നാട്ടുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..