തിരുവനന്തപുരം
ഗുജറാത്ത് മോഡൽ കാവിവൽക്കരണമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് രാജ്യസഭയിലെ സിപിഐ എം കക്ഷിനേതാവ് എളമരം കരീം എംപി. ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്‌മിനിസ്‌ട്രേറ്ററെ കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരളത്തിലെ എൽഡിഎഫ് എംപിമാർ രാജ്‌ഭവനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്‌മിനിസ്‌ട്രേറ്ററുടെമാത്രം തീരുമാനമല്ല, കേന്ദ്രഭരണ നേതൃത്വം ആലോചിച്ച് ഉറപ്പിച്ച കാര്യങ്ങളാണ് ലക്ഷദ്വീപിൽ നടത്തുന്നത്. ഇതിനായാണ് ആദ്യമായി മോഡിയുടെയും ഷായുടെയും വിശ്വസ്‌തനായ രാഷ്ട്രീയനേതാവിനെ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്ററാക്കിയത്. അഡ്‌മിനിസ്‌ട്രേറ്റർ ജനാധിപത്യവ്യവസ്ഥയെ പുച്ഛിക്കുകയാണ്. കൂടിയാലോചനയോ പഠനമോ ഇല്ലാതെ നിബന്ധന അടിച്ചേൽപ്പിക്കുന്നു. ജനവാസമുള്ള ദ്വീപുകളെ ഉൾപ്പെടെ കോർപറേറ്റുകളെ ഏൽപ്പിക്കാനാണ് നീക്കം. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഉജ്വല പങ്കുവഹിച്ച ജനതയെ സ്വന്തം നാട്ടിൽനിന്ന് ആട്ടിയോടിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ പോയാൽ രോഹിംഗ്യൻ അഭയാർഥികളെപ്പോലെ ലക്ഷദ്വീപ് ജനത അലയേണ്ടിവരും. അദ്ദേഹം പറഞ്ഞു.
ബിനോയ് വിശ്വം എംപി അധ്യക്ഷനായി. എംപിമാരായ എം വി ശ്രേയാംസ് കുമാർ, തോമസ് ചാഴികാടൻ, എ എം ആരിഫ്, വി ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എംപിമാരെ ഷാൾ അണിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..