01 June Tuesday

ദ്വീപിലെ രോഗികള്‍ക്കായുള്ള ഹെലികോപ്ടര്‍ സൗകര്യം: മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

കൊച്ചി > ലക്ഷദ്വീപില്‍ നിന്നുള്ള  രോഗികള്‍ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള ചികില്‍സാ സൗകര്യത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രോഗികള്‍ക്ക് ഹെലികോപ്റ്റര്‍ സൗകര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

നിയന്ത്രണങ്ങള്‍ ചികിത്സ ലഭിക്കാനുള്ള അവകാശങ്ങളുടെ ലംലനമാണന്ന് ചൂണ്ടിക്കാട്ടി ദ്വീപ് നിവാസിയായ മൊഹമ്മദ് സാലിഹ് ആണ് കോടതിയെ സമീപിച്ചത്. ചികിത്സിക്കുന്ന ഡോക്ടറുടെ ശുപാര്‍ശയില്‍ നേരത്തെ എയര്‍ ആമ്പുലന്‍സ് സൗകര്യം ലഭ്യമായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രം ഹെലികോപ്റ്റര്‍ അനുവദിച്ചാല്‍ മതിയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കുകയായിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന് സമയമെടുക്കുമെന്നും കാലതാമസം രോഗിയുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

തൃശൂരിലെ ദയ ആശുപത്രിയുമായി സഹകരിച്ച് വിഭഗ്ദ്ധരടക്കം 94 ഡോക്ടര്‍മാരുടെ സേവനം ദ്വീപുകളില്‍ ലഭ്യമാക്കിയിട്ടുണ്ടന്നും അതിനാലാണ് പുതിയ നിബന്ധന കൊണ്ടുവന്നതെന്നും ദ്വീപ് ഭരണകൂടം വിശദീകരിച്ചു. ഡോക്ടര്‍മാരുടെ സമിതിക്ക് വിവരം ലഭിച്ചാല്‍ അംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടതിനു ശേഷം ഉടന്‍ തിരുമാനമെടുക്കുന്നുണ്ട്.  ഇതില്‍ കാലതാമസം ഉണ്ടായിട്ടില്ലന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. പുതിയ ഉത്തരവിനു ശേഷം 5 രോഗികളെ എയര്‍ ആമ്പുലന്‍സില്‍ കൊച്ചിയില്‍ ചികിത്സക്ക് എത്തിച്ചതായും അഭിഭാഷകന്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top