01 June Tuesday

അനിശ്‌ചിതത്വം ഒഴിഞ്ഞു ; കോപ ബ്രസീലിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021


ബ്യൂണസ്‌ ഐറിസ്‌
കോപ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിന്‌ ബ്രസീൽ വേദിയാകും. വേദി സംബന്ധിച്ച അനിശ്‌ചിതത്വങ്ങൾക്കൊടുവിലാണ്‌ ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ ബ്രസീലിനെ പരിഗണിച്ചത്‌. ഈ മാസം 13 മുതൽ ജൂലൈ 10 വരെയാണ്‌ ടൂർണമെന്റ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വേദികളും മത്സരക്രമവും ഉടൻ പ്രഖ്യാപിക്കും.

കേവലം 12 ദിനം മാത്രം ശേഷിക്കെ  ടൂർണമെന്റ്‌ ആതിഥേയരായ അർജന്റീനയെ കോവിഡ്‌ വ്യാപനം കാരണം വേദിപ്പട്ടികയിൽ ഒഴിവാക്കിയിരുന്നു. ഇതോടെ തുടങ്ങാൻ രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ വൻ പ്രതിസന്ധിയിലുമായി കോപ. തുടർന്നാണ്‌ ബ്രസീലിൽ നടത്താൻ തീരുമാനിച്ചത്‌.

കോവിഡ്‌ കാരണം കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂർണമെന്റ്‌ ഈ വർഷത്തേക്ക്‌ മാറ്റുകയായിരുന്നു. അർജന്റീനയും കൊളംബിയയുമായിരുന്നു സംയുക്ത ആതിഥേയർ. എന്നാൽ രാഷ്‌ട്രീയ അനിശ്‌ചിതാവസ്ഥ തുടരുന്ന കൊളംബിയയെ ആദ്യംതന്നെ വേദിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കി. അർജന്റീനയിൽ മാത്രം നടത്താനായിരുന്നു തീരുമാനം. എന്നാൽ നിലവിൽ ലാറ്റിനമേരിക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന രാജ്യമാണ്‌ അർജന്റീന. ഈ സാഹചര്യത്തിൽ അർജന്റീനയിൽ ടൂർണമെന്റ്‌ നടത്തുന്നത്‌ സുരക്ഷിതമല്ലെന്ന്‌ വിലയിരുത്തലുണ്ടായി. തുടർന്നാണ്‌ വേദി ഒഴിവാക്കിയത്‌.

പരിഗണ നൽകേണ്ടത്‌ മനുഷ്യരുടെ ആരോഗ്യത്തിനെന്നായിരുന്നു ഉറുഗ്വേൻ ഫുട്‌ബോൾ താരം ലൂയിസ്‌ സുവാരസിന്റെ പ്രതികരണം. 2016ൽ ആതിഥേയരായ അമേരിക്കയെ ആദ്യം പരിഗണിച്ചിരുന്നു. ബ്രസീലാണ്‌ നിലവിലെ ചാമ്പ്യൻമാർ. 2019ൽ നടന്ന ടൂർണമെന്റിലാണ്‌ ബ്രസീൽ ചാമ്പ്യൻമാരായത്‌. ഇക്കുറി 10 ടീമുകളാണ്‌. രണ്ട്‌ ഗ്രൂപ്പുകൾ.
എ ഗ്രൂപ്പിൽ ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല ടീമുകളാണ്‌. അർജന്റീന, ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ, ചിലി ടീമുകളാണ്‌ ബി ഗ്രൂപ്പിൽ. ഇരു ഗ്രൂപ്പുകളിലെയും ആദ്യ നാല്‌ ടീമുകൾ ക്വാർട്ടറിലേക്ക്‌ മുന്നേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top