01 June Tuesday

ക്ഷീരദിനവും പുതിയ പ്രതീക്ഷകളും - ഡോ. എൻ അജയൻ എഴുതുന്നു

ഡോ. എൻ അജയൻUpdated: Tuesday Jun 1, 2021


ജൂൺ ഒന്ന്‌ ലോക ക്ഷീരദിനം. സമീകൃതാഹാരമെന്ന നിലയിൽ പുകൾപെറ്റ പാലിന്റെ സവിശേഷത കണക്കിലെടുത്ത് ആഗോളതലത്തിൽ ലോകാരോഗ്യസംഘടനയുടെ ആഹ്വാനമനുസരിച്ച് ഫുഡ് ആൻഡ്‌ അഗ്രികൾച്ചർ ഓർഗനൈസേഷൻ 2001 മുതൽ ജൂൺ 1 ലോക ക്ഷീരദിനമായി ആചരിച്ചുവരുന്നു.

ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, അയഡിൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പാൽ. ആയിരത്താണ്ടുകൾക്കുമുമ്പുതന്നെ, ക്ഷീരസമൃദ്ധി അന്തസ്സിന്റെ പര്യായവും ഐശ്വര്യത്തിന്റെ ചിഹ്നവുമായിരുന്നു. വിവിധ മതങ്ങളുടെ ദർശനങ്ങളിലും പാൽതരുന്ന മൃഗങ്ങൾ, പശു ആയാലും ആടായാലും ഒട്ടകമായാലും സമ്പന്നതയുടെ അളവുകോലായിരുന്നു. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണമേന്മ തൊട്ടറിഞ്ഞ് അതിന് പ്രചുര പ്രാധാന്യം നൽകുകയും ക്ഷീരമേഖലയുടെ ക്രമാനുഗതമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ പാലിനെ ദേശീയ ആഹാരപദവിയിലേക്ക് ഉയർത്തുകയുമാണ്‌ ക്ഷീരദിനം ലക്ഷ്യമിടുന്നത്.

പശുവളർത്തൽ ഒരു ഉപതൊഴിൽ എന്നതിലുപരി ഒരു മുഖ്യ ജീവനോപാധിയെന്ന നിലയിൽ ഗ്രാമസമൃദ്ധിയെ എത്രത്തോളം സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിടാൻ ശാസ്ത്രീയരീതികൾ അവലംബിക്കുന്ന ഇക്കാലത്ത് പാലിന്റെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നുണ്ടെങ്കിലും ആശ്വാസകരമല്ല. പാലുൽപ്പാദനം 2011–-12ൽ 27.168 ലക്ഷം ടൺ ആയിരുന്നെങ്കിൽ ഇന്നത് 25.42 ലക്ഷം ടണ്ണിലെത്തിനിൽക്കുന്നു. ഈ ക്ഷീരസമൃദ്ധിക്കു പിന്നിൽ മൃഗസംരക്ഷണ–- ക്ഷീരവികസന വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്ഷീണപ്രയത്നമുണ്ട്.

1960 കളിലും മറ്റും സാധാരണക്കാരായ പാവപ്പെട്ടവർക്കും പാൽ ഒരവശ്യ ഘടകമാക്കാൻ കഴിഞ്ഞിരുന്നില്ല. ക്ഷീരവികസനവും മൃഗസംരക്ഷണവും ജനകീയ സംരംഭങ്ങൾ ആയതോടെ കൂടുതൽ ക്ഷീരകർഷകർ പാൽ എന്ന വിപണന വസ്തു ഉപയോഗിച്ച് ഒരു വൻ കാർഷികവ്യവസായം കെട്ടിപ്പടുത്തു. ദിവസവും രണ്ടുനേരം ലാഭം തരുന്ന ആധുനിക വ്യവസായമായി അത്‌ മാറി.  സങ്കരയിനം പാലുൽപ്പാദനത്തിൽ മികവ്‌ പുലർത്തുന്നവയാണ്. സുസ്ഥിരവികസനത്തിലൂടെ പരിസ്ഥിതിസൗഹൃദമായരീതിയിൽ സാമൂഹ്യ സാമ്പത്തിക ഗുണനിലവാരത്തിലൂടെ ക്ഷീരമേഖലയെ സമ്പുഷ്ടമാക്കുകയാണ് ഇത്തവണത്തെ ലോകക്ഷീരദിന സന്ദേശം. കേരളത്തിലെ 3635 ക്ഷീരസംഘം മൊത്തം പാലുൽപ്പാദനത്തിന്റെ (25.42 ലക്ഷം ടൺ) 27 ശതമാനം പാൽ സംഭരിച്ചുവരുന്നു.  ലോക ക്ഷീരദിനത്തിൽ വിവിധ ക്ഷീരകർഷക ബോധവൽക്കരണ പരിപാടികൾ ലോകത്തിന്റെ വിവിധ കോണുകളിൽ അരങ്ങേറുകയാണ്. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഉൽപ്പാദനവും ഉപഭോഗവും കൂടുതൽ മെച്ചപ്പെടുത്താൻ നമുക്കൊന്നിക്കാം.

(മൃഗസംരക്ഷണവകുപ്പ് റിട്ട. ജോയിന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top