02 June Wednesday

ബിജെപി ഫണ്ട്‌ വെട്ടിപ്പ്‌ : പ്രത്യേക അന്വേഷണവുമായി ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021


കോഴിക്കോട്‌
ബിജെപി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വെട്ടിപ്പിലും  കൊടകര കുഴൽപ്പണ കവർച്ചാക്കേസിലും സമാന്തര അന്വേഷണവുമായി ആർഎസ്‌എസ്‌. ബിജെപിയിലെയും ആർഎസ്‌എസിലെയും  ഒരുവിഭാഗം നേതാക്കൾ തട്ടിപ്പിലും കുഴൽപ്പണ കവർച്ചാ നാടകത്തിലും പങ്കാളികളാണെന്ന്‌ ബോധ്യപ്പെട്ടതിന്റെ  അടിസ്ഥാനത്തിലാണിത്‌.  സംഘപരിവാറിന്‌ അപമാനമായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താനെന്ന പേരിലാണ്‌ ആഭ്യന്തര അന്വേഷണം. ആർഎസ്‌എസ്‌ സഹപ്രാന്ത പ്രചാരക്‌  വിനോദിനാണ്‌ അന്വേഷണ ചുമതല.

കള്ളപ്പണബന്ധമുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ടിനെച്ചൊല്ലി ആർഎസ്‌എസ്‌ –-ബിജെപി നേതൃത്വങ്ങൾ തമ്മിൽ മൂർച്ഛിക്കുന്ന ഭിന്നതയുടെ ഭാഗമാണ്‌ സമാന്തര അന്വേഷണം.   കേസിൽ രക്ഷപ്പെടാൻ ബോധപൂർവം ആർഎസ്‌എസിന്റെ പേര്‌ വലിച്ചിഴച്ചുവെന്നാണ്‌ പ്രമുഖ നേതാക്കളുടെ അഭിപ്രായം.  പരാതി നൽകിയ കോഴിക്കോട്ടെ കരാറുകാരനായ ധർമരാജനെയടക്കം ആർഎസ്‌എസ്‌ തള്ളി. ആർഎസ്‌എസ്‌ നോമിനിയായ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ പൊലീസ്‌ ചോദ്യംചെയ്‌തിരുന്നു. ഇതോടെയാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിന്‌ പൊള്ളിയത്‌. പ്രാന്തപ്രചാരകരിൽ ചിലരെക്കൂടി പൊലീസ്‌ ചോദ്യംചെയ്യുമോ എന്ന ഭയവുമുണ്ട്‌.  

കേന്ദ്രസഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും നയിക്കുന്ന ഗ്രൂപ്പിന്റെ പ്രവർത്തന ശൈലിയിൽ ആർഎസ്‌എസ്‌ നേതാക്കൾക്ക്‌ നേരത്തെ മതിപ്പില്ല.  സുരേന്ദ്രനടക്കം പ്രതിക്കൂട്ടിലായ  സാഹചര്യത്തിൽ ആർഎസ്‌എസ്‌ നടത്തുന്ന രഹസ്യാന്വേഷണത്തിന്‌ വലിയ പ്രാധാന്യവും കൽപ്പിക്കുന്നു. അതേസമയം മുഖംരക്ഷിക്കാനുള്ള ആർഎസ്‌എസ്‌ നീക്കമായാണ്‌ ബിജെപിയിലെ പ്രമുഖർ അന്വേഷണത്തെ കാണുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top