01 June Tuesday

അടുക്കളയും സെറ്റാക്കി ; വോളിബോൾ താരം കെ എസ്‌ ജിനി 
ലോക്ക്ഡൗൺ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

ജിജോ ജോർജ്Updated: Tuesday Jun 1, 2021

കെ എസ്‌ ജിനി ഭർത്താവ്‌ അഖിലിനൊപ്പം

കേരള വോളിബോൾ ടീം നായികയും കെഎസ്‌ഇബി താരവുമായ കെ എസ്‌ ജിനി ഇന്ത്യകണ്ട  മികച്ച സെറ്റർമാരിലൊരാളാണ്‌. ജിനി കോവിഡ്, 
ലോക്ക്ഡൗൺ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിൽ എത്തിയതാണ്‌. 11 വർഷം കഴിഞ്ഞ്‌ 2020ൽ ആദ്യ ലോക്ക്‌ഡൗൺ കാലത്താണ്‌ തുടർച്ചയായി രണ്ടരമാസം വീട്ടിൽ നിൽക്കുന്നത്‌. വർഷങ്ങളായി ഹോസ്‌റ്റലുകളിൽ തന്നെയായിരുന്നതിനാൽ പാചകത്തിൽ അത്ര മിടുക്കിയായിരുന്നില്ല. എന്നാൽ രണ്ട്‌ ലോക്‌ഡൗൺ കാലങ്ങളിലായി കുറേ ദിവസം വീട്ടിൽ വന്ന്‌ നിൽക്കാൻ കഴിഞ്ഞതിനാൽ പാചകം ചെയ്യാൻ ഒരുവിധം പഠിച്ചു.

ആദ്യ ലോക്‌ഡൗൺ കാലത്താണ്‌ കൂടുതൽ സമയം വീട്ടിൽ നിന്നത്‌.  കണ്ണേട്ടന്റെ(ഭർത്താവ്‌ അഖിൽ) എറണാകുളം നോർത്ത്‌ പറവൂരിലെ ചിറ്റാറ്റുക്കരയിലെ വീട്ടിലായിരുന്നു. രാവിലെയും വൈകിട്ടും സ്ഥിരമായി വ്യായാമം ചെയ്‌തിരുന്നു. ഒറ്റക്കാണെങ്കിലും ബോൾ ഉപയോഗിച്ച്‌ ചെയ്യാനുള്ള ഒരുപാട്‌ സ്‌കിൽസ്‌ കെഎസ്‌ഇബിയുടെ പഴയ പരിശീലകൻ  സണ്ണിസാറും(സണ്ണി ജോസഫ്‌) ഇപ്പോഴത്തെ പരിശീലക പ്രജിഷേച്ചി(എം കെ പ്രജിഷ)യും പഠിപ്പിച്ചു തന്നിട്ടുണ്ട്‌. വീടിന്റെ ചുവരിന്റെ സഹായത്തോടെയായിരുന്നു കൂടുതലും പരിശീലനം. ലോക്ക്‌ഡൗണിൽ ഇളവ്‌ വന്നതോടെ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയെങ്കിലും കാര്യമായി മത്സരങ്ങളൊന്നുമുണ്ടായില്ല. ഈ മാർച്ചിൽ ഒഡീഷയിലെ ഭുവനേശ്വറിൽ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പാണ്‌ ആകെ നടന്ന പ്രധാന ടൂർണമെന്റ്‌. അതിൽ കേരളത്തെ നയിക്കാനുള്ള ഭാഗ്യം എനിക്ക്‌ കിട്ടി. ഫൈനലിൽ റെയിൽവേസിനെ കീഴടക്കി തുടർച്ചയായി മൂന്നാം തവണയും ജേതാക്കളാകാൻ കഴിയുഞ്ഞുവെന്നത്‌ സന്തോഷകരമാണ്‌. കോവിഡ്‌ ആർടിപിസിആർ ടെസ്‌റ്റ്‌ ചെയ്‌ത്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുമായാണ്‌ ഭുവനേശ്വറിന്‌ പോയത്‌.  ദേശീയ ചാമ്പ്യൻഷിപ്പിന്‌ മുമ്പുള്ള ജില്ലാ, സൗത്ത്‌ സോൺ, സംസ്ഥാന സൂപ്പർ സോൺ മത്സരങ്ങളുമുണ്ടായിരുന്നു. മേയിൽ ഫെഡറേഷൻ കപ്പ്‌ ഉണ്ടാകുമെന്ന്‌ ദേശീയ ചാമ്പ്യൻഷിപ്പിന്റെ സമയത്ത്‌ പറഞ്ഞ്‌ കേട്ടിരുന്നു. എന്നാൽ  കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ എല്ലാം ലോക്കായി.

ഞങ്ങൾ ഒമ്പത്‌ പേരും കെഎസ്‌ഇബിയിലാണ്‌ ജോലി ചെയ്യുന്നതെങ്കിലും സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(സായി)യുടെ എക്‌സലൻസ്‌ സ്‌കീമിൽ ഉൾപ്പെടുന്നവരാണ്‌. അതുകൊണ്ടുതന്നെ താമസവും ഭക്ഷണവുമെല്ലാം സായി ഹോസ്‌റ്റലിൽ നിന്നാണ്‌. ഇത്തവണ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ ചെറിയ നിയന്ത്രണങ്ങൾ വന്നപ്പോൾ തന്നെ സായി ഹോസ്‌റ്റൽ അടച്ചു. ഒരു മാസമായി തിരുവനന്തപുരത്ത്‌ ഒരു വീട്‌ വാടകക്കെടുത്താണ്‌ ഞങ്ങൾ നിന്നിരുന്നത്‌. എന്നാൽ സംസ്ഥാനത്താകെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ പോകാൻ അനുമതി നൽകി. ശാരീരിക ക്ഷമത നിലനിർത്താനുള്ള വ്യായാമങ്ങൾ എല്ലാ ദിവസവും ചെയ്യുന്നുണ്ടായിരുന്നു. വ്യാഴാഴ്‌ച ഞങ്ങൾ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top