31 May Monday

എടപ്പാൾ മേൽപ്പാലം നിർമാണം വേഗത്തിൽ 
പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday May 31, 2021


എടപ്പാൾ
എടപ്പാള്‍ മേല്‍പ്പാലം നിർമാണം എത്രയും വേഗത്തില്‍ പൂർത്തിയാക്കി  ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 80 ശതമാനം പൂര്‍ത്തിയായ പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താൻ എടപ്പാളിലെത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രധാന പ്രവൃത്തികളില്‍ ഒന്നാണ് എടപ്പാള്‍ മേല്‍പ്പാലം. ഏറ്റവും വേഗത്തില്‍ നിർമാണം പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഏഴ് സ്പാനില്‍ അഞ്ച്‌ എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ബാക്കി രണ്ട് സ്പാനുകള്‍ പൂര്‍ത്തിയാക്കാനായി  ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തിലിരിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കി പുതിയവ ഏറ്റെടുക്കുകയുമാണ് സര്‍ക്കാര്‍ സമീപനം.

ജനങ്ങള്‍ക്ക് വകുപ്പുമായി നേരിട്ട് ബന്ധപ്പെടാന്‍ ജൂണ്‍ ഏഴുമുതല്‍ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വരും. റോഡില്‍ കുഴിയോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ വീഡിയയോ ഫോട്ടോയോ എടുത്ത് ആപ്പിലൂടെ റിപ്പോർട്ട്‌ ചെയ്യാം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ വകുപ്പ് മന്ത്രിയെ നേരിട്ട്‌ പരാതി അറിയിക്കാനുള്ള സൗകര്യം ഒരുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top