“കര്‍ഷകനായുള്ള എന്‍റെ 21 വര്‍ഷത്തെ ജീവിതത്തില്‍ ഇത്തരം ഒരു പ്രതിസന്ധി ഞാന്‍ അഭിമുഖീകരിച്ചിട്ടില്ല”, ചിത്തര്‍കാട് ഗ്രാമത്തിലെ തണ്ണിമത്തന്‍ കര്‍ഷകനായ എ. സുരേഷ്കുമാര്‍ പറയുന്നു. പ്രദേശത്തെ മറ്റു നിരവധി കര്‍ഷകരെപ്പോലെ 40-കാരനായ കുമാര്‍ പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നു. പക്ഷെ ശീതകാലത്ത് തന്‍റെ 5 ഏക്കര്‍ സ്ഥലത്തും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പാട്ടത്തിനെടുത്ത 18.5 ഏക്കര്‍ സ്ഥലത്തും തണ്ണിമത്തനും കൃഷി ചെയ്യുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയിലെ ചിത്തമൂര്‍ ബ്ലോക്കില്‍ അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ മൊത്തം 1,859 ആളുകളാണ് വസിക്കുന്നത്.

“65-70 ദിവസങ്ങള്‍ കൊണ്ട് തണ്ണിമത്തന്‍ പാകമാവുന്നു. മാര്‍ച്ച് 25-ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഫലങ്ങള്‍ വിളവെടുത്ത് തമിഴ്നാട്ടിലും ബെംഗളുരുവിലും കര്‍ണ്ണാടകയിലെ മറ്റു ഭാഗങ്ങളിലും നിന്ന് അവ വാങ്ങുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാനായി ഞങ്ങളെല്ലാവരും തയ്യാറെടുത്തിരുന്നു”, അദ്ദേഹം പറഞ്ഞു. “ഇപ്പോള്‍ അവ ചീയാറായിരിക്കുന്നു. ഒരു ടണ്ണിന് 10,000 രൂപയാണ് വാങ്ങുന്നവരില്‍ നിന്നും ഞങ്ങള്‍ക്കു ലഭിക്കുന്നത്. പക്ഷെ, ഇത്തവണ 2,000 രൂപയില്‍ കൂടുതല്‍ തരാമെന്ന് ആരും പറഞ്ഞിട്ടില്ല.”

തമിഴ് പഞ്ചാംഗം അനുസരിച്ച് മാര്‍ഗഴി, തായ് മാസങ്ങളില്‍ മാത്രമെ തമിഴ്നാട്ടില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യൂ. ഇത് ഏകദേശം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. ഈ സമയത്താണ് ഈ പ്രദേശത്ത് തണ്ണിമത്തന്‍ നന്നായി വളരുന്നത്. പൊള്ളുന്ന തെക്കന്‍ വേനല്‍ക്കാലം തുടങ്ങുമ്പോള്‍ ഫലങ്ങള്‍ വിളവെടുപ്പിന് പാകമാവും. തണ്ണിമത്തന്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ 8-ാം സ്ഥാനമാണ് തമിഴ്നാടിനുള്ളത് - 6.93 ആയിരം ഹെക്ടര്‍ സ്ഥലത്തു നിന്നും 162.74 ആയിരം മെട്രിക് ടണ്‍ ഫലങ്ങള്‍ ആണ് ഉത്പാദിപ്പിക്കുന്നത്.

“എന്‍റെ പാടത്തിന്‍റെ വിവിധ ഭാഗത്തെ വിളകള്‍ രണ്ടാഴ്ചയിലൊരിക്കല്‍ പാകമാകുന്ന തരത്തിലാണ് ഞാന്‍ കൃഷിയിരക്കിയിരിക്കുന്നത്. പാകമായി കുറച്ചു ദിവസങ്ങള്‍ക്കകം വിളവെടുത്തില്ലെങ്കില്‍ ഫലങ്ങള്‍ നഷ്ടപ്പെടും”, കുമാര്‍ (മുകളില്‍ കവര്‍ ചിത്രത്തില്‍ കാണുന്നയാള്‍) കൂട്ടിച്ചേര്‍ത്തു. “ഞങ്ങളോട് ഒരു ലോക്ക്ഡൗണിനെക്കുറിച്ചും പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എന്‍റെ ആദ്യത്തെ വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ [മാര്‍ച്ച് അവസാനം] അവ വാങ്ങാനുള്ളവരോ ചരക്കുകള്‍ വഹിക്കാനുള്ള ട്രക്ക് ഡ്രൈവര്‍മാരോ ഉണ്ടായിരുന്നില്ല.”

ചിത്തമൂര്‍ ബ്ലോക്കില്‍ കുറഞ്ഞത് 50 തണ്ണിമത്തന്‍ കര്‍ഷകര്‍ ഉണ്ടെന്ന് കുമാര്‍ കണക്കുകൂട്ടി പറയുന്നു. നിരവധി കര്‍ഷകരും അവരുടെ ഫലങ്ങള്‍ ചീഞ്ഞു പോകട്ടെ എന്നു വയ്ക്കുകയോ തീര്‍ത്തും കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയോ ചെയ്യുന്നു

PHOTO • Rekha Sekar
PHOTO • S Senthil Kumar

ഇടത്: കൊക്കരത്താങ്കള്‍ ഗ്രാമത്തില്‍ എം. ശേഖറിന്‍റെ പാടത്ത് തണ്ണിമത്തനുകള്‍ വിളവെടുക്കാന്‍ പാകമായി കിടക്കുന്നു. ആഭരണങ്ങള്‍ പണയം വച്ചാണ് അദ്ദേഹം കൃഷിസ്ഥലം പാട്ടത്തിനെടുത്തത്. വലത്: എ. സുരേഷ്കുമാറിന്‍റെ ചിത്തര്‍ക്കാട് ഗ്രാമത്തിലെ പാടം. മാര്‍ച്ച് അവസാന വാരത്തെ അദ്ദേഹത്തിന്‍റെ ആദ്യ വിളവെടുപ്പ് വാങ്ങാന്‍ ആളുകളോ അവ കൊണ്ടുപോകുന്നതിനായി ട്രക്ക് ഡ്രൈവര്‍മാരോ ഇല്ലായിരുന്നു.

കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കു മീതെയാണ് ഇത്തരമൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്. ചിത്തര്‍ക്കാടു നിന്നും മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കൊക്കരത്താങ്കള്‍ ഗ്രാമത്തില്‍ നിന്നുള്ള  45-കാരനായ എം. ശേഖര്‍ അവരില്‍ ഒരാളാണ്. “മൂന്നു പെണ്മക്കള്‍ക്കു വേണ്ടി സൂക്ഷിച്ചു വച്ചിരുന്ന ആഭരണങ്ങളാണ് കൃഷിസ്ഥലം പാട്ടത്തിനെടുക്കുന്നതിനും നാലേക്കറില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നതിനുമായി ഞാന്‍ പണയം വച്ചത്”, അദ്ദേഹം പറഞ്ഞു. “ഇപ്പോള്‍ വിളവെടുപ്പിനു സമയമായപ്പോള്‍ വാങ്ങാന്‍ ആളില്ല. മറ്റു വിളകളില്‍ നിന്നും വ്യത്യസ്തമായി അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കയറ്റി അയച്ചില്ലെങ്കില്‍ എന്‍റെ എല്ലാ വിളവും നഷ്ടമാകും.”

കുമാറും ശേഖറും സ്വകാര്യ വായ്പാ ദാദാക്കളില്‍ നിന്നും കൊള്ള പലിശയ്ക്ക് പണം കടം വാങ്ങിയിട്ടുണ്ട്. മുഴുവന്‍ കൃഷിക്കുമായി 6-7 ലക്ഷം രൂപ വീതം ഓരോരുത്തര്‍ക്കും ചിലവായിട്ടുണ്ടെന്ന് രണ്ടുപേരും പറഞ്ഞു. സ്ഥലം പാട്ടത്തിനെടുക്കുക, വിത്തുകള്‍ വാങ്ങുക, വിളകള്‍ പരിപാലിക്കുക, പാടത്ത് പണിയെടുത്തവര്‍ക്ക് കൂലി നല്‍കുക എന്നീ ഇനങ്ങളിലാണ് പണം ചിലവായത്. ശേഖര്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായിട്ടാണ് തണ്ണിമത്തന്‍ കൃഷി ചെയ്യുന്നതെങ്കില്‍ കുമാര്‍ 19 വര്‍ഷങ്ങളായി അവ കൃഷി ചെയ്യുന്നു.

“പെണ്മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും സഹായകരമാകും എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഇതിലേക്കിറങ്ങിയത്”, ശേഖര്‍ പറഞ്ഞു. “പക്ഷെ ഇപ്പോള്‍ അവരുടെ സ്വര്‍ണ്ണം പോലും എന്‍റെ പക്കലില്ല. എല്ലാ ചിലവുകളും കഴിഞ്ഞ് ഞങ്ങള്‍ക്ക് സാധാരണയായി 2 ലക്ഷം രൂപ ലാഭം ഉണ്ടാകുന്നതാണ്. പക്ഷെ ഇത്തവണ ഞങ്ങള്‍ക്ക് ചിലവിന്‍റെ ഒരു ഭാഗം മാത്രമേ കിട്ടിയിട്ടുള്ളൂ, ലാഭം പൊട്ടെ എന്നു വച്ചാല്‍പോലും.”

“ഇത്തരത്തില്‍ മോശമായൊരു വില ഞാന്‍ സ്വീകരിക്കുന്നതിന്‍റെ ഒരേയൊരു കാരണം ഇതുപോലെ നല്ലൊരു ഫലം ചീഞ്ഞുപോകേണ്ട എന്ന് കരുതിയാണ്. ഇതെന്നെ നേരത്തെ തന്നെ കടുത്ത നഷ്ടത്തിലാക്കി”, കൊക്കരത്താങ്കള്‍ ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു കര്‍ഷകനായ 41-കാരന്‍ എം. മുരുഗവേല്‍ പറഞ്ഞു. മുരുഗവേല്‍ പത്തേക്കര്‍ ഭൂമിയാണ്‌ തണ്ണിമത്തന്‍ കൃഷിക്കായി പാട്ടത്തിനെടുത്തത്. “എനിക്കറിയില്ല ഈ അവസ്ഥ തുടര്‍ന്നാല്‍ എന്തു ചെയ്യണമെന്ന്. ഏകദേശം അതേഅളവില്‍ തുക ചിലവാക്കുകയും ഫലങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്ക് സാധിക്കാത്തതിനാല്‍ പാടങ്ങള്‍ മുഴുവന്‍ തന്നെ ചീയാന്‍ വിടുകയും ചെയ്ത വേറെ കര്‍ഷകര്‍ എന്‍റെ ഗ്രാമത്തില്‍ ഉണ്ട്.”

PHOTO • Dept of Agriculture-Tamil Nadu
PHOTO • Dept of Agriculture-Tamil Nadu

ട്രിച്ചിക്കടുത്തുള്ള ഒരു കര്‍ഷകന്‍ തന്‍റെ തണ്ണിമത്തനുകള്‍ ട്രക്കില്‍ കയറ്റിയപ്പോള്‍. കുറച്ചു ട്രക്കുകള്‍ ഇപ്പോള്‍ ഫലങ്ങള്‍ ശേഖരിക്കുന്നുണ്ട്. പക്ഷെ കര്‍ഷകര്‍ക്ക് തീര്‍ത്തും കുറഞ്ഞ വിലയേ ലഭിക്കുന്നുള്ളൂ.

ചില ദിവങ്ങളില്‍ ചരക്കു കൈമാറ്റം ബുദ്ധിമുട്ടായിരുന്നുവെന്ന കാര്യത്തോട് ഞാന്‍ യോജിക്കുന്നു. ആ പ്രശ്നം പരിഹരിക്കാനായി ഉടന്‍ ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്തെ എല്ലാ വിപണികളിലേക്കും, സാദ്ധ്യമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും, ഫലങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന്  ഇപ്പോള്‍ ഞങ്ങള്‍ ഉറപ്പാക്കുന്നു”, തമിഴ്നാട്ടിലെ കാര്‍ഷികോത്പ്പന്ന കമ്മീഷണറും കാര്‍ഷിക വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഗഗന്‍ദീപ് സിംഗ് ബേദി പറഞ്ഞു.

ബേദി നല്‍കിയ വിവരങ്ങള്‍ പ്രകാരം ചിത്തമൂര്‍ ബ്ലോക്കില്‍ നിന്നും മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 2 വരെയുള്ള ദിവസങ്ങളില്‍ 978 മെട്രിക് ടണ്‍ തണ്ണിമത്തനുകള്‍ തമിഴ്നാട്ടിലെ വിവിധ വിപണികളിലേക്ക് എത്തിച്ചിട്ടുണ്ട്. “എനിക്കറിയില്ല എന്താണ് കാരണമെന്ന്, പക്ഷെ ഈ പ്രതിസന്ധി സമയത്ത് തണ്ണിമത്തന്‍ കച്ചവടത്തിനു തന്നെ വലിയ തിരിച്ചടി നേരിട്ടിരിക്കുന്നു. അതുകൊണ്ട് ഇത് വലിയൊരു പ്രശ്നം ആണ്. പക്ഷെ ഏറ്റവും നന്നായിത്തന്നെ ഞങ്ങള്‍ സഹായിക്കാന്‍ ശ്രമിക്കുന്നു”, അദ്ദേഹം കൂട്ടിചേര്‍ത്തു.

കര്‍ഷകര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന വലിയ നഷ്ടത്തിന് സംസ്ഥാനം നഷ്ടപരിഹാരം നല്‍കുമോ? “വിളകള്‍ കൊണ്ടുപോകുന്നതിനായി  ഗതാഗതം ക്രമീകരിക്കുകയാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്”, ബേദി പ്രതികരിച്ചു. “നഷ്ടപരിഹാരം രാഷ്രീയ തീരുമാനം വേണ്ട വിഷയമായതിനാല്‍ അതിന്‍റെ കാര്യം പിന്നീട് നോക്കേണ്ടതുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി കര്‍ഷകരെ സഹായിക്കാന്‍ ഞങ്ങള്‍ ഏറ്റവും നന്നായിത്തന്നെ ശ്രമിക്കും.”

എണ്ണത്തില്‍ കുറവാണെങ്കിലും വിളവുകള്‍ കൊണ്ടു പോകുന്നതിനായി ട്രക്കുകള്‍ വരാറുണ്ടെന്ന് ചിത്തമൂറിലെ കര്‍ഷകര്‍ സമ്മതിക്കുന്നുണ്ട്. “അവര്‍ കുറച്ച് കൊണ്ടു പോകുമെങ്കില്‍ പോലും ബാക്കിയുള്ളവ ചീഞ്ഞു പോകട്ടെയെന്നു വയ്ക്കാനേ പറ്റൂ”, സുരേഷ്കുമാര്‍ പറഞ്ഞു. “അവ കൊണ്ടു പോകുന്നവര്‍ പോലും ഞങ്ങള്‍ക്ക് നിസ്സാര വിലയേ നല്‍കുന്നുള്ളൂ. നഗരത്തിലുള്ള ആളുകള്‍ കൊറോണ മൂലം അസുഖ ബാധിതരാവുമ്പോള്‍, കൊറോണ മൂലം ഞങ്ങള്‍ക്ക് വരുമാനമാണ് നഷ്ടപ്പെടുന്നത്.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rennymon K. C. is an independent researcher based in Kottayam, Kerala.

Sibi Arasu

Sibi Arasu is an independent journalist based in Bengaluru. @sibi123

Other stories by Sibi Arasu