എറണാകുളം> അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് സ്‌കൂള്‍തല വെര്‍ച്വല്‍ പ്രവേശനോത്സവത്തിന് തയ്യാറായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അലങ്കരിച്ച വീടുകളില്‍ മധുരവിതരണവും ഓണ്‍ ലൈന്‍ സന്ദേശങ്ങളുമായി ഇക്കുറി വീടുകളില്‍ തന്നെയാകും കുട്ടികളുടെ സ്‌കൂള്‍ പ്രവേശനോത്സവം
ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഇക്കുറി പൂര്‍ണമായും വെര്‍ച്വലായാണ് പ്രവേശനോത്സവ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനതല ചടങ്ങുകള്‍ രാവിലെ 8.30 നും ജില്ലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവ ചടങ്ങുകള്‍ രാവിലെ 10 മണിക്കും ആരംഭിക്കും. ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും ചടങ്ങുകളിലേക്ക് ക്ഷണിക്കും.
10.30 ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അതത് ക്ലാസ് ടീച്ചര്‍മാര്‍ കുട്ടികളെ ക്ലാസ് ഗ്രൂപ്പുകളില്‍ എന്റെര്‍ ചെയ്യും. സ്‌കൂള്‍ പി.ടി.എകള്‍ മുഖാന്തരം കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്ലാസ് അധ്യാപകര്‍ എല്ലാ കുട്ടികളെയും ഫോണില്‍ ബന്ധപ്പെട്ടു.
പുതുതായി സ്‌കൂളുകളിലേക്കെത്തുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം പി.ടി.എ, വാര്‍ഡ് ജാഗ്രത സമിതികള്‍ മുഖേന എത്തിക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ ആവശ്യമായിട്ടുള്ള 70 ശതമാനം പാഠപുസ്തകങ്ങളും വിതരണത്തിനായി വിദ്യാലയങ്ങളില്‍ എത്തി. മെയ് മാസത്തില്‍ തന്നെ ജില്ലയില്‍ ആവശ്യമായ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാകും. കുടുംബശ്രീക്കാണ് പുസ്തകങ്ങളുടെ വിതരണ ചുമതല.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷ്യക്കിറ്റ്, കൈത്തറി യൂണിഫോം എന്നിവയും വിതരണത്തിനായി സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കഴിഞ്ഞ വര്‍ഷത്തെ പഠനനിലവാരം അറിയുന്നതിനായുള്ള പഠനപുരോഗതി രേഖയും വിതരണത്തിനായി വിദ്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്. 150 പേജുകളുളള പഠനപുരോഗതി രേഖ കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ ലൈന്‍ പാഠ്യപദ്ധതിയുടെ നിലവാരം അറിയുന്നതിനാണ്.
അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി തൊട്ടടുത്തുള്ള വിദ്യാലയത്തിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ ലൈന്‍ പഠന ഗ്രൂപ്പുകള്‍ തയ്യാറാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..