കൊല്ലം > കോണ്‍ഗ്രസ് സമയബന്ധിതമായി തീരുമാനമെടുക്കാൻ വൈകുന്നുവെന്നും അത് യുഡിഎഫിനെയും ബാധിക്കുന്നതായും ആർഎസ്‌പി നേതാവ് ഷിബു ബേബിജോൺ. വ്യക്തിപരമായ കാര്യങ്ങളാൽ ആണ് ആർഎസ്‌പിയിൽനിന്ന് അവധിയെടുക്കുന്നതെന്നും സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഇപ്പോൾ സാധിക്കില്ലെന്നും ഷിബു ബേബിജോൺ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ആർഎസ്‌പിക്ക് അകത്തുള്ള കടുത്ത അഭിപ്രായഭിന്നതയാണ് അവധിയെടുക്കാൻ കാരണമെന്ന് പറയുന്നു.
രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും ചവറയിലെ തോല്‍വിക്ക് കാരണമായിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഏത് കാര്യത്തിലായാലും കോൺഗ്രസ് തീരുമാനം അതത് സമയത്ത് എടുക്കണം. അത് ശരിയോ തെറ്റോ ആകട്ടെ . തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നിൽക്കാനാകണം . ഇവിടെ എല്ലാ കാര്യത്തിലും ഉണ്ടായത് തീരുമാനമെടുക്കാനുള്ള കോൺഗ്രസിന്റെ താമസമാണ്. അത് ജനങ്ങളിൽ യുഡിഎഫിന് മൊത്തത്തിൽ അവമതിപ്പുണ്ടാക്കി.
ആർഎസ്‌പി നേതൃത്വത്തിന് അവധിഅപേക്ഷ നൽകി എന്നു കരുതി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് അര്‍ത്ഥമില്ലെന്നും അവധി പാര്‍ട്ടി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബിജോൺ പറഞ്ഞു.
പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കില്‍ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട് കോണ്‍ഗ്രസിന്റേയും ആര്‍എസ്പിയുടേയും അനുഭാവികള്‍ മാറി വോട്ട് ചെയ്തിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ചവറയിലും അത് നടന്നിട്ടുണ്ട്.
ബിജെപിയുടെ കടന്നുവരവോട് കൂടി സംസ്ഥാന രാഷ്ട്രീയത്തില്‍ കാതലായ മാറ്റം സംഭവിച്ചു. പണ്ട് രാഷ്ട്രീയം വെച്ചായിരുന്നു ആളുകളെ അടയാളപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് ജനിച്ച സമുദായം വെച്ചാണ് നോക്കുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനവും കടന്നുവരുന്നുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആർഎസ്‌പിക്ക് ഒരുസീറ്റുപോലും നേടാനായില്ല. ഇത് കടുത്ത അതൃപ്‌തിയാണ് പാർടിയിലുണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബിജോൺ പങ്കെടുത്തില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..