കൊച്ചി -
കുഫോസിൽ റിസർച്ച് ഡയറക്ടറുടെയും ഫിഷറീസ് ഡീനിന്റെയും തസ്തികകളിൽ നിയമനം നടത്താൻ ചട്ടങ്ങൾ ലംഘിച്ച് തീരുമാനം എടുത്തുവെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് കുഫോസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെരഞ്ഞെടുപ്പുചട്ടം വരുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട് രണ്ടു തസ്തികകൾ സൃഷ്ടിച്ചു എന്ന ആരോപണവും തെറ്റാണ്.
കുഫോസ് രൂപീകരിച്ചപ്പോൾ ട്രാൻഫർ ചെയ്ത് കിട്ടിയ സ്ഥിരം തസ്തികയാണ് ഫിഷറീസ് ഡീനിന്റേത്. കുഫോസ് സ്റ്റാറ്റ്യൂട്ടിന്റെ 2011ലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതും ധനകാര്യവകുപ്പ് അംഗീകാരം നൽകിയതുമായ തസ്തികയാണ് റിസർച്ച് ഡയറക്ടറുടേത്. ഇതിനുമുമ്പും ഈ രണ്ട് തസ്തികകളിലേക്കും നിയമനങ്ങൾ നടന്നിട്ടുണ്ട്. ഫിഷറീസ് ഡീനിന്റെ സ്ഥിരം തസ്തികയിൽ ജോലി ചെയ്തിരുന്ന ഡോ. കെ റിജി ജോൺ വൈസ് ചാൻസലറായതിനെ തുടർന്നാണ് ഒഴിവുവന്നത്. റിസർച്ച് ഡയറക്ടർ തസ്തികയിൽ ആദ്യംമുതൽ സ്ഥിരനിയമനം നടത്തിയിരുന്നു. അവസാനം ഈ തസ്തികയിൽ ജോലി ചെയ്തിരുന്ന ഡോ. ടി വി ശങ്കർ കേന്ദ്രസർക്കാർ സ്ഥാപനമായ സിഫ്‌റ്റിലേക്ക് തിരിച്ചുപോയതിനാൽ ഫിഷറീസ് ഫാക്കൽറ്റിയിലെ മുതിർന്ന പ്രൊഫസർക്ക് ഒരു വർഷമായി അധികചുമതല നൽകിയിരിക്കുകയായിരുന്നു.
പ്രധാനപ്പെട്ട രണ്ട് തസ്തികകളിലും മുതിർന്ന ഫിഷറീസ് ശാസ്ത്രജ്ഞരെയോ അധ്യാപകരെയോ സ്ഥിരമായി നിയമിക്കാതെ സർവകലാശാലയുടെ അധ്യയന, ഗവേഷണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിനാലാണ് ഇപ്പോൾ നിയമനം നടത്തിയത്. ചട്ടപ്രകാരം ഇംഗ്ലീഷ് പത്രത്തിലും മലയാള പത്രങ്ങളിലും കുഫോസ് വെബ് സെറ്റിലും പരസ്യം നൽകി. രണ്ട് തസ്തികകളിലേക്കും ഒരോ അപേക്ഷവീതമാണ് ലഭിച്ചത്. ഇതിൽ ഫിഷറീസ് ഡീൻ തസ്തികയിലേക്ക് അപേക്ഷിച്ചയാൾ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിലെ മുതിർന്ന പ്രൊഫസറും ദേശീയതലത്തിൽ അറിയപ്പെടുന്ന ഫിഷറീസ് ശാസ്ത്രജ്ഞയുമാണ്. മറ്റ് അപേക്ഷകരില്ലാത്തതിനാൽ എല്ലാ യോഗ്യതയും ആവശ്യത്തിന് അധ്യാപക പരിചയവും ഉള്ള ഈ ശാസ്ത്രജ്ഞയെ വൈസ് ചാൻസലറുടെ ഭാര്യയാണ് എന്ന കാരണത്താൽ മാറ്റി നിർത്തേണ്ട എന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു. വൈസ് ചാൻസലർ ബോർഡിൽ അംഗമല്ല. ഡോ. എ രാമചന്ദ്രൻ വൈസ് ചാൻസലറായിരുന്നപ്പോഴും ഇവർ മാത്രമായിരുന്നു അപേക്ഷക. ഇന്റർവ്യൂവിൽ പങ്കെടുക്കാതിരുന്നതുകൊണ്ട് മാത്രമാണ് അന്ന് നിയമനം നടക്കാതിരുന്നത്.
റിസർച്ച് ഡയറക്ടർ തസ്തികയിൽ നിയമനത്തിന് തെരഞ്ഞടുക്കപ്പെട്ടയാൾ കുഫോസിലെ മുതിർന്ന ശാസ്ത്രജ്ഞയും എട്ട് വർഷംമുമ്പ് കുഫോസ് രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മുതിർന്ന അധ്യാപികയുമാണ്. പത്ത് വർഷമായി പ്രൊഫസറായി ജോലി ചെയ്യുന്നു. കുഫോസിൽത്തന്നെ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവിന് രജിസ്‌ട്രാറുടെ അധികചുമതലയുണ്ട് എന്ന കാരണത്താൽ റിസർച്ച് ഡയറക്ടറുടെ തസ്തികയിലേക്ക് പരിഗണിക്കാതിരിക്കേണ്ട കാര്യമില്ല എന്ന് വൈസ്ചാൻസലർകൂടി അംഗമായ ബോർഡ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന ഫിഷറീസ്, ധനകാര്യ, നിയമ വകുപ്പുസെക്രട്ടറിമാരായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അംഗങ്ങളായ കുഫോസ് ഭരണസമിതി അത് അംഗീകരിച്ചു. ഇതേ ഭരണസമിതി യോഗംതന്നെയാണ് ഫിഷറീസ് ഡീൻ തസ്തികയിലെ തെരഞ്ഞെടുപ്പും അംഗീകരിച്ചതെന്ന് സർവകലാശാലാ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..