28 May Friday
പ്രവേശനോത്സവം ജൂൺ ഒന്നിന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

പ്രവേശനോത്സവത്തിന് പുത്തനുടുപ്പും പുസ്‌തകവും ; പാഠപുസ്‌തകം, യൂണിഫോം വിതരണോദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021


തിരുവനന്തപുരം
ജൂൺ ഒന്നിന്‌ പുതിയ അധ്യയന വർഷാരംഭത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പാഠപുസ്‌തകവും കൈത്തറി യൂണിഫോമും ഉറപ്പാക്കുമെന്ന്‌  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ  വെർച്വൽ ആയി (ഓൺലൈനിൽ) സംഘടിപ്പിക്കുന്ന പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്‌സ്‌ ചാനലിലൂടെ ഉദ്‌ഘാടനംചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ലോക്‌ഡൗണിൽ നിലച്ച പാഠപുസ്‌തക അച്ചടിയും വിതരണവും  ജൂൺ ഒന്നിനകം പൂർത്തിയാക്കും.  288 ടൈറ്റിലിലായി 2.62 കോടി പാഠപുസ്‌തകമാണ്‌ ഒന്നാം വോള്യമായി വേണ്ടത്‌. ഇതിന്റെ 70 ശതമാനവും അച്ചടി പൂർത്തിയാക്കി സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ നൽകി.  അച്ചടി, വിതരണ ചുമതലയുള്ള കെബിപിഎസിൽ ജീവനക്കാർക്ക്‌ കോവിഡ്‌ ബാധിച്ചതും പ്രതിസന്ധിയായി. പാഠപുസ്‌തക വിതരണത്തിന്‌ ലോക്‌ഡൗൺ ഇളവുണ്ട്‌.  ഒന്നാം ക്ലാസ്‌ പുസ്തക വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ പത്തിന്‌ മണക്കാട് ഗവ. ടിടിഐയിൽ നടക്കും.  

കുട്ടികൾക്കുള്ള  കൈത്തറി യൂണിഫോം  എല്ലാ ഉപജില്ലയിലെയും വിതരണ കേന്ദ്രത്തിൽ എത്തിച്ചു. 9,39,107 കുട്ടികൾക്കുള്ള യൂണിഫോം ആണ്‌ നൽകിയത്‌. 39 ലക്ഷം മീറ്റർ തുണിയാണ് ഉപയോഗിച്ചത്‌.  യൂണിഫോമിനായി 105 കോടി രൂപ വകയിരുത്തി.  ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള സർക്കാർ സ്‌കൂളുകളിലും പ്രൈമറി മാത്രമുള്ള എയ്‌ഡഡ്‌ എൽപികളിലുമാണ്‌ കൈത്തറി യൂണിഫോം നൽകുന്നത്‌.  കൈത്തറി യൂണിഫോം ലഭ്യമാകാത്ത  ക്ലാസുകളിലെ കുട്ടികൾക്ക് യൂണിഫോമിന്‌  600 രൂപ നൽകും.  യൂണിഫോം വിതരണത്തിന്റെ സംസ്ഥാന  ഉദ്ഘാടനം ശനിയാഴ്ച മണക്കാട് സ്കൂളിലാണ്‌.

മാറ്റിവച്ച എൽഎസ്‌എസ്‌, യുഎസ്‌എസ്‌ പരീക്ഷകൾ അനുകൂല സാഹചര്യം വരുമ്പോൾ നടത്തും.  പ്ലസ്‌ വൺ ഓൺലൈൻ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്ത സാഹചര്യത്തിൽ കുട്ടികൾക്ക്‌ ഒരാഴ്‌ച പഠന ഇടവേള നൽകുന്നതിനായി പ്ലസ്‌ ടു ക്ലാസുകൾ  ഒരാഴ്‌ച വൈകിയേ ആരംഭിക്കൂ. പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ കേന്ദ്രനിർദേശമുണ്ട്‌.  സംസ്ഥാന സാഹചര്യംകൂടി പരിഗണിച്ച്‌  പാഠ്യപദ്ധതി സമയബന്ധിതമായി പരിഷ്‌കരിക്കും. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ പൊതുവിദ്യാലയങ്ങളിലേക്ക്‌ മാറാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളെയും ടിസി പ്രശ്‌നം ബാധിക്കാതെ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും പങ്കെടുത്തു.

പ്രവേശനോത്സവം കുട്ടികളുടെ കലാപരിപാടികളോടെ
ജൂൺ ഒന്നിന്‌ പുതിയ അധ്യായന വർഷാരംഭത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും വെർച്വൽ ആയി (ഓൺലൈനിൽ) പ്രവേശനോത്സവം സംഘടിപ്പിക്കും. രണ്ട്‌ തലങ്ങളിലായാണ്‌ പ്രവേശനോത്സവം.  ജൂൺ  ഒന്നിന് രാവിലെ 10 മുതൽ വിക്ടേഴ്സ് ചാനലിലൂടെ പ്രവേശനോത്സവം ആരംഭിക്കും.   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  തുടർന്ന്‌ കുട്ടികളുടെ പരിപാടികൾ അരങ്ങേറും. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ചലചിത്രതാരങ്ങളും പ്രമുഖ കലാകാരന്മാരും വിദ്യാർഥികൾക്ക്‌ ആശംസ നേരും. പകൽ  11 മുതൽ  സ്കൂൾതല പ്രവേശനോത്സവച്ചടങ്ങുകൾ വെർച്വലായി ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽപി സ്‌കൂളിലായിരിക്കും. എല്ലാ വിദ്യാലയങ്ങളിലും വെർച്വലായി നടക്കുന്ന പ്രവേശനോത്സവങ്ങളിൽ  ജനപ്രതിനിധികളും  അധ്യാപകരും പങ്കെടുക്കും. കുട്ടികൾ സകുടുംബം  പങ്കെടുക്കും.  

ഡിജിറ്റൽ ക്ലാസുകൾ പുതുമകളോടെ;ആദ്യം 10നും പ്ലസ്‌ടുവിനും
സ്‌കൂൾതല ഓൺലൈൻ ക്ലാസ്‌ ആദ്യം 10നും പ്ലസ്‌ ടുവിനും വിക്ടേഴ്സ് ചാനലിലൂടെ നൽകും. പുതിയ ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം ആരംഭിക്കും.  മുൻവർഷം ടെലികാസ്റ്റ് ചെയ്ത ക്ലാസുകൾ ആവശ്യമായ ഭേദഗതിയിലൂടെ കൂടുതൽ ആകർഷകമായി അവതരിപ്പിക്കും. ആദ്യ രണ്ടാഴ്‌ച ആത്മവിശ്വാസം  വർധിപ്പിക്കുന്ന ക്ലാസുകളും മുൻവർഷ പഠനത്തെ പുതിയ ക്ലാസുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജ്‌ ക്ലാസുകളുമായിരിക്കും.  ഇത്തവണ ഡിജിറ്റൽ ക്ലാസുകൾക്ക്‌ പുറമെ സ്‌കൂളുകളിൽ ക്ലാസ്‌തലത്തിൽ ഓൺലൈൻ ക്ലാസുകളും ഉണ്ടാകും. ആദ്യഘട്ടത്തിൽ 10, 12 ക്ലാസുകാർക്കാകും ക്ലാസ്‌തല ഓൺലൈൻ ക്ലാസ്‌ നൽകുക.  തുടർന്ന്‌  ഘട്ടംഘട്ടമായി മുഴുവൻ ക്ലാസുകളിലും ആരംഭിക്കും.

മൂല്യനിർണയ ഒരുക്കം പൂർത്തിയായി
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ  മൂല്യനിർണയ ഒരുക്കം പൂർത്തിയായി.  ഹയർ സെക്കൻഡറി/വൊക്കേഷണൽ  ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയ ക്യാമ്പുകൾ ജൂൺ ഒന്നിന്‌ ആരംഭിച്ച്  19 ന് പൂർത്തീകരിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 79 ക്യാമ്പുകളിലായി 26447 അധ്യാപകരേയും വൊക്കേഷണൽ ഹയർ സെക്കൻഡറി  വിഭാഗത്തിൽ എട്ടു ക്യാമ്പുകളിലായി 3031 അധ്യാപകരേയുമാണ് മൂല്യനിർണയത്തിന്‌ നിയോഗിച്ചിട്ടുള്ളത്.ഹയർ സെക്കൻഡറി/വൊക്കേഷണൽ  ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴ്‌ വരെയാണ്‌ നടക്കുക.  പരീക്ഷാഫലം ജൂലൈയിൽ പ്രസിദ്ധീകരിക്കും.

അമിതഫീസ്‌: പരാതി ലഭിച്ചാൽ അന്വേഷിക്കും
അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ അമിത ഫീസ്‌ ഈടാക്കുന്നതായി പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
 


പ്ലസ്‌വൺ പരീക്ഷ ഓണാവധിയോടടുത്ത്‌: മുഖ്യമന്ത്രി
പ്ലസ് വൺ പരീക്ഷ ഓണാവധിയോടടുത്ത്‌ നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‌  ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്നിക്കിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ  പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തും. മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ അസസ്‌മെന്റ്‌ മാർക്കുകൾ  അടിസ്ഥാനമാക്കും.

ഫലപ്രഖ്യാപനം ജൂണിൽ നടത്തും. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷം ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ നടത്തും. ഒന്നുമുതൽ നാലുവരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കും.എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന്‌ ഒഴിവാക്കും. ഓൺലൈൻ അഡ്വൈസിന്റെ വേഗത വർധിപ്പിക്കണമെന്ന് പിഎസ്‌സിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top