28 May Friday

മുല്ലപ്പള്ളി രാമചന്ദ്രനോട് പാർടിയും സമൂഹവും നീതി കാണിച്ചിട്ടില്ല ; മുല്ലപ്പള്ളിയെ പരിചയാക്കി 
ചെന്നിത്തലയുടെ ‘അങ്കക്കുറിപ്പ്‌‌’

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021


തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ് സ്ഥാനം‌ തെറിക്കുമെന്ന്‌‌ ഉറപ്പായ മുല്ലപ്പള്ളി രാമചന്ദ്രനെ പരിചയാക്കി കോൺഗ്രസിനുള്ളിൽ യുദ്ധപ്രഖ്യാപനവുമായി ചെന്നിത്തല. നാലുപാടുനിന്നും വിമർശനം നേരിടുന്ന മുല്ലപ്പള്ളിയെ പുകഴ്‌ത്തി ഫെയ്‌സ്‌ബുക്കിൽ സുദീർഘമായ ‌കുറിപ്പെഴുതിയാണ്‌‌‌ ചെന്നിത്തല കളി തുടങ്ങിയത്‌‌. കെ സുധാകരനെ പ്രസിഡന്റാക്കാനുള്ള നീക്കം നെറികേടാണെന്ന്‌ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതാണ്‌ കുറിപ്പ്‌.  മുല്ലപ്പള്ളി കടത്തനാടൻ മണ്ണിന്റെ വീറോടെ പോരാടുന്ന  കോൺഗ്രസിന്റെ മലബാറിലെ കരുത്തനായ നേതാവാണ് എന്നാണ്‌‌‌ ചെന്നിത്തലയുടെ പ്രഖ്യാപനം. ഈ‌  അമ്പ്‌ കെ സുധാകരന്റെ നെഞ്ചിലേക്കുള്ളതാണ്‌‌. കെപിസിസി അധ്യക്ഷപദത്തിന്‌‌ കണ്ണൂരിൽ മലമറിച്ച വീമ്പുമായി സുധാകരൻ ഇറങ്ങേണ്ടെന്ന കൃത്യമായ സൂചനയാണിത്‌.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ 19 സീറ്റ്‌ ജയിച്ചപ്പോൾ മുല്ലപ്പള്ളിയെയോ ഉമ്മൻചാണ്ടിയെയോ തന്നെയോ ആരും അഭിനന്ദിച്ചില്ലെന്നും ‌ അദ്ദേഹം തുറന്നടിച്ചു. പഴയകാല കെഎസ്‌യുവും യൂത്ത് കോൺഗ്രസുമല്ല ഇപ്പോഴത്തേതെന്ന തുറന്നുപറച്ചിൽ നേതൃമാറ്റത്തിനായി വാദിച്ച യുവ‌ തുർക്കികൾക്കുള്ള മറുപടിയാണ്‌. മുല്ലപ്പള്ളിക്കും തനിക്കും പ്രതിരോധം തീർക്കാൻ കോൺഗ്രസിന്‌ ആയില്ലെന്ന്‌ ‌ തുറന്നുപറയാനും മുൻപ്രതിപക്ഷ നേതാവ്‌ മറന്നില്ല. സംഘടനാ ദൗർബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ല. കൂട്ടായ നേതൃത്വത്തിലുണ്ടായ പോരായ്മകളാണ്‌. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റു മുതിർന്ന നേതാക്കൾക്കുമില്ലാത്ത ഒരു ഉത്തരവാദിത്തവും മുല്ലപ്പള്ളിക്കുമില്ല. അനാവശ്യമായി അപമാനിച്ചവർ നാളെ പശ്ചാത്തപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഈ വാദം അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. തെരുവിൽ അലക്കേണ്ട വ്യക്തിയല്ല മുല്ലപ്പള്ളിയെന്നാണ്‌ സതീശൻ പറഞ്ഞത്‌. 

അതേസമയം, മുല്ലപ്പള്ളിയുടെ രാജിസന്നദ്ധത ഹൈക്കമാൻഡ്‌ അംഗീകരിച്ചു. പുതിയ ആളിനെ ഉടനെ നിയമിക്കുമെന്നാണ്‌ സൂചന.കെ സുധാകരനാണ്‌ മുൻതൂക്കം. എന്നാൽ എ വിഭാഗം ബെന്നിബഹനാന്റെയും കെ സി ജോസഫിന്റെയും പേരുകൾ മുന്നോട്ടുവച്ചിട്ടുണ്ട്‌‌. കെ മുരളീധരന്‌ വേണ്ടിയും മുറവിളിയുണ്ട്‌. നേരത്തേ കെ സുധാകരന്‌ മാത്രമാണ്‌  സാധ്യതയുണ്ടായിരുന്നതെങ്കിൽ പുതിയ നീക്കം അതിന്‌ വെല്ലുവിളിയാകും‌. മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻചാണ്ടി ത്രയം ഹൈക്കമാൻഡിനെതിരെ നീങ്ങുകയാണെന്ന്‌ വ്യക്തം. അശോക്‌ ചവാൻ സമിതിയുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം പുനഃസംഘടനയിലേക്ക്‌ കടക്കാനാണ്‌ ഹൈക്കമാൻഡ്‌ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top