ന്യൂഡൽഹി
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും രണ്ടാംഘട്ടമായുണ്ടാകുന്ന അണുബാധയും രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതൽ വഷളാക്കിയെന്ന് ഐസിഎംആർ പഠനം. കോവിഡിന് പിന്നാലെ മറ്റേതെങ്കിലും ബാക്‌ടീരിയൽ, ഫംഗൽ അണുബാധകൂടി സംഭവിച്ചവരില്‍ പകുതിയിലേറെ പേർ മരിച്ചു. രാജ്യത്തെ 10 ആശുപത്രിയിലെ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തൽ. ആകെ 17,534 രോഗികളുടെ വിവരം പരിശോധിച്ചതില്‍ 3.6 ശതമാനം (631) പേർക്ക് രണ്ടാഘട്ട അണുബാധയുണ്ടായി. ഇവരില്‍ 56.7 ശതമാനം പേർ മരിച്ചു. രാജ്യത്ത് കോവിഡ് മരണനിരക്ക് 1.14 ശതമാനം ആയിരിക്കെയാണിത്.
തീവ്രത കൂടിയ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാകാം കൂടുതൽ മരണത്തിന് കാരണമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ ‘വാച്ച്’ ഗണത്തിലുള്ള ആന്റിബയോട്ടിക്കാണ് രണ്ടാംഘട്ട അണുബാധയുണ്ടായവരില്‍ 52.36 ശതമാനത്തിനും നല്‍കിയത്. അഞ്ചിൽ ഒരാൾക്ക് വീതം ‘അവസാനഘട്ടത്തിൽ’ നല്‍കേണ്ട ആന്റിബയോട്ടിക്കും നൽകി. മരുന്നുകളെ ചെറുക്കുന്ന ബാക്‌ടീരിയൽ അണുബാധയാണ് കൂടുതൽ രോഗികളിലും കണ്ടെത്തിയത്.
വ്യാപനം കുറയുന്നു; നിയന്ത്രണം തുടരണം
രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുതുടങ്ങി. 44 ദിവസത്തിനിടെ ആദ്യമായി പ്രതിദിന രോഗസംഖ്യ രണ്ടു ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ രോഗികള്‍ 186364, മരണം 3664. ആകെ രോഗികള്‍ 2.76 കോടി, മരണം 3.2 ലക്ഷം. അടച്ചിടൽ നടപടി ജൂൺ 30 വരെ തുടരണമെന്നും നിയന്ത്രണം ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവു എന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള സ്ഥലത്തും 60 ശതമാനം ഐസിയു കിടക്കയിലും രോഗികളുള്ളയിടങ്ങളിലും നിയന്ത്രണം തുടരണം.
നിലവില്‍ ചികിത്സയിലുള്ളത് 23.43 ലക്ഷം പേര്‍. മെയ് പത്തിന് 37.45 ലക്ഷം പേരായിരുന്നു. 15–-ാം ദിവസവും രോഗമുക്തരുടെ എണ്ണം രോഗികളുടേതിനെക്കാൾ കൂടുതല്‍. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.42 ശതമാനം. പ്രതിദിന നിരക്ക് 9 ശതമാനം.
24 മണിക്കൂറിനിടെ കൂടുതൽ മരണം മഹാരാഷ്ട്രയില്‍–- 884. കർണാടക–- 474, തമിഴ്‌നാട്–- 474, യുപി–- 187, പഞ്ചാബ്–-177, ബംഗാൾ–- 148, ഡൽഹി–- 117, ആന്ധ്ര–- 104മരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..