27 May Thursday

ഫ്‌ളിക്ക്‌ ജർമൻ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


ബെർലിൻ
യൂറോ കപ്പ്‌ ഫുട്‌ബോളിനുശേഷം ജർമൻ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഹാൻസി ഫ്‌ളിക്ക്‌ ചുമതലയേൽക്കും. 2024വരെയാണ്‌ കരാർ.ജോക്വിം ലോ യൂറോയ്‌ക്കുശേഷം ജർമനിയുടെ പരിശീലക സ്ഥാനമൊഴിയും. 2006ലാണ്‌ ലോ പരിശീലകനായെത്തിയത്‌.

അമ്പത്താറുകാരനായ ഫ്‌ളിക്ക്‌ ജർമൻ ലീഗ്‌ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ പരിശീലകനായിരുന്നു. 2012 മുതൽ 2014വരെ ലോയുടെ കൂടെ ജർമൻ ടീമിനൊപ്പമുണ്ടായി. 2014 ലോകകപ്പ്‌ വിജയത്തിനുശേഷം സഹ പരിശീലക സ്ഥാനം ഉപേക്ഷിച്ചു. 2019ൽ ബയേൺ പരിശീലകൻ നിക്കോ കൊവാച്ചിനൊപ്പം ചേർന്നു. കൊവാച്ച്‌ പുറത്തായപ്പോൾ ബയേണിന്റെ  ഇടക്കാല പരിശീലക സ്ഥാനം ഏറ്റെടുത്തു. പിന്നാലെ മൂന്ന്‌ വർഷത്തെ കരാറും ലഭിച്ചു. ചാമ്പ്യൻസ്‌ ലീഗും ക്ലബ്ബ്‌ ലോകകപ്പും ജർമൻ ലീഗും ഉൾപ്പെടെ 2019‐20 സീസണിൽ ആറ്‌ കിരീടങ്ങളാണ്‌ ബയേണിന്‌ നൽകിയത്‌.  16 മാസത്തിനിടയിലായിരുന്നു ഈ നേട്ടങ്ങൾ. എന്നാൽ ഈ സീസണിൽ ജർമൻ ലീഗ്‌ നിലനിർത്തിയെങ്കിലും ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ തോറ്റ്‌ പുറത്തായി. ഇതോടെ സ്ഥാനമൊഴിയുമെന്ന്‌ ഫ്‌ളിക്ക്‌ പ്രഖ്യാപിച്ചു. ആർ ബി ലെയ്‌പ്‌സിഗ്‌ പരിശീലകനായ യൂലിയൻ നാഗെൽസ്‌മാനാണ്‌ ബയേണിന്റെ അടുത്ത പരിശീലകൻ.ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ്‌ യൂറോ. കോവിഡ്‌ കാരണം കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ് മാറ്റിവയ്‌ക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top