28 May Friday
കുഴൽപ്പണം കടത്തിയ ധർമരാജനാണ് നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയത്

കുഴൽപ്പണസംഘത്തിന്‌ താമസമൊരുക്കിയത്‌ നേതാക്കൾ ; മുറി ബുക്ക് ചെയ്തത്‌ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


തൃശൂർ
തെരഞ്ഞെടുപ്പ്‌ ഫണ്ടായി മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കടത്തിയവർക്ക്‌ തൃശൂർ ജില്ലയിൽ താമസം ഏർപ്പാടാക്കിയത്‌ ബിജെപി ജില്ലാ നേതൃത്വം. കുഴൽപ്പണം കടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജൻ ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രത്യേക അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി. താമസവും മറ്റ്‌ സൗകര്യങ്ങളും ഒരുക്കി തന്നത്‌ ജില്ലാ നേതാക്കളാണെന്നാണ്‌ ധർമരാജൻ മൊഴിനൽകിയത്‌.  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാണ്‌ മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാരനും പൊലീസിന്‌ മൊഴി നൽകി.  കേസിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ ആവർത്തിക്കുന്ന ബിജെപി നേതാക്കളുടെ വാദം ഇതോടെ പൊളിഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസിന്‌ സമീപത്തെ സ്വകാര്യലോഡ്‌ജിൽ രണ്ട്‌ മുറികളാണ്‌ ബുക്ക്‌ ചെയ്‌തത്‌. മൂന്ന് കിടക്കകളുള്ള 216ാം നമ്പർ മുറിയും 215–-ാം നമ്പർ മുറിയും.  215–--ലായിരുന്നു പണം കൊണ്ടുവന്ന ധർമരാജൻ താമസിച്ചത്‌. രാത്രി പന്ത്രണ്ടിനെത്തിയ സംഘം പുലർച്ചെയാണ്‌ മുറി ഒഴിഞ്ഞത്‌. ലോഡ്‌ജിന്റെ വാടകബിൽ ബിജെപി ഓഫീസിൽ നൽകുമ്പോഴാണ്‌ പണം തരാറുള്ളതെന്നും  ഈ വിവരം പൊലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റർ പൊലീസ് പരിശോധിച്ചതായും ഹോട്ടൽ ജീവനക്കാരൻ മാധ്യമങ്ങളോടും വ്യക്തമാക്കി. ലോഡ്‌ജിലെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്.


 

ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജനെയും ഡ്രൈവർ  ഷംജീറിനെയും വ്യാഴാഴ്‌ചയാണ്‌ തൃശൂർ പൊലീസ് ക്ലബ്ബിൽ വീണ്ടും ചോദ്യംചെയ്‌തത്‌. പറയാനുള്ളതെല്ലാം പൊലീസിനോട്‌ പറഞ്ഞതായി  ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ധർമരാജൻ പറഞ്ഞു. സംഘത്തിന്‌ വാഹനം നൽകിയ ഒരു സ്‌ത്രീയെയും അന്വേഷകസംഘം വ്യാഴാഴ്‌ച വിളിപ്പിച്ചിരുന്നു.

അടുത്തദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി  ഗിരീഷ്  എന്നിവരെയും തുടർന്ന്‌ കർത്തയെയും ധർമരാജിന്‌ പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടുംചോദ്യം ചെയ്യും. നേരത്തേ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ്‌സേനൻ, മധ്യമേഖലാ സംഘടനാ സെക്രട്ടറി  ജി കാശിനാഥൻ എന്നിവരേയും  ചോദ്യംചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top