26 May Wednesday

നടുക്കടലിൽ ദ്വീപ്‌: ഭൂനിയമം മാറ്റി 
കുടിയിറക്കാനും നീക്കം ; മൂന്ന്‌ വർഷം കൂടുമ്പോൾ 
 ഭൂവുടമസ്ഥാവകാശം സംബന്ധിച്ച്‌ 
 എൻഒസിയെടുക്കണം

സുജിത്‌ ബേബിUpdated: Wednesday May 26, 2021



കോഴിക്കോട്‌
കലിതുള്ളിക്കയറി വന്നിട്ടും, കടലെടുക്കാതെ വിട്ട കര ദ്വീപ്‌ നിവാസികളിൽനിന്ന്‌ തട്ടിയെടുക്കാൻ കേന്ദ്ര സർക്കാർ ഭൂവുടമ ചട്ടവും മാറ്റി.  മൂന്നു വർഷം കൂടുമ്പോൾ ഉടമസ്ഥാവകാശം പുതുക്കാത്തവർക്ക്‌ ഭൂമിയിൽ അവകാശം നഷ്ടപ്പെടുമെന്ന നിബന്ധന അടിച്ചേൽപിച്ചാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉടമസ്ഥരിൽ നിന്ന്‌ ഭൂമി തട്ടാൻ ശ്രമിക്കുന്നത്‌.  നിലവിൽ ലക്ഷദ്വീപിലുള്ളവർക്ക്‌ മാത്രമാണ്‌ അവിടെ അവകാശം. നിയമഭേദഗതി വരുന്നതോടെ എല്ലാവർക്കും ഭൂമിക്കുമേൽ പൂർണാവകാശം നഷ്ടമാകും. പകരം മൂന്ന്‌ വർഷം കൂടുമ്പോൾ ഭൂവുടമസ്ഥാവകാശം സംബന്ധിച്ച്‌ എൻഒസിയെടുക്കണം.  ഇല്ലെങ്കിൽ രണ്ട്‌ ലക്ഷം രൂപ പിഴയീടാക്കും. കൂടാതെ പുതുക്കുന്ന ദിവസംവരെ പ്രതിദിനം 20,000 രൂപ വീതം പിഴയൊടുക്കണം.

ഭൂവുടമാവകാശ ചട്ടം മാറ്റിയത്‌ ദ്വീപ്‌ നിവാസികൾക്കിത്‌ വലിയ തിരിച്ചടിയാണ്‌.  തൊഴിലാളികളിൽ ഭൂരിഭാഗവും കടലിലോ സമീപ ദ്വീപുകളിലോ ആയിരിക്കും പലപ്പോഴും. യഥാസമയം ഉടമസ്ഥാവകാശം പുതുക്കാനായെന്ന്‌ വരില്ല. സാധാരണക്കാർക്ക്‌ ഇത്രവലിയ പിഴ അടയ്‌ക്കാനുമാവില്ല. അതോടെ ദ്വീപ്‌ നിവാസികളുടെ കൂട്ടപ്പലായനത്തിന്‌ വഴിയൊരുങ്ങും.പുതിയ പരിഷ്‌കാരങ്ങൾക്ക്‌ ലക്ഷദ്വീപ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റി (എൽഡിഎ) രൂപീകരിക്കുമെന്ന്‌ കരട്‌ വിജ്ഞാപനം പറയുന്നു. സർക്കാർ നിയോഗിക്കുന്ന ചെയർമാൻ, മൂന്ന്‌ പ്രതിനിധികൾ, ടൗൺ പ്ലാനിങ്‌ ഓഫീസർ, രണ്ട്‌ തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതായിരിക്കും അതോറിറ്റി.  അധികൃതർ താമസിക്കുന്ന കന്റോൺമെന്റ്‌ ഏരിയ ഒഴികെ ഏത്‌ പ്രദേശവും അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. റിയൽ എസ്‌റ്റേറ്റ്‌ മാഫിയകൾക്കുവേണ്ടി  ദ്വീപുകാരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്നതെന്നാണ്‌ തദ്ദേശീയരുടെ ആക്ഷേപം. കരട്‌ വിജ്ഞാപനം പിൻവലിക്കാനാവശ്യപ്പെട്ട്‌ നൂറുകണക്കിന്‌ നിവേദനങ്ങൾ അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ നൽകിയിട്ടുണ്ട്‌. ലക്ഷദ്വീപിന്റെ പാരിസ്ഥിതിക ഘടനയെത്തന്നെ മാറ്റിമറിക്കുന്ന നിരവധി നിർമാണ പ്രവർത്തനങ്ങൾക്കും  കരട്‌ വിജ്ഞാപനം വഴിതുറക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top