25 May Tuesday

കാര്യം സാധിച്ച ശേഷം വി ഡി സതീശന്‍ തള്ളിപ്പറഞ്ഞു: എന്‍എസ്എസ്

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021

ചങ്ങനാശേരി  > തെരഞ്ഞെടുപ്പിനു മുമ്പ് എന്‍സ്എസ് ആസ്ഥാനത്തെത്തി സഹായം അഭ്യര്‍ഥിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പുതിയ സ്ഥാനമേറ്റശേഷം എന്‍എസ്എസിന് തള്ളിപ്പറയുന്നത് ശരിയല്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യം വരുമ്പോള്‍ മത-സാമുദായിക സംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം നല്ലതല്ല. പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്നാണ് സതീശന്‍ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നത്.

തെരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ഥിച്ച് എന്‍എസ്എസ് ആസ്ഥാനത്തെത്തി ഒരുമണിക്കൂറോളം ചെലവഴിച്ചയാളാണ് വി ഡി സതീശന്‍. അതിനുശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ഥിച്ചു. പാര്‍ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെപിസിസിയാണ്, പ്രതിപക്ഷ നേതാവല്ല. പുതിയ പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ച് കെപിസിസിയുടെ നിലപാട് വ്യക്തമാക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആര്‍ക്കും എതിരായ നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാര്‍ടികളോടും മേലിലും ഉണ്ടാവൂ. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും. തെറ്റായ കാര്യങ്ങള്‍ കണ്ടാല്‍  അവരെ അറിയിക്കുകയും ചെയ്യും. ഈ നിലപാടാണ് എന്‍എസ്എസിന് ഉള്ളതെന്ന് ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top