25 May Tuesday

സതീശന്റെ അട്ടിമറി 
ഗ്രൂപ്പുപോര്‌ രൂക്ഷമാക്കും - പി സി ചാക്കോ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021

സ്വന്തം ഗ്രൂപ്പിന്റെ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ അട്ടിമറിച്ച്‌ വി ഡി സതീശൻ പ്രതിപക്ഷനേതാവായത്‌ വരുംദിവസങ്ങളിൽ കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുപോര്‌ രൂക്ഷമാക്കുമെന്ന്‌ എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. രമേശ്‌ ചെന്നിത്തലയുടെ തലമുറയിൽപ്പെട്ട വി ഡി സതീശനെ നേതാവാക്കുന്നത്‌ എങ്ങനെ തലമുറമാറ്റമാകുമെന്നും അദ്ദേഹം ചോദിച്ചു. രമേശിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ വൻ പരാജയം നേരിട്ട അവസരം മുതലെടുത്ത്‌ വി ഡി സതീശൻ നടത്തിയ നീക്കം കേരളത്തിലെ കോൺഗ്രസ്‌ ഗ്രൂപ്പുപോരിന്‌ പുതിയ സ്വഭാവം നൽകിയെന്നും എ, ഐ ഗ്രൂപ്പുകൾ വരുംദിവസങ്ങളിൽ സതീശനെതിരെ സജീവമാകുമെന്നും എഐസിസി മുൻ വക്താവുകൂടിയായ പി സി ചാക്കോ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

വി ഡി സതീശൻ ഗ്രൂപ്പിന്‌ അതീതനാണെന്ന വാദത്തെക്കുറിച്ച്‌ എന്തുപറയുന്നു
സതീശൻ ഗ്രൂപ്പുകൾക്ക്‌ അതീതനല്ല. സ്ഥാനം നേടാനായി ഐ ഗ്രൂപ്പിനെ പിന്തുണയ്‌ക്കുകയും പുറമെ നിഷ്‌പക്ഷനെന്ന്‌ മേനിനടിക്കുകയും ചെയ്യുന്ന നേതാവാണ്‌. യുഡിഎഫ്‌ ജയിച്ചാൽ രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനും സ്വയം ധനമന്ത്രിയാകാനും ഐ ഗ്രൂപ്പിൽ പ്രചാരണം നടത്തിയ ആളാണ്‌ സതീശൻ. പരാജയത്തെ തുടർന്ന്‌ ചെന്നിത്തല ദുർബലനായതോടെ സതീശൻ യുവ എംഎൽഎമാരെക്കൊണ്ട്‌ തന്റെ പേര്‌ പറയിക്കുകയായിരുന്നു.

ഉമ്മൻചാണ്ടിയുടെ അസംതൃപ്‌തിക്ക്‌ കാരണമെന്താണ്‌
രമേശിനെ പ്രതിപക്ഷനേതാവാക്കി കെ സി ജോസഫിലൂടെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഉറപ്പിക്കാനുള്ള ധാരണയാണ്‌ ഉമ്മൻചാണ്ടി രമേശുമായി ഉണ്ടാക്കിയത്‌. അതും സതീശന്റെ അട്ടിമറിയിലൂടെ നഷ്‌ടമായി.

കോൺഗ്രസിലെ ഗ്രൂപ്പുപോര്‌ രൂക്ഷമാകുമെന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്‌
സതീശന്റെ അട്ടിമറിക്കെതിരെ എ, ഐ ഗ്രൂപ്പുകളുടെ പ്രതികാരമാകും വരുംദിവസങ്ങളിൽ കോൺഗ്രസിലെ ഗ്രൂപ്പുപോരിന്റെ ഗതി നിർണയിക്കുക. ബൂത്ത്‌ പ്രസിഡന്റുമുതൽ കെപിസിസി പ്രസിഡന്റുവരെ ഗ്രൂപ്പ്‌ നോമിനേഷനായ കോൺഗ്രസിൽ വി എം സുധീരന്‌ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചുപോകേണ്ടിവന്ന സ്ഥിതി സതീശനെയും കാത്തിരിക്കുകയാണ്‌.

എ കെ ആന്റണിക്കും കെ സി വേണുഗോപാലിനും സതീശന്റെ നിയമനത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ
എന്നും ഉമ്മൻചാണ്ടി–-ചെന്നിത്തല സമവാക്യം നിലനിർത്താൻ ഹൈക്കമാൻഡിൽ വാദിക്കുന്ന ആളാണ്‌ ആന്റണി. രമേശിനെയും ഉമ്മൻചാണ്ടിയെയും വിശ്വാസത്തിലെടുക്കാതെ ഒന്നും തീരുമാനിക്കരുതെന്നാണ്‌ ആന്റണി സോണിയയോടും രാഹുലിനോടും പറയാറുള്ളത്‌. എന്നാൽ, എംഎൽഎമാരുടെ അഭിപ്രായം തേടണമെന്ന രാഹുലിന്റെ മനസ്സറിഞ്ഞതോടെ ആന്റണി നിശ്ശബ്‌ദനായി.

സതീശനെ എക്കാലത്തും എതിർക്കുന്ന കെ സി വേണുഗോപാലും രാഹുലിന്റെ തീരുമാനം മനസ്സിലാക്കിയതോടെ പിൻവാങ്ങി. താൻകൂടി ഇടപെട്ടാണ്‌ സതീശന്റെ നിയമനമെന്ന്‌ വരുത്തിത്തീർക്കാൻ കേരളത്തിലെത്തി ശ്രമിക്കുകയും ചെയ്‌തു. പ്രതിപക്ഷനേതാവ്‌ മാറിയാൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനവും പുതുമുഖത്തിന്‌ കിട്ടുമെന്നു പ്രതീക്ഷിച്ചാണ്‌, ആ സ്ഥാനം മോഹിക്കുന്ന സുധാകരൻ സതീശന്‌ പിന്തുണ നൽകുന്നത്‌.

ഇനി വർഗീയസഖ്യമില്ലെന്ന്‌ സതീശൻ പറയുന്നതോ
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമുതൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പുവരെ വർഗീയതയുമായി ധാരണ ചെയ്‌ത്‌ മത്സരിക്കുന്ന കോൺഗ്രസിന്റെ വർഗീയസഖ്യം സതീശൻ വിചാരിച്ചാൽ അവസാനിപ്പിക്കുമെന്നു പറയുന്നതും തട്ടിപ്പാണ്‌. സതീശന്റെ പറവൂർ മണ്ഡലത്തിൽ ഉൾപ്പെടെ എൻഡിഎ വോട്ട്‌ എവിടെ പോയെന്നു പറയട്ടെ.

വരുംദിവസങ്ങളിൽ കൂടുതൽപേർ കോൺഗ്രസ്‌ വിടുമെന്നു പറയുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌
ലതികാ സുഭാഷ്‌ ചർച്ച നടത്തിയിട്ടുണ്ട്‌. അവർ ഉടൻ എൻസിപിയിൽ ചേരും. മുൻ ഡിസിസി പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടെയുള്ള നേതാക്കൾ വിളിക്കുന്നുണ്ട്‌. ലോക്‌ഡൗൺ കഴിഞ്ഞശേഷം കൂടിക്കാഴ്‌ച നടത്തും. ആദ്യം അവർ പാർടി വിടട്ടെ. എന്നിട്ടാകാം ബാക്കി കാര്യങ്ങളെന്നാണ്‌ അവരോട്‌ പറഞ്ഞത്‌.
തയ്യാറാക്കിയത്‌: ടി ആർ അനിൽകുമാർ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top