25 May Tuesday

സുധാകരനെ തടയാൻ ഗ്രൂപ്പുകളുടെ 
സംയുക്ത നീക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021


തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കെ സുധാകരന്റെ വരവിനെ തടയാൻ എ–-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം. വി ഡി സതീശൻ പ്രതിപക്ഷനേതാവായതിനു പിന്നാലെ സുധാകരൻ കെപിസിസിയുടെ തലപ്പത്തെത്തിയാൽ നിലവിലെ ഗ്രൂപ്പ്‌ സംവിധാനങ്ങളാകെ തകിടംമറിയുമെന്ന ആശങ്കയാണ്‌ ഇതിന്‌ പിന്നിൽ. സതീശനെ പ്രതിപക്ഷനേതാവാക്കിയ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തങ്ങൾക്ക്‌ വേണമെന്നാണ്‌ എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ, ഹൈക്കമാൻഡിൽ നിർണായക സ്വാധീനമുള്ള കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന വിഭാഗം മറ്റൊരാളെ അധ്യക്ഷസ്ഥാനത്തേക്ക്‌ കൊണ്ടുവരാനുള്ള സാധ്യതയാണ്‌ രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ളവരെ അസ്വസ്ഥരാക്കുന്നത്‌. തോൽവി പഠിക്കാനുള്ള അശോക്‌ ചവാൻ സമിതി അടുത്ത ആഴ്‌ച കേരളത്തിലെത്തും.

മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്ന്‌ നീക്കുമെന്ന്‌ ഹൈക്കമാൻഡ്‌ അറിയിച്ചിട്ടുണ്ട്‌. പ്രതിസന്ധിഘട്ടത്തിൽ പാർടിയെ ഉപേക്ഷിച്ച്‌ പോകുന്നത്‌ ശരിയല്ലാത്തതുകൊണ്ടാണ്‌ ഹൈക്കമാൻഡിന്റെ തീരുമാനം കാത്തുനിൽക്കുന്നതെന്ന്‌ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന് പുതിയ മുഖമുണ്ടാക്കുമെന്നും സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും കെ സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം അത്തരത്തിലാണെന്നും ഹൈക്കമാൻഡ്‌ പറഞ്ഞാൽ ഏത്‌ ദൗത്യവും ഏറ്റെടുക്കാൻ തയ്യാറാണെന്നും സുധാകരൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top