25 May Tuesday
ലെസ്‌റ്റർ ടോട്ടനത്തിനോട്‌ തകർന്നു ; ലെസ്‌റ്ററിന്‌ യോഗ്യതയില്ല

ലിവർപൂൾ, ചെൽസി കയറി; തോറ്റിട്ടും ചെൽസി ആദ്യ നാലിൽ , ലിവർപൂളിന്‌ മൂന്നാംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021



ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ സീസണിന്‌ ആവേശകരമായ ഒടുക്കം. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ യോഗ്യതയ്‌ക്കായുള്ള പോരിൽ ലിവർപൂളും ചെൽസിയും കടന്നപ്പോൾ ലെസ്‌റ്റർ സിറ്റിക്ക്‌ എത്തിപ്പിടിക്കാനായില്ല.ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റി എവർട്ടണെ അഞ്ച്‌ ഗോളിന്‌ തകർത്ത്‌ ഗംഭീരമായി അവസാനിപ്പിച്ചു. മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ 2‐1ന്‌ വൂൾവ്‌സിനെ തോൽപ്പിച്ച്‌ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

പട്ടികയിലെ ആദ്യ നാല്‌ സ്ഥാനക്കാർക്കായിരുന്നു യോഗ്യത. സിറ്റിയും യുണൈറ്റഡും ഉറപ്പിച്ചപ്പോൾ ശേഷിച്ച രണ്ട്‌ സ്ഥാനങ്ങൾക്കായി ചെൽസി, ലിവർപൂൾ, ലെസ്‌റ്റർ ടീമുകൾ ഇറങ്ങി.ലിവർപൂൾ ക്രിസ്‌റ്റൽ പാലസിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ മൂന്നാം സ്ഥാനം നേടിയപ്പോൾ ആസ്‌റ്റൺ വില്ലയോട്‌ 1‐2ന്‌ തോറ്റിട്ടും ചെൽസിക്ക്‌ ആദ്യ നാലിൽ ഇടം പിടിക്കാനായി. ടോട്ടനം ഹോട്‌സ്‌പറിനോട്‌ ലെസ്‌റ്റ്‌ർ  2‐4ന്‌ തോറ്റതാണ്‌ ചെൽസിക്ക്‌ തുണയായത്‌.

അവസാന മത്സരത്തിന്‌ ഇറങ്ങുമ്പോൾ ചെൽസി ‐67, ലിവർപൂൾ ‐66, ലെസ്‌റ്റർ 66‐ എന്നിങ്ങനെയായിരുന്നു പോയിന്റ്‌ നില.
ലെസ്‌റ്റർ ജാമി വാർഡിയുടെ പെനൽറ്റി ഗോളിൽ ടോട്ടനത്തിനെതിരെ മുന്നിൽ നിൽക്കുമ്പോൾ ചെൽസി വില്ലയോട്‌ ഒരു ഗോളിന്‌ പിന്നിലായിരുന്നു. ലിവർപൂൾ സാദിയോ മാനെയുടെ ഇരട്ടഗോളിൽ പാലസിനെ മറികടന്ന്‌ മുന്നേറുകയും ചെയ്‌തു.
അവസാന ഘട്ടത്തിൽ കളി മാറി. ലെസ്‌റ്റർ ലീഡ്‌ കളഞ്ഞു. ഇതിനിടെ ചെൽസി രണ്ട്‌ ഗോളിന്‌ പിന്നിലാകുകയും ചെയ്‌തു. പക്ഷേ, കളി അവസാനിക്കുമ്പോഴേക്കും ലെസ്‌റ്ററിന്റെ വലയിൽ ടോട്ടനം നാല്‌ ഗോൾ നിക്ഷേപിച്ചിരുന്നു. വാർഡിയുടെ ഇരട്ടഗോൾ വെറുതെയായി. ഇരട്ടഗോൾ നേടിയ ഗാരെത്‌ ബെയ്‌ലാണ്‌ ലെസ്‌റ്ററിനെ തകർത്തത്‌.  ഗോൾ കീപ്പർ കാസ്‌പെർ ഷ്‌മൈക്കേൽ പിഴവുഗോൾ വഴങ്ങിയതും ലെസ്‌റ്ററിന്‌ തിരിച്ചടിയായി.ടോട്ടനത്തിന്റെ ആദ്യഗോൾ ഹാരി കെയ്‌നിന്റെ വകയായിരുന്നു.

ചെൽസി തുടക്കംതന്നെ പതറി. ബെർട്രാൻഡ്‌ ട്രയോറെയും അൻവർ എൽ ഗാസിയും വില്ലയ്‌ക്കായി ഗോളടിച്ചു. ബെൻ ചിൽവെൽ ചെൽസിക്കായി ഒരു ഗോൾ മടക്കി. ചെൽസി പ്രതിരോധ താരം സെസാർ അസ്‌പ്ലിക്യുട്ട ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.  ഇതിനിടെ ഗോൾ കീപ്പർ എഡ്വേർഡ്‌ മെൻഡിക്ക്‌ പരിക്കേറ്റത്‌ ചെൽസിക്ക്‌ കനത്ത തിരിച്ചടിയായി. ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ സിറ്റിക്കെതിരെ മെൻഡി ഇറങ്ങിയേക്കില്ല.

ലെസ്‌റ്റർ യൂറോപയിൽ കളിക്കും. വെസ്‌റ്റ്‌ഹാം യുണൈറ്റഡിനും യൂറോപ കളിക്കാൻ അവസരം കിട്ടും.ലീഡ്‌സ്‌ യുണൈറ്റഡ്‌ വെസ്‌റ്റ്‌ ബ്രോമിനെ 3‐1ന്‌ തോൽപ്പിച്ച്‌ മികച്ച രീതിയിൽ സീസൺ അവസാനിപ്പിച്ചു.ചാന്പ്യൻമാരായ സിറ്റി സെർജിയോ അഗ്വേറോയുടെ ഇരട്ടഗോളിലാണ്‌ എവർട്ടണെ തകർത്തത്‌. കെവിൻ ഡി ബ്രയ്‌ൻ, ഗബ്രിയേൽ ജെസ്യൂസ്‌, ഫിൽ ഫോദെൻ എന്നിവരും സിറ്റിക്കായി ഗോളടിച്ചു.വൂൾവ്‌സിനെതിരെ യുണൈറ്റഡിന്‌ വേണ്ടി യുവതാരം ആന്തണി എലങ്കയും യുവാൻ മറ്റയും ഗോളടിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top