ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരനായ സെർജിയോ അഗ്വേറോയ്‌ക്ക് വീരോചിത യാത്രയയപ്പ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ ശേഷിക്കുന്നുണ്ടെങ്കിലും പ്രീമിയർ ലീഗിൽ ഈ മുപ്പത്തിരണ്ടുകാരന്റെ അവസാന മത്സരമായിരുന്നു. അടുത്ത സീസണിൽ സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയ്‌ക്ക് വേണ്ടി ഈ അഗ്വേറോ ബൂട്ട് കെട്ടിയേക്കും.
ലീഗിലെ അവസാന മത്സരത്തിൽ എവർട്ടണ സിറ്റി അഞ്ച് ഗോളിന് തകർത്തപ്പോൾ അതിൽ രണ്ടെണ്ണം ഈ അർജന്റീനക്കാരന്റെ വകയായിരുന്നു. ലീഗിൽ ആകെ 184 ഗോളും കുറിച്ചു. സിറ്റിക്കായി ആകെ 389 കളിയിൽ 260 ഗോളാണ് സമ്പാദ്യം.
എവർട്ടണിനെതിരെ കളി അവസാനിക്കാൻ 25 മിനിറ്റ് ശേഷിക്കെയാണ് അഗ്വേറോ കളത്തിലെത്തിയത്. ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ ഈ ഗോളടിക്കാരൻ ലക്ഷ്യം കണ്ടു.സിറ്റിയിൽ പത്ത് വർഷം പൂർത്തിയാക്കിയ അഗ്വേറോയ്‌ക്ക് ഈ സീസണിൽ പരിക്കുകാരണം മത്സരങ്ങൾ നഷ്ടമായി.
ചാമ്പ്യൻസ് ലീഗിൽ 29ന് ചെൽസിയാണ് സിറ്റിയുടെ എതിരാളികൾ. അഗ്വേറോ ബാഴ്‌സയിലേക്കായിരിക്കുമെന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പ്രതികരിച്ചു. ‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസിക്കൊപ്പം കളിക്കാനൊരുങ്ങുകയാണ് അഗ്വേറോ. കളത്തിൽ ബാഴ്‌സയെ കരുത്തരാക്കാൻ അഗ്വേറോയ്‌ക്ക് കഴിയും‐ ഗ്വാർഡിയോള പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..