തിരുവനന്തപുരം
ലോക്‌ഡൗണിനെത്തുടർന്ന് പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധി നീങ്ങി. ഞായറാഴ്‌ചമുതൽ പൂർണതോതിൽ പാൽ സംഭരിച്ചുതുടങ്ങി. ക്ഷീര കർഷകർക്ക് നഷ്‌ടം സംഭവിക്കാതിരിക്കാനുള്ള സർക്കാർ ഇടപെടലാണ് പ്രതിസന്ധി പരിഹരിച്ചത്. അധികമായി സംഭരിക്കുന്ന പാൽ അങ്കണവാടി, ഡൊമിസിലിയറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, അതിഥിത്തൊഴിലാളി ക്യാമ്പ്, സമൂഹ അടുക്കള, ആദിവാസി കോളനി എന്നിവിടങ്ങളിൽ വിതരണം ചെയ്‌താണ് പ്രതിസന്ധിയെ മറികടന്നത്.
മലബാർ മേഖലയിലാണ് പാൽ പൂർണമായി സംഭരിക്കാനാകാതിരുന്നത്. പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാൽ ഇവിടെ അധികമാണ്. ഈ പാൽ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ എത്തിച്ച് പാൽപ്പൊടിയാക്കിയിരുന്നു. കോവിഡ് പ്രതിസന്ധിമൂലം അവിടെയും പാലിന് ആവശ്യകത കുറഞ്ഞതോടെ പാൽപ്പൊടിയാക്കുന്നതിനും തടസ്സം നേരിട്ടു. ആഭ്യന്തര ഉപഭോഗം കുറയുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെയും ക്ഷീരവികസന മന്ത്രിയുടെയും ഇടപെടലിനെത്തുടർന്ന് അധികം വരുന്ന പാൽ കലക്‌ടർമാരുമായി ബന്ധപ്പെട്ട് കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും അതിഥിത്തൊഴിലാളി ക്യാമ്പുകളിലും കൊടുക്കാൻ നിർദേശിച്ചു. ഇതുപ്രകാരം ഞായറാഴ്‌ചമുതൽ മുഴുവൻ പാലും സംഭരിച്ചുതുടങ്ങിയതായി മിൽമ മലബാർ യൂണിയൻ ചെയർമാൻ കെ എസ് മണി പറഞ്ഞു.
ട്രിപ്പിൾ ലോക്‌ഡൗൺ പിൻവലിച്ചതിനാൽ തിരുവനന്തപുരം, എറണാകുളം മേഖലയിൽ പാൽ വിൽപ്പന കൂടിയതും അനുകൂലമായി. മലബാറിൽനിന്ന് അധികമുള്ള പാൽ ഈ മേഖലകളിലേക്കും നൽകാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..