23 May Sunday

നേപ്പാള്‍ പാര്‍ലമെന്റ് 
പിരിച്ചുവിട്ട് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021


കാഠ്മണ്ഡു
രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന നേപ്പാളില്‍ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി വീണ്ടും പാര്‍ലമെന്റ് പിരിച്ചുവിട്ടു. നവംബര്‍ 12നും 19നുമായി ഇടക്കാല  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കും നേപ്പാളി കോണ്‍​ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹദൂര്‍ ദ്യൂബ നയിക്കുന്ന പ്രതിപക്ഷസഖ്യത്തിനും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ്‌ ഇതെന്നാണ് വിശദീകരണം. എന്നാല്‍, പ്രസിഡന്റിന്റെ നടപടി ഭരണാഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ പാര്‍ടികള്‍ പ്രഖ്യാപിച്ചു.
 275 അം​ഗ സഭ പിരിച്ചുവിടാന്‍ വെള്ളിയാഴ്ച അര്‍ധരാത്രി ചേര്‍ന്ന മന്ത്രിസഭായോ​ഗത്തിനുശേഷം പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് പ്രസിഡന്റിന്റെ നടപടി. 

ഇത്‌ രണ്ടാംതവണയാണ്  ഒലിയുടെ ശുപാര്‍ശയില്‍ ഭണ്ഡാരി സഭ പിരിച്ചുവിടുന്നത്. ഡിസംബര്‍ 20ന് സഭ പിരിച്ചുവിട്ടെങ്കിലും സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ തീരുമാനം പിന്‍വലിക്കേണ്ടിവന്നു.
ആദ്യം നൽകിയ സമയത്ത്‌ ഭൂരിപക്ഷം തെളിയിക്കാൻ ഒലിക്ക്‌ കഴിയാഞ്ഞതിനാൽ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച പ്രതിപക്ഷം പിന്തുണയ്‌ക്കുന്നവരുടെ പട്ടിക പ്രസിഡന്റിന് നല്‍കിയതിന്‌ പിന്നാലെ ഒലിയും അവകാശവാദം ഉന്നയിച്ച് പട്ടിക നൽകി. രണ്ടിലും ചില എംപിമാരുടെ ഒപ്പുകള്‍ ആവര്‍ത്തിച്ചത് വന്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി.

ഒലിയും ഭണ്ഡാരിയും ചേര്‍ന്ന് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണെന്നും ഇതിനെതിരെ പൊതുവികാരം ഉയരണമെന്നും പ്രതിപക്ഷ പാര്‍ടികള്‍ സംയുക്തപ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top