23 May Sunday

ഇന്ത്യയിൽനിന്നുള്ള 
വിമാനങ്ങൾക്ക്‌ 
നിരോധനം നീട്ടി ക്യാനഡ

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021


ഒട്ടാവ
ഇന്ത്യയിൽനിന്നും പാകിസ്ഥാനിൽനിന്നുമുള്ള വിമാനയാത്രാ നിരോധനം കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ജൂൺ 21 വരെ നീട്ടി ക്യാനഡ. നിലവിലുള്ള 30 ദിവസത്തെ നിരോധനം ശനിയാഴ്ച അവസാനിച്ചിരുന്നു. കോവിഡ്‌ പ്രതിരോധ ഉപകരണങ്ങൾ, വാക്സിൻ, മറ്റ്‌ അവശ്യവസ്തുക്കൾ എന്നിവ വഹിക്കുന്ന ചരക്കുവിമാനങ്ങൾക്ക്‌ ഇളവുണ്ട്‌. ഇന്ത്യയിൽനിന്നോ പാകിസ്ഥാനിൽനിന്നോ മറ്റു രാജ്യങ്ങൾ വഴി എത്തുന്നവർ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ സമർപ്പിക്കുകയും രണ്ടാഴ്ച സമ്പർക്കവിലക്കിൽ കഴിയുകയും വേണം. ശ്രീലങ്കയിൽ വെള്ളിയാഴ്ചമുതൽ നാലു ദിവസത്തേക്ക്‌ പൊതുഗതാഗതം നിർത്തിവച്ചു. ചൊവ്വാഴ്ചവരെ ട്രെയിനും ബസും ഓടില്ല. പൊതു ഇടങ്ങളിലെ ഒത്തുചേരൽ, വിരുന്നുകൾ, കല്യാണം  എന്നിവ നേരത്തേ വിലക്കിയിരുന്നു.

അതേസമയം, ജർമനിയിൽ കോവിഡ്‌ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്‌ പ്രഖ്യാപിച്ചു. ബിയർ ഗാർഡനുകളിലും ഭക്ഷണശാലകളിലും തുറന്ന ഇടങ്ങളിൽ ആളുകളെ അനുവദിച്ചുതുടങ്ങി. കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുമായി വരുന്നവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നവർക്കുമാണ്‌ അനുമതി. എന്നാൽ, മാസ്ക്‌ ധാരണവും സാമൂഹിക അകലം പാലിക്കലും തുടരണമെന്ന്‌ ചാൻസലർ ആംഗല മെർക്കൽ വ്യക്തമാക്കി. ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽനിന്ന്‌ വ്യോമയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ ജർമനി, ആ പട്ടികയിൽ ബ്രിട്ടനെയും ഉൾപ്പെടുത്തി. വൈറസിന്റെ ഇന്ത്യൻ വകഭേദം ബ്രിട്ടനിലും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top