ബീജിങ്
ചൈനയുടെ സുറോങ് റോവറിന്റെ ചൊവ്വാ പര്യവേക്ഷണത്തിന് തുടക്കം. 240 കിലോയും ആറ് ചക്രവുമുള്ള റോവർ, ലാൻഡിങ് പ്ലാറ്റ്‌ഫോമിൽനിന്ന് ചുവന്ന ഗ്രഹത്തിന്റെ മണ്ണിലേക്ക് ഇറങ്ങി. ചൊവ്വയിൽ ജീവന്റെ സാധ്യത പഠിക്കാൻ ടിയാൻവെൻ–- 1 പേടകത്തിൽ 2020 ജൂലൈ 23ന് ചൈനയിൽനിന്ന് യാത്ര തിരിച്ച സുറോങ്ങിനെയും വഹിച്ചുള്ള ലാൻഡർ ഗ്രഹത്തിന്റെ ഉട്ടോപ്യൻ പ്ലനീഷ്യയിൽ മെയ് 15നാണ് ഇറങ്ങിയത്.
നീല ചിത്രശലഭം പോലുള്ള സുറോങ് മൂന്നുമാസത്തോളം ചൊവ്വയിൽ ചെലവിട്ട് ഗ്രഹോപരിതലത്തിന്റെ സവിശേഷതകളും മണ്ണിന്റെ ഘടനയും പഠിക്കാൻ ആവശ്യമായ ചിത്രങ്ങളും സാമ്പിളുകളും ശേഖരിക്കും. മണ്ണിനടിയിലെ ഘടനയെപ്പറ്റിയും കാന്തിക മണ്ഡലത്തെപ്പറ്റിയുമുള്ള വിവരങ്ങളും ശേഖരിക്കും.
വെള്ളത്തിന്റെയോ ഐസിന്റെയോ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനാവശ്യമായ ക്യാമറകൾ, റഡാർ, ഡിറ്റക്ടറുകൾ എന്നിവ റോവറിലുണ്ട്. ആറ് ചക്രത്തിനും സ്വതന്ത്രമായി ചലിക്കാനാകും. സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തനം. ഓർബിറ്ററിന് ഒരു ചൊവ്വാ വർഷത്തെ (687 ദിവസം) ആയുഷ്കാലമാണ് പ്രവചിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..