പനാജി
പീഡനക്കേസിൽ തെഹൽക്ക സ്ഥാപക എഡിറ്റർ തരുൺ തേജ്‌പാലിനെ ഗോവയിലെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ലിഫ്‌റ്റിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. മപൂസ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ക്ഷമ ജോഷിയുടെയാണ് ഉത്തരവ്. മാർച്ചിൽ വാദം പൂർത്തിയായശേഷം വിധിപറയുന്നത് മൂന്നു തവണ മാറ്റിവച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഗോവ സർക്കാർ അറിയിച്ചു.
വിധി കേൾക്കാൻ കുടുംബത്തോടൊപ്പമാണ് തേജ്‌പാൽ എത്തിയത്. ആരോപണം വ്യാജമായിരുന്നെന്നും നീതിലഭിച്ചതിൽ നന്ദിയുണ്ടെന്നും കാരണം, രാജ്യത്ത് നീതി എപ്പോഴും ലഭിക്കാറില്ലെന്നും തേജ്‌പാൽ പ്രസ്‌താവനയിൽ പറഞ്ഞു. 2013ൽ ഗോവയിലെ റിസോർട്ടിൽ തെഹൽക്ക സംഘടിപ്പിച്ച പരിപാടിക്കിടെ പീഡനമുണ്ടായെന്ന യുവതിയുടെ പരാതി ഇ–-മെയിലുകൾ പുറത്തുവന്നതോടെ തേജ്‌പാൽ തെഹൽക്ക എഡിറ്റർ സ്ഥാനം ഒഴിഞ്ഞു. 2013 നവംബറിൽ അറസ്‌റ്റിലായ തേജ്‌പാൽ 2014 മെയ് മുതൽ ജാമ്യത്തിലാണ്.
2017ൽ വിചാരണക്കോടതി, സ്‌ത്രീയുടെ അന്തസ് ഹനിക്കാൻ ശ്രമം, ബലാത്സംഗം, തടഞ്ഞുവയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾ തേജ്‌പാലിനെതിരെ ചുമത്തി. ഇതിനെതിരെ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..