22 May Saturday
കേന്ദ്രനീക്കം വാക്സിന്‍ക്ഷാമത്തില്‍ സംസ്ഥാനങ്ങളുടെ അതൃപ്തി കടുത്തതോടെ

കോവാക്‌സിൻ വിദേശത്തും ഉൽപ്പാദിപ്പിക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 22, 2021


ന്യൂഡൽഹി
വാക്‌സിൻക്ഷാമം അതിരൂക്ഷമായതോടെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ വിദേശത്തുകൂടി ഉൽപ്പാദിപ്പിക്കാന്‍ കേന്ദ്രനീക്കം. കോവാക്‌സിൻ ഉൽപ്പാദനം കൂട്ടാൻ ലോകാരോഗ്യ സംഘടനയെ സമീപിക്കാനും ശ്രമം. വിദേശ വാക്‌സിനുകൾ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാന്‍ മൊഡേണ, ജോൺസൺ ആൻഡ്‌ ജോൺസൺ തുടങ്ങിയ വാക്‌സിൻ നിർമാതാക്കളെയും സമീപിക്കും. സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമത്തില്‍ കടുത്ത അതൃപ്തി അറിയിച്ചതോടെയാണ് വൈകിയാണെങ്കിലും വാക്‌സിൻ ഉൽപ്പാദനം വർധിപ്പിക്കാന്‍ കേന്ദ്രം നീക്കം ആരംഭിച്ചത്.

രാജ്യത്ത്‌ വാക്സിന്‍ നിര്‍മാണത്തിന് സന്നദ്ധരാകുന്ന കൂടുതൽ സ്ഥാപനങ്ങൾക്ക്‌ വൊളന്ററി ലൈസൻസ്‌ അനുവദിക്കണമെന്ന ആവശ്യവുമായി കോവിഷീൽഡ് വികസിപ്പിച്ച അസ്‌ട്രസെനെകയെ സമീപിക്കാൻ വിദേശമന്ത്രാലയത്തിന്‌ കേന്ദ്രം നിർദേശം നൽകി. നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്‌ മാത്രമാണ്‌ ഇന്ത്യയിലെ കോവിഷീൽഡ്‌ ഉൽപ്പാദകര്‍. കോവിഷീൽഡ്‌ ഉൽപ്പാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കാനും ഇതിനായി കൂടുതൽ സ്രോതസ്സ് കണ്ടെത്താനും  മാർഗരേഖ വിദേശമന്ത്രാലയവും ജൈവ സാങ്കേതികവിദ്യാവകുപ്പും തയ്യാറാക്കും.
കോവാക്‌സിൻ ഉൽപ്പാദനത്തിന്‌ ബയോസേഫ്‌റ്റി ലാബറട്ടറി 3 (ബിഎസ്‌എൽ 3) ആവശ്യമാണ്‌. ഈ സൗകര്യമുള്ള നിർമാതാക്കളെ കണ്ടെത്താൻ  നിർദേശം നൽകി.

ഫൈസർ വാക്‌സിന്‍ ഉൽപ്പാദനത്തിന് നിലവിൽ തടസ്സമായി നിൽക്കുന്ന ബാധ്യതാ കരാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാന്‍ വ്യവസായ–- ആഭ്യന്തര വ്യാപാര പ്രോത്സാഹനവകുപ്പ്‌ വിദേശമന്ത്രാലയവും നിതി ആയോഗും നിയമ സെക്രട്ടറിയുമായി കൂടിയാലോചന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top