22 May Saturday

യാസ്‌ ചുഴലിക്കാറ്റ്‌ : സഞ്ചാരപഥത്തിൽ കേരളമില്ല; ശക്തമായ മഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Saturday May 22, 2021


തിരുവനന്തപുരം
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രാവിലെ  ന്യൂനമർദം രൂപപ്പെട്ടു.  സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ സംസ്ഥാനത്ത്‌ 26 വരെ വിവിധ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും.  

ഞായറാഴ്ച  ന്യൂനമർദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമാകും. 24ഓടെ ചുഴലിക്കാറ്റായും പിന്നീട്‌ ശക്തിപ്രാപിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പുനൽകി.  ‘യാസ്‌’ ചുഴലിക്കാറ്റ്‌ 26നു രാവിലെ  പശ്ചിമബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേരും. 26ന് വൈകിട്ട്‌   കര  തൊടും.

25 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടലിലും മധ്യപടിഞ്ഞാറൻ ബംഗാൾ  ഉൾക്കടലിലും  ആന്തമാൻ കടലിലും  തമിഴ്‌നാട്‌ –- ആന്ധ്ര തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. സംസ്ഥാന തീരത്ത്‌ മീൻപിടിത്തത്തിന്‌ തടസ്സമില്ല.  

സംസ്ഥാനത്ത്‌ വിവിധ ജില്ലയിൽ 26 വരെ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴയുണ്ടാകും. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലും 25നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലും  ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top