22 May Saturday

രണ്ടാം തരംഗം ജൂണിൽ കുറയും, 
മൂന്നാം വരവ്‌ ഒക്ടോബറിൽ : ഐഐടി പഠനം

വെബ് ഡെസ്‌ക്‌Updated: Saturday May 22, 2021


തിരുവനന്തപുരം
കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന്‌ പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന്‌ സാധ്യതയുണ്ടെന്നും കാൺപുർ ഐഐടി നടത്തിയ പഠനത്തിൽ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മികച്ചഫലമാണ്‌ ഉണ്ടാക്കുന്നതെന്ന്‌ പഠനത്തിന്‌ നേതൃത്വം നൽകിയ പ്രൊഫ. മനീന്ദർ അഗർവാൾ സ്വകാര്യ എഫ്‌എം റേഡിയോയ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാജ്യത്ത്‌ കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളിൽ ഇതുവരെ കൃത്യമായത്‌ കാൺപുർ ഐഐടിയുടേതാണ്‌. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ്‌ ഇവരുടെ പഠനം. ഉത്തർപ്രദേശിൽ കോവിഡ് നിയന്ത്രണമില്ലാതെ പടർന്നപ്പോൾ സംസ്ഥാന സർക്കാർ കാൺപുർ ഐഐടിയിലെ ഉദ്യോഗസ്ഥരെ ആശ്രയിച്ചിരുന്നു.

മെയ്‌ പകുതിയോടെ രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി മറികടക്കുമെന്ന്‌ ഇവർ പ്രവചിച്ചിരുന്നു. പൊതുവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്‌ ശരിവയ്‌ക്കുകയാണ്‌ ഐസിഎംആറിലെ വിദഗ്ധരും. എന്നാൽ, മൂന്നാം തരംഗത്തിന്റെ വ്യാപ്തി എത്രയുണ്ടാകുമെന്ന്‌ ഇപ്പോൾ പ്രവചിക്കാനാകാത്ത സാഹചര്യമാണെന്നും മനീന്ദർ അഗർവാൾ പറഞ്ഞു. ഒക്ടോബർ–- നവംബറോടെ പരമാവധി പേർക്ക്‌ വാക്‌സിൻ നൽകാൻ കഴിഞ്ഞാൽ മൂന്നാംതരംഗം ഗുരുതരാവസ്ഥയിലെത്താതെ നോക്കാം. എന്നാലും, കടുത്ത ജാഗ്രതയോടെ പുതിയ വൈറസ്‌ രൂപാന്തരങ്ങളെ കരുതിയിരിക്കണമെന്നും പഠനത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top