22 May Saturday

പുതു ചരിത്രം; കേരളം സര്‍ക്കാരിന് അഭിവാദ്യം: ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021

 

മനാമ  > കേരളത്തില്‍ പുതുചരിത്രം എഴുതി അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭക്ക് ബഹ്‌റൈന്‍ പ്രതിഭ അഭിവാദ്യം അര്‍പ്പിച്ചു. 
 
തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകളും പുതുമുഖങ്ങളായ ഒട്ടേറെ യുവാക്കളുമായാണ് സര്‍ക്കാര്‍ സത്യപ്രതിജ്ജ ചെയ്തത്. ഇത് ഭാവി കേരളത്തിന്റെ ദിശാസൂചിക കൂടിയാണ്. 
 
ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കുന്ന അനുഭവ സമ്പത്തും യുവത്വത്തിന്റെ ഊര്‍ജ്ജവും ഒത്തുചേരുന്ന ഒരു മന്ത്രിസഭയാണ് അടുത്ത അഞ്ചു വര്‍ഷം കേരളത്തെ നയിക്കുക. വൈവിധ്യമാര്‍ന്ന മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ് മന്ത്രിസഭയില്‍ എത്തിയ പുതുമുഖങ്ങള്‍. കേരളത്തെ നയിക്കാന്‍ എല്ലാ അര്‍ഥത്തിലും പ്രാപ്തിയുള്ളവര്‍. ഏറ്റെടുത്ത ചുമതലകളെല്ലാം പത്തരമാറ്റോടെ നിര്‍വഹിച്ചവര്‍ ഒത്തുചേരുന്നതുകൊണ്ടുകൂടിയാണ് ഈ മന്ത്രിസഭയെ ജനങ്ങള്‍ നിറഞ്ഞ പ്രതീക്ഷയോടെ സ്വീകരിക്കുന്നത്.
 
മഹാപ്രളയങ്ങളും ഓഖിയും നിപായും കോവിഡും അടക്കമുള്ള പ്രതിസന്ധികളില്‍ തളരാതെ കേരളത്തെ നയിച്ച സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും വ്യത്യസ്തവും അപൂര്‍വവും ധീരവുമായ ചുവടുവയ്പാണ് തെരഞ്ഞെടുപ്പുവേളയില്‍ത്തന്നെ നടത്തിയത്. രണ്ടു തവണ തുടര്‍ച്ചയായി എംഎല്‍എമാരായവര്‍ക്ക് പകരം പുതിയ ആളുകളെ മത്സരിപ്പിക്കാന്‍ സിപിഐഎം എടുത്ത തീരുമാനത്തെ കേരളം അത്ഭുതാദരങ്ങളോടെയാണ് സ്വീകരിച്ചത്.
 
പ്രവാസികളുടെ ക്ഷേമ കാര്യത്തിലും പുനരധിവാസത്തിലും ചരിത്രം കുറിച്ച സര്‍ക്കാര്‍ ആയിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത് എന്നും പ്രതിഭ ചൂണ്ടിക്കാട്ടി.
 
പ്രവാസികളെ ഭരണത്തില്‍ പങ്കാളികള്‍ ആക്കി എന്നതായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പക്കിയ ചരിത്ര പരമായ ഇടപെടല്‍. ലോക കേരളസഭ, പ്രവാസി കമ്മീഷന്‍, നോര്‍ക്ക, തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ പ്രവാസികളുടെ നേതൃത്വത്തില്‍ വരികയും അവയാകെ ചലനാത്മകമാവുകയും ചെയ്തു. ഇവയുടെ തുടര്‍ച്ചയും വികാസവും പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ഒന്നാമൂഴത്തിന്റെ സത്ഫലങ്ങളെയും സമാഹരിച്ചും പുതിയ സാദ്ധ്യതകള്‍ തേടിയും ഉള്ള രണ്ടാമൂഴം ഒരു നവകേരള സൃഷ്ടി എന്ന സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യുമെന്ന് ബഹ്‌റൈന്‍ പ്രതിഭ രക്ഷാധികാരി പി ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് കെഎം സതീഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 
 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top