21 May Friday

മുംബൈ ബാർജ്‌ അപകടം: 
37 മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021


മുംബൈ
ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട്‌ അറബിക്കടലിൽ ഒഎൻജിസി ബാർജ്‌ മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. രണ്ട്‌ മലയാളികളും ഇതിലുൾപ്പെടുന്നു. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫ്‌ (35), പൊൻകുന്നം ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ(29) എന്നിവരാണ്‌ മരിച്ച മലയാളികൾ. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ്. ഒഎൻജിസി പ്രോജക്ട് എൻജിനിയറായിരുന്നു സസിൻ.

അപകടം ഉണ്ടായി  നാലാം ദിവസവും നാവികസേനയും തീരസേനയും തെരച്ചിൽ തുടർന്നു. 38 പേരെ കൂടി കണ്ടെത്താനുണ്ട്‌. ഇവരെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങുകയാണെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്‌ച നാവികസേനയുടെ ഹെലികോപ്‌റ്ററുകൾ തെരച്ചിൽ നടത്തി. തിങ്കളാഴ്‌ച രാത്രി മുങ്ങിയ പി305 ബാർജിൽ ആകെയുണ്ടായിരുന്ന 261 പേരിൽ 186 പേരെ രക്ഷിച്ചു. ഇരുപതോളം മലയാളികളും ഇതിൽ ഉൾപ്പെടും. വരപ്രദയെന്ന ടഗ്‌ ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷിച്ചിട്ടുണ്ട്‌.

ഐഎൻഎസ്‌ കൊച്ചി, ഐഎൻഎസ്‌ കൊൽക്കത്ത എന്നീ കപ്പലുകളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ മുംബൈ തീരത്ത്‌ എത്തിച്ചു. ചുഴലിക്കാറ്റ്‌ മുന്നറിയിപ്പ്‌ നിലനിൽക്കെ ഇത്രയധികം ആളുകളുമായി ബാർജുകൾ പ്രക്ഷുബ്‌ധമായ കടലിൽ തുടർന്ന സാഹചര്യം അന്വേഷിക്കുമെന്ന്‌ മുംബൈ പൊലീസ്‌ അറിയിച്ചു. അപകടമരണം സംബന്ധിച്ച്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top