ഐക്യരാഷ്ട്രകേന്ദ്രം
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഫ്രാൻസ് തയ്യാറാക്കുന്ന യുഎൻ രക്ഷാസമിതി പ്രമേയത്തെ എതിർക്കുന്നതായി അമേരിക്ക. ബൈഡൻ സർക്കാർ നടത്തുന്ന ‘സമാധാന ശ്രമങ്ങൾക്ക്’ ഇത് വിഘാതമാകുമെന്ന് യുഎസ് അവകാശപ്പെട്ടു. പ്രമേയം സംബന്ധിച്ച് അമേരിക്കയുമായി തീവ്രമായ ചർച്ച പുരോഗമിക്കുന്നെന്ന് ഫ്രഞ്ച് സർക്കാർ വക്താവ് പറഞ്ഞു.
പൊതുപ്രസ്താവന ഇറക്കാനുള്ള രക്ഷാസമിതി ശ്രമങ്ങളെ നാലുതവണ അമേരിക്ക തടഞ്ഞിരുന്നു. 15 അംഗ സമിതിയിൽ മറ്റ് അംഗരാജ്യങ്ങളെല്ലാം പൊതുപ്രസ്താവനയെ അനുകൂലിച്ചു. പൊതുപ്രസ്താവനയ്‌ക്ക് എല്ലാ അംഗങ്ങളുടെയും സമ്മതം വേണം. പ്രമേയം പാസാവാൻ വീറ്റോ ഇല്ലാതെ ഒമ്പത് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. വീറ്റോ അധികാരമുള്ള അമേരിക്ക എതിർക്കുന്നതിനാൽ ഇതും പാസാവില്ലെന്ന് ഉറപ്പായി. പതിറ്റാണ്ടുകളായി ഇസ്രയേലിനെതിരെ ഒരു പ്രമേയവും രക്ഷാസമിതിയിൽ പാസാവാൻ അമേരിക്ക അനുവദിച്ചിട്ടില്ല.
ബുധനാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ച ബൈഡൻ, എത്രയുംവേഗം സംഘർഷത്തിന് അയവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ‘ലക്ഷ്യം’ നേടുംവരെ ആക്രമണം തുടരുമെന്ന് പിന്നീട് നെതന്യാഹു പ്രഖ്യാപിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാഖോയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദേൽ ഫത്താ അൽ സിസിയും പാരീസിൽ കൂടിക്കാഴ്ച നടത്തി. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി ഇരുവരും വീഡിയോ കോൺഫറൻസും നടത്തി. സംഘർഷം ചർച്ച ചെയ്യാൻ യുഎൻ പൊതുസഭ വ്യാഴാഴ്ച യോഗം ചേർന്നിട്ടുണ്ട്.
യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിൽ 27ന് യോഗം ചേരുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ചൈനയും ശ്രമിക്കുന്നു. പ്രത്യേക ദൂതൻ ജായി ജൻ പലസ്തീൻ, ഈജിപ്ഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തി. ഇസ്രയേൽ, റഷ്യ, യുഎൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
ഇസ്രയേൽ വ്യാഴാഴ്ച ഗാസയിൽ ദെയ്‌ർ അൽ ബലായിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഒരാൾ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ജബാലിയ അഭയാർഥിക്യാമ്പിലേക്കും ശക്തമായ ആക്രമണമുണ്ടായി. ഗാസയിൽ മരണസംഖ്യ 230 ആയി. മരിച്ചവരിൽ 65 കുട്ടികളും 39 സ്ത്രീകളുമുണ്ട്. 1710 പേർക്ക് പരിക്കേറ്റു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ 12 ഇസ്രയേലികളും മരിച്ചു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുമുമ്പ് സാധ്യമായത്ര നാശമാണ് നെതന്യാഹു ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..