21 May Friday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : പ്രതീക്ഷ കാത്ത്‌ ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ അവസാന റൗണ്ട്‌ മത്സരങ്ങൾ മാത്രം ശേഷിക്കെ ലിവർപൂളിന്‌ കുതിപ്പ്. നിർണായക മത്സരത്തിൽ ബേൺലിയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ച ലിവർപൂൾ പോയിന്റ്‌ പട്ടികയിൽ ആദ്യ നാലിലേക്ക്‌ മുന്നേറി. ആദ്യ നാല്‌ സ്ഥാനക്കാർക്കാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യത.

37 കളിയിൽ 66 പോയിന്റാണ്‌ ലിവർപൂളിന്‌. ഇത്ര തന്നെ പോയിന്റുള്ള ലെസ്‌റ്റർ സിറ്റിയെ ഗോൾ വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളി. 67 പോയിന്റുള്ള ചെൽസിയാണ്‌ മൂന്നാമത്‌. മൂന്ന്‌ ടീമുകൾക്കും അവസാന റൗണ്ട്‌ നിർണായകമാകും.

ബേൺലിക്കെതിരെ റോബർട്ടോ ഫിർമിനോ, അലെക്‌സ്‌ ഒക്‌സ്‌ലെയ്‌ഡ്‌ ചെംബെർലെയ്‌ൻ, നതാനിയേൽ ഫിലിപ്‌സ്‌ എന്നിവർ ഗോളടിച്ചു. രണ്ട്‌ ഗോളിന്‌ അവസരമൊരുക്കി ആൻഡ്രൂ റോബെർട്‌സണും തിളങ്ങി. ഇതോടെ ക്രിസ്‌റ്റൽ പാലസുമായുള്ള അവസാന മത്സരം ഫൈനൽ പോലെയായെന്നായിരുന്നു പരിശീലകൻ യുർഗൻ ക്ലോപ്പിന്റെ പ്രതികരണം. ബേൺലിക്കെതിരായ ജയം സെമിഫൈനൽ നേടിയ സന്തോഷമാണെന്നും ക്ലോപ്പ്‌ പറഞ്ഞു.

പാലസുമായുള്ള കളി കാണാൻ ആൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ 10,000 കാണികൾ എത്തുമെന്നാണ്‌ പ്രതീക്ഷ.
മറ്റൊരു മത്സരത്തിൽ ആസ്‌റ്റൺ വില്ലയോട്‌ തോറ്റ ടോട്ടനം ഹോട്‌സ്‌പറിന്‌ യൂറോപ പ്രതീക്ഷ മങ്ങി. 59 പോയിന്റുമായി അവർ ഏഴാം സ്ഥാനത്തേക്ക്‌ വീണു. 1‐2നായിരുന്നു തോൽവി. സ്‌റ്റീവൻ ബെർഗ്‌വിനിന്റെ ഗോളിൽ മുന്നിലെത്തിയ ടോട്ടനം പ്രതിരോധക്കാരൻ സെർജി റെഗുയ്‌ലോണിന്റെ പിഴവുഗോളിൽ സമനില വഴങ്ങി. പിന്നാലെ ഒല്ലീ വാട്‌കിൻസ്‌ വില്ലയുടെ വിജയഗോളടിച്ചു. എവർട്ടൺ ഒരു ഗോളിന്‌ വൂൾവ്‌സിനെ തോൽപ്പിച്ചു.അഴ്‌സണൽ 3‐1ന്‌ ക്രിസ്‌റ്റൽ പാലസിനെ മറികടന്നു. പെപെ ഇരട്ടഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top