20 May Thursday

വാക്സിൻ: ആഗോള ടെൻഡർ ക്ഷണിച്ചു; 25ന്‌ പ്രീ ടെൻഡർ

എം വി പ്രദീപ്‌Updated: Thursday May 20, 2021

തിരുവനന്തപുരം > വിദേശത്തുനിന്ന്‌ നേരിട്ട്‌ വാക്‌സിൻ വാങ്ങുന്നതിന്‌ സംസ്ഥാന സർക്കാർ ആഗോള ടെൻഡർ വിളിച്ചു. മൂന്ന്‌ കോടി ഡോസ്‌ കോവിഡ്‌ വാക്‌സിൻ നാല്‌ മാസത്തിനകം കേരളത്തിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതിനാണ്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ടെൻഡർ. ഡ്രഗ്‌സ്‌ കൺട്രോളർ ഓഫ്‌ ഇന്ത്യയിൽ രജിസ്‌ട്രേഷനുള്ള കമ്പനിക്ക്‌ നേരിട്ടും വിദേശ കമ്പനിക്ക്‌ ഡൽഹി കേരള ഹൗസ്‌ മുഖേന എംബസി വഴിയും ടെൻഡർ അറിയിപ്പ്‌ നൽകി. 25ന്‌ പ്രീ ടെൻഡർ നടത്തും. 18 മുതൽ 44 വയസ്സ്‌ വരെയുള്ള കേരളത്തിലെ 1.5 കോടി പേർക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ വീതം നൽകുന്നതിനാണിത്‌. നേരത്തെ വാക്‌സിൻ ഉൽപ്പാദകരായ പൂണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌  70 ലക്ഷം ഡോസ്‌ കോവിഷീൽഡ്‌ വാക്‌സിനും ഭാരത്‌ ബയോടെക്കിൽനിന്ന്‌ 30 ലക്ഷം ഡോസ്‌ കോവാക്‌സിനും വില കൊടുത്തുവാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതുവരെ ഇരു കമ്പനികളിൽനിന്നുംകൂടി ഒമ്പത്‌ ലക്ഷം ഡോസ്‌ വാക്‌സിനാണ് ലഭ്യമായത്‌.

ആഗോള തലത്തിൽ റഷ്യ ഉൽപ്പാദിപ്പിക്കുന്ന സ്‌പുട്‌നിക്‌ വി, സ്‌പുട്‌നിക്‌  ലൈറ്റ്‌,  ചൈനയുടെ സിനോഫാം, സിനോവാക്‌, ക്യൂബയുടെ സൊബറാന, അബ്‌ദാല, മാംബസിയ, സോവെറിൻ,  അമേരിക്കയിൽ ഉൽപ്പാദിപ്പിക്കുന്ന  മെഡൊർണ, ജോൺസൺ ആൻഡ്‌ ജോൺസൺ, അമേരിക്ക, ബ്രിട്ടൻ, ഇസ്രയേൽ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഫൈസർ ബയോ എൻ ടെക്‌,  ചിലി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കൊറോണ വാക്‌, കൊറിയ ഉൽപ്പാദിപ്പിക്കുന്ന ആസ്‌ട്രസെനക്ക തുടങ്ങിയവയാണ്‌ വിദേശ രാജ്യങ്ങളിലെ കോവിഡ്‌ വാക്‌സിനുകൾ. ഈ കമ്പനികൾക്കെല്ലാം ടെൻഡർ വിവരം നൽകി. മൂന്ന്‌ഘട്ട ട്രയൽ പൂർത്തിയാക്കിയ വാക്‌സിനാണ്‌ ഇറക്കുമതി ചെയ്യുക. നടപടി വേഗത്തിൽ പൂർത്തിയാക്കി നിശ്‌ചിത സമയത്തിനകം ആവശ്യത്തിന്‌ വാക്‌സിൻ ഇറക്കുമതി ചെയ്യാനാകുമെന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ എം ഡി ഡോ. എസ്‌ ആർ ദിലീപ്‌കുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top