തിരുവനന്തപുരം > രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇന്നെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണം.
സത്യപ്രതിജ്ഞാ ദിവസം കേരളത്തിലെ വഴിയോരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വലിയ തോതില്‍ ആഘോഷം നടക്കേണ്ടതാണ്. പുതിയ മന്ത്രിമാര്‍ക്ക് സ്വീകരണവും മറ്റും ഒരുക്കുന്നതും പതിവാണ്. പക്ഷേ, ഇന്നത്തെ നിര്‍ഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇത് ഉള്‍ക്കൊണ്ട് ഗൃഹാങ്കണങ്ങളില്‍ ആഹ്ലാദം അലയടിക്കണം.
ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതില്‍ അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..