“ഗ്രാമവാസികള്‍ അവരുടെ വീട്ടുപടിക്കല്‍ ചെല്ലാതിരിക്കാനായി  ഞങ്ങള്‍ക്കു നേരെ ആക്രോശിക്കുന്നു. ചില അസുഖങ്ങള്‍ വന്നിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. എന്താണ് ആ അസുഖമെന്ന് ആരും ഞങ്ങളോടു പറയുന്നില്ല. എനിക്ക് ഒരു അസുഖവും ഇല്ല. അവര്‍ എന്തിനാണ് എന്നെ തടഞ്ഞു നിര്‍ത്തുന്നത്?”

ഒരാഴ്ചയായി ഫാന്‍സി പാര്‍ധി ആദിവാസി വിഭാഗത്തില്‍ പെടുന്ന ഗീതാബായ് കാലെ ഭക്ഷണം കഴിച്ചിട്ട്. വിശക്കുന്ന ഈ 78-കാരിക്ക് സാധാരണ സമയങ്ങളില്‍ പോലും എന്തെങ്കിലും ലഭിക്കാനുള്ള മാര്‍ഗ്ഗം ഭിക്ഷാടനമാണ്. ഈയൊരു സ്രോതസ്സ് ലോക്ക്ഡൗണോടു കൂടി ഇല്ലാതായിരിക്കുന്നു. കോവിഡ്-19 എന്താണെന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയും ഇല്ല. പക്ഷെ അവരും മറ്റു പാര്‍ധികളും ഭക്ഷണം ലഭിക്കാതെ അതിന്‍റെ പ്രശ്നങ്ങള്‍ ദൈനംദിനം അനുഭവിക്കുന്നു.

അവര്‍ക്കു ലഭിച്ച അവസാന ഭക്ഷണം അവര്‍ ഓര്‍മ്മിക്കുന്ന പ്രകാരം മാര്‍ച്ച് 25-ന് കഴിച്ച പഴകിയ ഭാക്രി ആയിരുന്നു. “എനിക്കറിയില്ലാത്ത കുറച്ച് ആണ്‍കുട്ടികള്‍ ഇത്വാറിന്‍റെയന്ന് [ഞായര്‍, മാര്‍ച്ച് 22] വന്ന് എനിക്ക് നാല് ഭാക്രികള്‍ തന്നു. നാലു ദിവസങ്ങള്‍കൊണ്ട് ഞാന്‍ അവ കഴിച്ചു.” അന്നുമുതല്‍ അവര്‍ വിശപ്പ് കടിച്ചമര്‍ത്തുന്നു. “അതിനുശേഷം ആരും വന്നുമില്ല, ഗ്രാമവാസികള്‍ എന്നെ പ്രവേശിപ്പിക്കുന്നുമില്ല.”

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ശിരൂറിലെ പ്രധാന റോഡിനടുത്ത് ഒരു ടിന്‍ ഷെഡ്ഡിലാണ് ഗീതാബായ് തനിച്ചു താമസിക്കുന്നത്. അവിടെനിന്ന് അവര്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള ചവാണവാഡി ഗ്രാമത്തില്‍ ഭിക്ഷയെടുക്കാനായി പോകുന്നു. “ആളുകള്‍ നല്‍കുന്ന മിച്ചം വരുന്ന എന്തു ഭക്ഷണവും ഞങ്ങള്‍ കഴിക്കുന്നു”, അവര്‍ പറഞ്ഞു. “സര്‍ക്കാര്‍ സൗജന്യമായി ധാന്യങ്ങള്‍ നല്‍കുന്നുവെന്ന് ആരോ പറഞ്ഞു ഞാന്‍ കേട്ടു – പക്ഷെ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കു മാത്രം. എനിക്കതില്ല.”

ദരിദ്രരും അധസ്ഥിതരുമായ പാര്‍ധി ആദിവാസി വിഭാഗങ്ങളിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലുള്ളവരാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന ഫാന്‍സി പാര്‍ധികള്‍. കിരാതമായ കൊളോണിയല്‍ നിയമനിര്‍മ്മാണത്തിന്‍റെ ഭാരവും പാരമ്പര്യവും  സ്വാതന്ത്ര്യാനന്തരം 70 വര്‍ഷത്തിനു ശേഷവും അവര്‍പേറുന്നു. തങ്ങളുടെ അധീശത്വത്തെ പ്രതിരോധിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത നിരവധി ആദിവാസി വിഭാഗങ്ങളെയും കാലികളെ മേയിച്ചു നടന്ന നാടോടികളെയും ശിക്ഷിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനുമായി ഏതാണ്ട് 200 സമുദായങ്ങളെ ജന്മനാ ‘കുറ്റവാളി’കളായി പ്രഖ്യാപിച്ചുകൊണ്ട് 1871-ല്‍ ബ്രിട്ടീഷുകാര്‍ ക്രിമിനല്‍ ട്രൈബ്സ് ആക്റ്റ് നടപ്പാക്കി.

സ്വതന്ത്ര ഇന്ത്യ 1952-ല്‍ ഈ നിയമം പിന്‍വലിക്കുകയും കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ട ഗോത്രവിഭാഗങ്ങളുടെ (‘criminal tribes’) പട്ടിക ഇല്ലാതാക്കുകയും (denotify) ചെയ്യുകയും ചെയ്തു. പക്ഷെ സമൂഹത്തില്‍ നിന്നുള്ള ദുഷ്പേരും മുന്‍വിധികളും പീഢനങ്ങളും ശക്തമായി തുടരുന്നു. പ്രധാന ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതിനോ അവിടുത്തെ കിണറുകളില്‍ നിന്നും വെള്ളം എടുക്കുന്നതിനോ ഈ സമുദായങ്ങളില്‍പ്പെട്ട നിരവധിപേര്‍ക്കും സാദ്ധ്യമല്ല. ഇവിടെനിന്നും 2-3 കിലോമീറ്ററുകള്‍ മാറിയാണ് അവര്‍ പ്രധാനമായും താമസിക്കുന്നത്. അവര്‍ ജോലി തേടില്ല, വിദ്യാഭ്യാസ നിലവാരം വളരെ മോശമാണ്, ചെറു കുറ്റകൃത്യങ്ങള്‍ ചെയ്ത് പലരും ജയിലിലുമാണ്. പലരും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ ഭിക്ഷാടനത്തിന് ഇറങ്ങുന്നു.

PHOTO • Jyoti Shinoli

ശാന്താബായിയും ഭര്‍ത്താവ് ധുല്യ കാലെയും മകനോടൊപ്പം കരാഡെ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലുള്ള അവരുടെ ഒറ്റമുറി വീട്ടില്‍ (ഫയല്‍ ഫോട്ടോ).

ഗീതാബായ് മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്ത അവരുടെ ഇടയില്‍ നിന്നുള്ള ഒരാളാണ്. പൂനെ ജില്ലയിലെ ശിരൂര്‍ താലൂക്കിലുള്ള കരാഡെ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലുള്ള ഇടത്തരം ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന 75-കാരിയായ ശാന്താബായിയും അവരെപ്പോലെ തന്നെയാണ്. ഫാന്‍സി പാര്‍ധി തന്നെയായ അവരുടെ വീട് ഗീതാബായിയുടെ വീട്ടില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ശാന്താബായിക്കും ഭര്‍ത്താവിനും 2010-ല്‍ ഒരു റോഡപകടത്തെത്തുടര്‍ന്ന് വയ്യാതായ അവരുടെ 44-കാരനായ മകന്‍ സന്ദീപിനും കരാഡെയില്‍ ഭിക്ഷയെടുക്കുക മാത്രമാണ് ജീവിച്ചുപോകാനുള്ള ഒരേയൊരു മാര്‍ഗ്ഗം.

ഗീതാബായിയുടെ പുത്രന്മാരായ 45-കാരനായ സന്തോഷും 50-കാരനായ മനോജും പിമ്പരി-ചിഞ്ച്വാഡില്‍ താമസിക്കുന്ന ശുചീകരണ തൊഴിലാളികളാണ്. “എന്‍റെ പുത്രന്മാര്‍ എന്നെ കാണാന്‍ വന്നില്ല. മാസത്തിലൊന്നെങ്കിലും അവര്‍ എന്നെ കാണാന്‍ വരുമായിരുന്നു.” മാര്‍ച്ച് 23-ന് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കര്‍ഫ്യൂവും മാര്‍ച്ച് 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണും സ്വയം ഭക്ഷണം കണ്ടെത്താനുള്ള അവരുടെ എല്ലാ ശ്രമങ്ങളെയും തകര്‍ത്തു. അങ്ങനെ വിശപ്പ് വീണ്ടും അവരെ മാര്‍ച്ച് 28-ന് ചവാണവാഡിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. പക്ഷെ അവിടെ അവര്‍ തിരസ്കരിക്കപ്പെട്ടു.

അതേ തിരസ്കരണം ശാന്താബായ് കരാഡെയിലും നേരിട്ടു. അതേ രീതിയില്‍ എണ്ണമറ്റ പാര്‍ധി കുടുംബങ്ങള്‍ കുരുക്കിലകപ്പെട്ടു. കോവിഡ്-19 അതേ രീതിയില്‍ തന്നെ ഭിക്ഷാടനവും അവസാനിപ്പിച്ചുവെന്ന് ഫാന്‍സി പാര്‍ധികള്‍ മനസ്സിലാക്കി.

“ഗ്രാമവാസികള്‍ അവരുടെ വീട്ടുപടിക്കലേക്ക് ചെല്ലരുതെന്നു പറഞ്ഞ് ഞങ്ങളോട് ആക്രോശിച്ചു. എന്‍റെ മകനെയെങ്കിലും എനിക്ക് കണ്ടെത്തണം.” സന്ദീപ്‌ അരയ്ക്കു താഴെ ശരീരം തളര്‍ന്നു കിടക്കുകയാണ്. “ഭിക്ഷാടനം നടത്തി ഭക്ഷണം ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ എന്ത് ഭക്ഷിക്കും?” ശാന്തബായ് കാലെ എന്നോടു ഫോണില്‍ ചോദിച്ചു. “എന്‍റെ മകന്‍ കിടപ്പാണ്.”

അവരും ഭര്‍ത്താവ് 79-കാരനായ ധുല്യയും അദ്ദേഹത്തിന്‍റെ ദൈനംദിന കാര്യങ്ങളെല്ലാം നോക്കി പരിചരിക്കുന്നു. “മൂന്നു വര്‍ഷം അവന്‍ ഔന്ധ് സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരുന്നു. അവിടെയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞത് അവന്‍റെ തലച്ചോറിലെ  ഞരമ്പുകള്‍ നശിച്ചതിനാല്‍ ശരീരം ഇനി ചലിക്കില്ലെന്നാണ്”, ശാന്താബായ് 2018 മാര്‍ച്ചില്‍ അവരുടെ ഒറ്റമുറി വീട്ടില്‍വച്ച് എന്നോടു പറഞ്ഞു. സന്ദീപ്‌ 4-ാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. അപകടത്തിനു മുന്‍പ് കിട്ടുന്ന എല്ലാ ജോലികളും അദ്ദേഹം ചെയ്യുമായിരുന്നു: തൂപ്പുജോലി, റോഡ്‌-കുഴിക്കുക, ട്രക്കുകളില്‍ സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക, പൂനെ നഗരത്തിലെ ഹോട്ടലുകളില്‍ പ്ലേറ്റുകള്‍ കഴുകുകയും വൃത്തിയാക്കുകയും ചെയ്യുക അങ്ങനെ പല ജോലികളും.

PHOTO • Jyoti Shinoli

ശാന്താബായ് സാധാരണയായി ഭിക്ഷയെടുത്ത്‌ ശേഖരിക്കുന്ന പഞ്ഞപ്പുല്ലും ബജ്റയും അരിച്ചോളവും കൊണ്ടുണ്ടാക്കുന്ന പഴകിയ ഭാക്രി. മാര്‍ച്ച് 22 മുതല്‍ അതുപോലും ലഭിച്ചിട്ടില്ല (ഫയല്‍ ഫോട്ടോ).

അദ്ദേഹത്തിന്‍റെ മാസവരുമാനമായ 6,000-7,000 രൂപകൊണ്ട് കുടുംബം കഴിയുമായിരുന്നു. “ഞങ്ങളുടെ ബാല്യത്തിലും യൗവ്വനത്തിലുമെല്ലാം ഞങ്ങള്‍ ഭിക്ഷയെടുത്തു. മകന്‍റെ വരുമാനമാണ് ഞങ്ങളെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചത്. പക്ഷെ മകന്‍റെ മരണത്തോടുകൂടി ഞങ്ങള്‍ വീണ്ടും ഭിക്ഷയെടുക്കാന്‍ തുടങ്ങി”, ശാന്താബായ് 2018-ല്‍ എന്നോടു പറഞ്ഞു. വീടിനു പുറത്തുള്ള ഒരു സ്ഥലത്ത് കരാഡെയില്‍ നിന്നും ശേഖരിച്ച മിച്ചംവന്ന പഴകിയ ഭാക്രി - പഞ്ഞപ്പുല്ല്, ബജ്റ, അരിച്ചോളം എന്നിവ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ സാധനം - ഉണങ്ങിയെടുക്കുന്നു. “അതു ഞങ്ങള്‍ വെയിലത്ത് ഉണക്കിയെടുക്കുന്നു. പിന്നെ കഴിക്കുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ തിളപ്പിക്കുന്നു. ഇതാണ് ഞങ്ങള്‍ കഴിക്കുന്നത് – രാവിലെയും ഉച്ചയ്ക്കും രാത്രിയിലും. ഇതാണ് ഞങ്ങളുടെ ഭക്ഷണം.”

പഴകിയ ഭാക്രിയോടൊപ്പം ചിലപ്പോള്‍ അവര്‍ക്ക് അരിയും ലഭിക്കുന്നു. ഇപ്പോള്‍ രണ്ടു കിലോഗ്രാം അരി മാത്രമെ അവരുടെ പക്കല്‍ അവശേഷിക്കുന്നുള്ളൂ. അവരും ധുല്യയും സന്ദീപും ദിവസം ഒരു തവണ മാത്രം കുറച്ച് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് ചോറ് കഴിക്കുന്നു. “മാര്‍ച്ച് 22 മുതല്‍ എനിക്കൊന്നും ലഭിച്ചിട്ടില്ല, പഴകിയ ഭാക്രി പോലും. ഈ അരി തീര്‍ന്നാല്‍ ഞങ്ങള്‍ പട്ടിണി കിടക്കേണ്ടി വരും”, അവര്‍ പറഞ്ഞു.

വൈറസിനെ ഒഴിവാക്കാന്‍ ഗ്രാമത്തിനു ചുറ്റും ആളുകള്‍ മരച്ചില്ലകള്‍ ഉപയോഗിച്ചു വേലി തീര്‍ത്തിരിക്കുന്നതുകൊണ്ട് ശാന്താബായിക്കും ധുല്യക്കും പുറത്തുകൂടി കറങ്ങി നടക്കാന്‍ മാത്രമേ സാധിക്കൂ – “ആരെങ്കിലും ഭാക്രിയോ മറ്റെന്തെങ്കിലും ഭക്ഷണമോ എറിഞ്ഞു കളയുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്‌”.

ഭിക്ഷയെടുക്കുന്നതിനോ സാദ്ധ്യമെങ്കില്‍ റോഡ്‌ കുഴിക്കല്‍ ജോലി ചെയ്യുന്നതിനോ വേണ്ടി ധുല്യ 66 കിലോമീറ്റര്‍ അകലെയുള്ള പൂനെ നഗരത്തില്‍ പോകാന്‍വരെ ശ്രമിച്ചു. പക്ഷെ, “പൂനെ ഭാഗത്തേക്കു നടന്നപ്പോള്‍ ശനിയാഴ്ച പോലീസ് ശിക്രാപൂര്‍ ഗ്രാമത്തിനടുത്തുവച്ച് എന്നെ തടഞ്ഞു. അവര്‍ എന്തോ വൈറസിന്‍റെ കാര്യം പറഞ്ഞ് എന്നോടു മുഖം മൂടാന്‍ പറഞ്ഞു. ഞാന്‍ ഭയന്നു വീട്ടിലേക്കു തിരിച്ചു”, അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളിലേക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍  ശാന്താബായിയെ കൂടാതെ അതേ സ്ഥലത്തുള്ള മറ്റു 10 പാര്‍ധി കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. സാമൂഹ്യമായി ദുഷ്പേരുള്ള ഈ വിഭാഗങ്ങള്‍ക്ക് ഭിക്ഷാടനം വളരെക്കാലമായി ഒരു പ്രധാനപ്പെട്ട ഒരു സ്രോതസ്സായിരുന്നു. ഇത് എപ്പോഴും മറ്റുപല അപകട സാദ്ധ്യതകളും നിറഞ്ഞതാണ്‌.

PHOTO • Jyoti Shinoli

സന്ദീപ്‌ അരയ്ക്കു താഴെ ശരീരം തളര്‍ന്നു കിടപ്പാണ്. അദ്ദേഹത്തിനു കൊടുക്കാനുള്ള ഭക്ഷണം കണ്ടെത്തുന്നതോര്‍ത്ത് ശാന്താബായ് ദുഃഖിതയാണ് (ഫയല്‍ ഫോട്ടോ)

1959-ലെ ബോംബെ ഭിക്ഷാടന നിരോധന നിയമ (Bombay Prevention of Begging Act, 1959) പ്രകാരം മഹാരാഷ്ട്രയില്‍ ഭിക്ഷാടനം കുറ്റകൃത്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭിക്ഷയെടുക്കുന്നതായി കാണപ്പെടുന്നവരെ അധികാരികള്‍ക്ക് വാറന്‍റ്  കൂടാതെ അറസ്റ്റ് ചെയ്യാനും 1 മുതല്‍ 3 വര്‍ഷത്തേക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കാനുമുള്ള അധികാരം ഈ നിയമം നല്‍കുന്നു. ഭിക്ഷാടനത്തെയോ നിരാശ്രയത്വത്തെയോ സംബന്ധിച്ച കേന്ദ്ര നിയമങ്ങള്‍ നിലവില്‍ ഇല്ലാത്തപ്പോള്‍ നിരവധി സംസ്ഥാനങ്ങള്‍ ഈ നിയമം സ്വീകരിക്കുകയോ അല്ലെങ്കില്‍ അതില്‍ മാറ്റംവരുത്തി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.

2018 ഓഗസ്റ്റില്‍ ആണെങ്കില്‍ പോലും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചത് ഭരണഘടനാപരമായി സൂക്ഷ്മപരിശോധന നടത്തിയാല്‍ ഈ നിയമം നിലനില്‍ക്കില്ലെന്നും അതിനാല്‍ എടുത്തു കളയേണ്ടതാണെന്നുമാണ് (മഹാരാഷ്ട്രയില്‍ അത് സംഭവിച്ചിട്ടില്ല).

കോടതി ഇങ്ങനെയാണ് നിരീക്ഷിച്ചത്, “ഭിക്ഷയെടുക്കല്‍ ഒരു അസുഖത്തിന്‍റെ ലക്ഷണമാണ്. ഈയൊരു വസ്തുത നിമിത്തം വ്യക്തി സാമൂഹ്യമായി സൃഷ്‌ടിക്കപ്പെട്ട ഒരു വലയിലേക്കു പതിച്ചിരിക്കുന്നു. എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നുറപ്പാക്കുന്നതിനായി  അവര്‍ക്കെല്ലാം സാമൂഹ്യ സുരക്ഷ നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ട്. എല്ലാ പൗരന്മാര്‍ക്കും സര്‍ക്കാര്‍ അവ നല്‍കിയിട്ടില്ല എന്നതിന്‍റെ തെളിവാണ് യാചകരുടെ സാന്നിദ്ധ്യം.”

ധനമന്ത്രിയുടെ ‘ആനുകൂല്യ പ്രഖ്യാപനം’ (മാര്‍ച്ച് 26-ന് കോവിഡ്-19-ന്‍റെ പശ്ചാത്തലത്തില്‍) കൊണ്ട് ഈ പൗരന്മാര്‍ക്ക് ഒരു പ്രയോജനവുമില്ല. അവര്‍ക്ക് റേഷന്‍ കാര്‍ഡുകളില്ല, ബാങ്ക് അക്കൗണ്ടുകളില്ല, എം.ജി.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡുകളുമില്ല. പ്രസ്തുത അഞ്ചു കിലോ ‘സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍’ എങ്ങനെ അവര്‍ക്കു ലഭിക്കും? അല്ലെങ്കില്‍ പ്രധാന മന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പ്രകാരം എങ്ങനെ അവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറും? ഇവയൊക്കെ എങ്ങനെ ഗീതാബായിക്കും ശാന്താബായിക്കും ലഭിക്കും? ഇതൊന്നും കൂടാതെ കോവിഡ്-19 മഹാമാരിയെക്കുറിച്ച് ഈ വിഭാഗത്തിന് വളരെക്കുറച്ചേ അറിയൂ – എടുക്കേണ്ട മുന്‍കരുതലുകളേക്കാള്‍ വളരെക്കുറച്ചു മാത്രം.

പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയും ഫാന്‍സി പാര്‍ധി വിഭാഗത്തില്‍ത്തന്നെ പെടുന്ന വ്യക്തിയുമായ സുനിത ഭോസ്‌ലെ സമുദായത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്: “എല്ലാവരേയും ഗൗരവതരമായി ബാധിച്ചിരിക്കുന്നു. അവര്‍ക്കു കഴിക്കാന്‍ ഭക്ഷണമില്ല... നിങ്ങളുടെ പ്രഖ്യാപിത പദ്ധതികളൊക്കെ എങ്ങനെ ഞങ്ങളിലെത്തും?”

ലോക്ക്ഡൗണ്‍ സമയം പോയിട്ട് ഏറ്റവും നല്ല സമയത്തുതന്നെ ജോലി കിട്ടാന്‍ പാടാണെന്ന് ധുല്യ പറഞ്ഞു. “ഞങ്ങള്‍ പാര്‍ധികള്‍ ആയതുകൊണ്ട് ആളുകള്‍ ഞങ്ങളെ സംശയിക്കുന്നു. ഈ ഭിക്ഷയെടുക്കലും കൂടി നിര്‍ത്തിയാല്‍ പിന്നെ ഞങ്ങള്‍ക്ക് മരിച്ചാല്‍ മതി.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rennymon K. C. is an independent researcher based in Kottayam, Kerala.

Jyoti Shinoli is a senior reporter at the People’s Archive of Rural India; she has previously worked with news channels like ‘Mi Marathi’ and ‘Maharashtra1’.

Other stories by Jyoti Shinoli