20 May Thursday

ഗ്രൂപ്പുകളിൽ വൻ അടിയൊഴുക്ക്‌; ചെന്നിത്തലയുടെ സാധ്യത മങ്ങി

പ്രത്യേക ലേഖകൻUpdated: Wednesday May 19, 2021



തിരുവനന്തപുരം
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗ്രൂപ്പുകളിൽ വൻ അടിയൊഴുക്ക്‌. 21 എംഎൽഎമാരിൽ ആറുപേർ മാത്രമാണ്‌ രമേശ്‌ ചെന്നിത്തലയെ അനുകൂലിച്ചത്‌. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത്‌ തുടരാനുള്ള ചെന്നിത്തലയുടെ നീക്കം പരുങ്ങലിലായി. എ, ഐ ഗ്രൂപ്പുകളിലെ 11 പേർ ഹൈക്കമാൻഡ്‌ പ്രതിനിധികൾക്കു മുമ്പിൽ വി ഡി സതീശനുവേണ്ടിയാണ്‌ കൈയുയർത്തിയത്‌. രണ്ടുപേർ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന്‌ വ്യക്തമാക്കി.

എ ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രതിപക്ഷ നേതൃപദവി നിലനിർത്താനുള്ള തന്ത്രമായിരുന്നു രമേശ്‌ ചെന്നിത്തലയുടേത്‌. എ ഗ്രൂപ്പ്‌ രഹസ്യയോഗം ചേർന്ന്‌ ചെന്നിത്തലയ്‌ക്ക്‌ പിന്തുണ നൽകാനും തീരുമാനിച്ചു. എന്നാൽ, ഇതിൽ നാലുപേർ ഒഴികെയുള്ളവർ മറുകണ്ടം ചാടി. ഉമ്മൻചാണ്ടി, പി സി വിഷ്‌ണുനാഥ്‌, കെ ബാബു എന്നിവർ മാത്രമാണ്‌ ചെന്നിത്തലയെ പിന്തുണച്ചത്‌.  തിരുവഞ്ചൂർ രാധാകൃഷ്‌ണനും പി ടി തോമസും സ്വന്തം പേര്‌ പറഞ്ഞു.

ഐ ഗ്രൂപ്പിലെ ഭൂരിപക്ഷം പിന്താങ്ങുമെന്ന ചെന്നിത്തലയുടെ പ്രതീക്ഷയും തെറ്റി. 12 ഐ ഗ്രൂപ്പുകാരിൽ രണ്ടുപേർമാത്രമാണ്‌ ചെന്നിത്തലയെ  പിന്തുണച്ചത്‌. ഐ ഗ്രൂപ്പിലെ കൂട്ടച്ചോർച്ചയും എ ഗ്രൂപ്പിലെ വിള്ളലും ചെന്നിത്തലയ്‌ക്ക്‌ വിനയായി. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരിക്കുക
യാണ് . പന്ത്‌ ഹൈക്കമാൻഡിന്റെ കോർട്ടിലായതോടെ ഇനി കളി അവിടെയാണ്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വി ഡി സതീശൻ പക്ഷത്താണ്‌. ഇക്കാര്യം അറിയാവുന്നതിനാലാണ്‌ ചെന്നിത്തല ഉമ്മൻചാണ്ടിയുടെ പിന്തുണ തേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top