19 May Wednesday

പ്രതിപക്ഷ നേതാവ്: ഗ്രൂപ്പ് തിരിഞ്ഞ് അടി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

തിരുവനന്തപുരം > പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ ചേർന്ന കോൺഗ്രസ്‌ നിയമസഭാ കക്ഷി യോഗത്തിൽ രമേശ്‌ ചെന്നിത്തലയ്‌ക്കും വി ഡി സതീശനും വേണ്ടി ഗ്രൂപ്പ്‌ തിരിഞ്ഞ്‌ പിടിവലി. കൂടുതൽ എംഎൽഎമാർ പിന്തുണച്ചെന്ന അവകാശവാദവുമായി ചെന്നിത്തല, സതീശൻ ക്യാമ്പുകൾ രംഗത്തുവന്നു.

ആകെയുള്ള 21 എംഎൽഎമാരിൽ എ ഗ്രൂപ്പിലെ ഒമ്പത്‌ പേരടക്കം 19 പേർ തങ്ങളെ അനുകൂലിച്ചതായി ചെന്നിത്തല പക്ഷവും ഭൂരിപക്ഷം തന്റെ പേരാണ്‌ പറഞ്ഞതെന്ന്‌ വി ഡി സതീശൻ ക്യാമ്പും പറഞ്ഞു. ഐ ഗ്രൂപ്പിലെ സണ്ണി ജോസഫുമാത്രമാണ്‌ സതീശന്റെ പേര്‌ പറഞ്ഞതെന്നാണ്‌ ചെന്നിത്തല ക്യാമ്പ്‌ പ്രചരിപ്പിക്കുന്നത്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അനുകൂലികളായ ഇരു ഗ്രൂപ്പിലുംപെട്ടവർ വി ഡി സതീശനെ പിന്താങ്ങിയെന്ന്‌ പ്രചാരണമുണ്ട്‌.

ഇതിനിടെ തന്റെ പേര്‌ ആരും പറയാത്തതിൽ ക്ഷുഭിതനായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും പി ടി തോമസും തങ്ങളെ പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തേക്ക്‌ പരിഗണിക്കണമെന്ന്‌ ഹൈക്കമാൻഡ്‌ പ്രതിനിധികളോട്‌ ആവശ്യപ്പെട്ടു. എ ഗ്രൂപ്പുകാർ രാവിലെ രഹസ്യയോഗം ചേർന്നശേഷമാണ്‌ ഹൈക്കമാൻഡ്‌ പ്രതിനിധികളെ കാണാനെത്തിയത്‌. ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം ചെന്നിത്തലയുടെ പേര്‌ പറയാനായിരുന്നു എ ഗ്രൂപ്പ്‌ തീരുമാനം. ഇതറിയാതെ എത്തിയ തിരുവഞ്ചൂർ സ്വയം പേര്‌ പറഞ്ഞശേഷം അതൃപ്‌തി പരസ്യമാക്കി. എംഎൽഎമാരുടെയും കെപിസിസി രാഷ്‌ട്രീയ സമിതി അംഗങ്ങളുടെയും അഭിപ്രായവും ഹൈക്കമാൻഡ്‌ നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വി വൈത്തിലിംഗവും കേട്ടു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഹൈക്കമാൻഡ്‌ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top