ഒമ്പതാം പഞ്ചവത്സര പദ്ധതി കാലത്ത് ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെ ഫലമായി കുടുംബശ്രീ പ്രസ്ഥാനം ഇരുപത്തി മൂന്ന് വർഷം പൂർത്തീകരിച്ചു. കുടുംബശ്രീ രൂപീകരണത്തിലും വളർച്ചയിലും അന്ന് തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി വഹിച്ച പങ്ക് ചിരസ്മരണീയമാണ്. ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബിൽ, സാക്ഷരത, ജനകീയാസൂത്രണം എന്നിവയ്ക്കുശേഷം കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ മുന്നേറ്റങ്ങളിലൊന്നായി കുടുംബശ്രീ മാറി. സ്ത്രീകളെ സമൂഹത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് നിസ്തുലമാണ്. സ്ത്രീ ശാക്തീകരണമെന്ന വിഷയത്തെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് കൊണ്ടുവരുന്നതിനും കഴിഞ്ഞു.
കേരള നവോത്ഥാനത്തിന്റെ പിന്തുടർച്ചയെന്ന നിലയിൽ തന്നെ കുടുംബശ്രീയെ വിലയിരുത്താൻ കഴിയും. മറ്റെല്ലാ സ്ഥലങ്ങളിലും സ്വയംസഹായ സംഘങ്ങളായിട്ടാണ് ദാരിദ്ര്യ നിർമാർജനത്തിനായിട്ടുള്ള ശ്രമം നടക്കുന്നത്. കേരളത്തിൽമാത്രമാണ് അയൽക്കൂട്ട സങ്കല്പം നിലനിൽക്കുന്നത്. സ്വയംസഹായ സംഘങ്ങൾ സാമ്പത്തിക ശാക്തീകരണത്തെ മുൻനിർത്തി പ്രവർത്തിക്കുമ്പോൾ കുടുംബശ്രീ സാമ്പത്തിക ശാക്തീകരണത്തോടൊപ്പം സാമൂഹ്യ ശാക്തീകരണവും സ്ത്രീ ശാക്തീകരണവും പ്രത്യേക ലക്ഷ്യമായി കണ്ടു. കഴിഞ്ഞ 23 വർഷംകൊണ്ടു കുടുംബശ്രീ കേരളീയ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ആ അർഥത്തിൽ വിലയിരുത്തപ്പെട്ടോ എന്ന കാര്യം സംശയമാണ്.
വികസന പ്രവർത്തനങ്ങളിലും നവകേരള നിർമിതിയിലും നിർണായകമായി ഇടപെടാൻ കേരളത്തിലെ സ്ത്രീകളെ കരുത്തുള്ളവരാക്കി മാറ്റുന്നതിനു കഴിഞ്ഞു എന്നതാണ് പ്രളയകാല പ്രവർത്തനങ്ങളും ഈ കോവിഡ് മഹാമാരി കാലത്തെ പ്രവർത്തനങ്ങളും തെളിയിക്കുന്നത്. പ്രളയാനന്തര കേരള പുനർനിർമാണ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. കേരളത്തിലെ ആകെ കുടുംബങ്ങളുടെ 58 ശതമാനവും കുടുംബശ്രീയിൽ അംഗങ്ങളാണ്. പുനരധിവാസ പ്രവർത്തനങ്ങളിൽ ഇവർ നിസ്തുലമായ പങ്കാണ് വഹിച്ചത്. നാലു ലക്ഷത്തോളം അംഗങ്ങളാണ് ശുചീകരണം, ക്യാമ്പ് പരിപാലനം, കമ്യൂണിറ്റി കിച്ചൻ, പായ്ക്കിങ് തുടങ്ങിയ പ്രളയാനന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപയാണ് സമാഹരിച്ചത്. നവ കേരള ലോട്ടറി വില്പനയിലൂടെ 9 കോടി രൂപ സ്വരൂപിച്ചു. പ്രളയ സമാശ്വാസമായി പ്രഖ്യാപിച്ച ആർകെഎൽഎസ് വായ്പ വഴി 1794 കോടി രൂപയാണ് പലിശ രഹിത വായ്പയായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയത്.
മാറി മാറി വരുന്ന സർക്കാരുകളുടെ നയങ്ങൾക്കനുസരിച്ച് ഒട്ടേറെ പ്രതിസന്ധികളും കുടുംബശ്രീ നേരിട്ടിരുന്നു. മുൻ യുഡിഎഫ് സർക്കാർ ജനശ്രീയുടെ പേരിൽ കുടുംബശ്രീയെ തകർക്കാൻ നടത്തിയ ശ്രമങ്ങളും അതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരവും കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ അഭിമാനകരമായ ഏടുകളാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കുടുംബശ്രീയുടെ വളർച്ചയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കുടുംബശ്രീയെ എല്ലാ തലത്തിലും സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
2000–-2001ൽ 36,511 അയൽക്കൂട്ടവും 8.5 ലക്ഷം അംഗങ്ങളുമുണ്ടായിരുന്ന കുടുംബശ്രീയിൽ ഇന്ന് 2.90 ലക്ഷം അയൽക്കൂട്ടവും ഏകദേശം 46 ലക്ഷത്തോളം അംഗങ്ങളുമായി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷംമാത്രം 42,000 ത്തോളം അയൽക്കൂട്ടങ്ങളുടെ വർധന. അംഗസംഖ്യയിൽമാത്രം നാലു ലക്ഷം വർധന. ഏകദേശം 5,000 കോടിയിലധികം രൂപ ആന്തരിക സമ്പാദ്യമായി അയൽക്കൂട്ടങ്ങൾ സമാഹരിച്ചിട്ടുണ്ട്. ഇതിൽനിന്നുള്ള ആന്തരിക വായ്പ ഇതിന്റെ നാല് ഇരട്ടിയിൽ കൂടുതലാണ്. ഇത് ഏതാണ്ട് 20,000 കോടിയിലധികം രൂപ വരും. സ്ത്രീകളുടെ സമ്പാദ്യശീലത്തെ ഗുണപരമായി സ്വാധീനിക്കാൻ കഴിഞ്ഞു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഉയർന്ന വിഭാഗങ്ങൾക്ക് മാത്രമായിരുന്ന ബാങ്കിങ് മേഖലയുടെ സേവനം പാവപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനും കഴിഞ്ഞു. പുരുഷന്മാരുടെ കുത്തകയായിരുന്ന സംരംഭമേഖലയിൽ കുടുംബശ്രീ നടത്തിയ മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്. ഒരു ലക്ഷത്തോളം സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിൽ 44,173 സംരംഭവും കഴിഞ്ഞ നാലരവർഷത്തിനിടയിലാണ് രൂപീകരിക്കപ്പെട്ടത്. 82,000ത്തിലധികം ആളുകൾക്ക് വരുമാനം കണ്ടെത്താൻ കഴിഞ്ഞു. അറുപതിനായിരത്തോളം പേർക്ക് ഇക്കാലയളവിൽ വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കാനും സാധിച്ചു. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്നുള്ളത് കുടുംബശ്രീയുടെ ആവിർഭാവത്തോടെ അടുക്കളയിൽനിന്ന് തൊഴിലിടത്തേക്ക് എന്ന് മാറ്റി പറയാവുന്ന സ്ഥിതിയായി.
സ്വന്തമായി ഭൂമി വാങ്ങിയ ധാരാളം കുടുംബശ്രീ കർഷക ഗ്രൂപ്പുകൾ ഇന്നുണ്ട്. ഭൂമിയുടെ മേലുള്ള സ്ത്രീകളുടെ ഉടമസ്ഥതയിലേക്ക് ഇതിനെ പരിവർത്തനം ചെയ്യിപ്പിക്കാൻ നമുക്ക് കഴിയണം. കൂടുതൽ മൂല്യ വർധിത സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കും നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിൽ ക്രിയാത്മകമായി ഇടപെടാൻ സംഘകൃഷി ഗ്രൂപ്പുകൾക്ക് കഴിഞ്ഞു.
ദാരിദ്ര്യ നിർമാർജനത്തിനായി കുടുംബശ്രീ നടത്തിയ മികച്ച ഇടപെടലാണ് അഗതി രഹിത കേരളം പദ്ധതി. 1,50,000 അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്കാവശ്യമായ മൈക്രോ പ്ലാനുകൾ തയ്യാറാക്കാനും അവ നടപ്പാക്കാനും കഴിഞ്ഞു. അയൽക്കൂട്ടങ്ങളുടെ നെറ്റ് വർക്കിന് മികച്ച മോണിട്ടറിങ് സംവിധാനമായി മാറാൻ കഴിയണം. ജനപ്രതിനിധികളുടെ ശ്രദ്ധയിൽ ഇവരുടെ ആവശ്യങ്ങൾ നിരന്തരമുന്നയിക്കുന്നതിനും അങ്ങനെ അവരുടെ നാവായി ഓരോ കുടുംബശ്രീ അംഗവും മാറണം. ഇതേപോലെ ഒറ്റപ്പെട്ടു കഴിയുന്നവർക്കായി നടത്തിയ സ്നേഹിത കോളിങ് ബെൽ പദ്ധതിയും മികച്ച മാതൃകയാണ്.
സ്ത്രീ ശാക്തീകരണ മേഖലയിലും സവിശേഷമായ ഇടപെടൽ നടത്താൻ ഇക്കാലയളവിൽ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌ത്രീ പദവി സ്വയം പഠന പ്രക്രിയ പുനരാരംഭിക്കാൻ കഴിഞ്ഞു. സ്നേഹിത സെന്ററുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞു. സ്നേഹിത സെന്റർ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ പേരിലേക്ക് അവബോധം എത്തിക്കാൻ കഴിയണം. 352 ഓളം കമ്യൂണിറ്റി കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ 649 ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഈ ജെൻഡർ റിസോഴ്സ് സെന്ററുകളെ പ്രാദേശികമായി സ്ത്രീകളുടെ അവസ്ഥാ പഠനത്തിനും ക്രിയാത്മകമായ നിർദേശങ്ങൾവയ്ക്കുന്ന കേന്ദ്രങ്ങളുമാക്കി മാറ്റാൻ കഴിയണം. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ജെൻഡർ റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താൻ കഴിയണം.
ഏതൊരു വിധത്തിലുള്ള ശാക്തീകരണവും ആത്യന്തികമായി രാഷ്ട്രീയ ശാക്തീകരണത്തിലേക്കാണ് വ്യക്തിയെ നയിക്കേണ്ടത്. രാഷ്ട്രീയ ശാക്തീകരണമെന്നത് താൻ ജീവിക്കുന്ന സാമൂഹ്യ സാഹചര്യത്തിൽ ക്രിയാത്മകമായി ഇടപെടാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുകയെന്നതാണ്. കുടുംബശ്രീയുടെ കഴിഞ്ഞ 23 വർഷത്തെ പ്രവർത്തനത്തെ വിലയിരുത്തുമ്പോൾ ഒരു കാര്യം നിസ്സംശയം പറയാൻ കഴിയും ലക്ഷക്കണക്കായ സ്ത്രീകളെ വീടിന്റെ അകത്തളങ്ങളിൽനിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിലൂടെ അവരെ ശാക്തീകരിക്കുന്നതിനും കുടുംബശ്രീക്ക് കഴിഞ്ഞു.
പിണറായി വിജയൻ സർക്കാർ കുടുംബശ്രീക്ക് നൽകിയ പിന്തുണയും നേതൃത്വവും വളരെ വലുതായിരുന്നു. ക്ഷേമ പെൻഷനുകളും ഭക്ഷ്യക്കിറ്റു വിതരണവും അതുപോലെ മറ്റു സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെല്ലാം കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കേരളീയ സ്ത്രീ സമൂഹത്തിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിന്റെ ഫലമായി കേരളത്തിലെ വലിയ ശതമാനം സ്ത്രീകളും ഈ സർക്കാരിനെ പിന്തുണച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായമെഴുതി ചേർത്തുകൊണ്ട് എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണം സാധ്യമായിരിക്കുകയാണ്. കഴിഞ്ഞ സർക്കാർ നൽകിയ പിന്തുണയും നേതൃത്വവും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും കുടുംബശ്രീക്ക് ഉണ്ടാകും. വർഗീയതയും വേർതിരിവുകളുമില്ലാത്ത മാനവികതയുടെ ഒരു ഭൂമിക പടുത്തുയർത്തുന്നതിൽ നമ്മുടെ നാട് നടത്തുന്ന ചെറുത്തുനില്പുകളോടൊപ്പം എല്ലാ സഹോദരിമാരും അണിനിരക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..