18 May Tuesday

ഇരുപത്തിയാറാം വയസ്സിൽ കന്നിയങ്കം; അഞ്ചാം വിജയത്തിൽ മന്ത്രിസഭയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021


പാലാ> അഞ്ചാം തവണ ഇടുക്കിയില്‍ മത്സരത്തിനിറങ്ങിയപ്പോൾ റോഷി അഗസ്‌റ്റിന്‌ രാഷ്ട്രീയത്തിന് അപ്പുറമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും തിളക്കമാർന്ന വിജയം സമ്മാനിച്ചത്. രാഷ്ട്രീയ എതിരാളികളെ  ഞെട്ടിച്ച്‌  യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടാനായി.  

പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ അഗസ്റ്റിന്‍ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20 ന് ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നേതൃത്വത്തിലേക്ക് ഇടക്കോലി ഗവ. ഹൈസ്കൂള്‍ ലീഡറായി തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്‍റായും പാലാ സെന്‍റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്‍റായും യൂണിയന്‍ ഭാരവാഹിയായും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. കേരളാ കോണ്‍ഗ്രസ് (എം) ന്‍റെ ഭാരവാഹിയായിമാറി.

കേരളാ ലീഗല്‍ എയ്ഡ് അഡ്വൈസറി ബോര്‍ഡ് മെമ്പറായും രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി ആദ്യകാല പ്രവര്‍ത്തനം. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകള്‍ക്കുമെതിരെ 1995 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001 ല്‍ വിമോചന യാത്രയും  നടത്തി ശ്രദ്ധേയമായി.

ഇരുപത്തിയാറാം വയസില്‍ നിയമസഭയിലേക്കുള്ള കന്നിയങ്കം പേരാമ്പ്രയില്‍ നിന്ന്. കന്നിയങ്കത്തിൽ പരാജയം സംഭവിച്ചെങ്കിലും  കെ.എം മാണിയുടെ  പ്രിയ ശിഷ്യന് 2001 ല്‍ ഇടുക്കിയില്‍ നിന്നും സിറ്റിങ് എം.എല്‍.എ യെ പരാജയപ്പെടുത്തി . തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി.

 കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. കെ എം മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് റോഷി.

ഇടുക്കി മെഡിക്കല്‍ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാര്‍ത്ഥ്യമായത്.കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചു.2018 ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാൻ കഴിഞ്ഞു.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ നേഴ്സ് ആയ റാണിയാണ് ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top