17 May Monday

യുഡിഎഫ്‌ - ബിജെപി വോട്ടുകച്ചവടം; സി കെ ജാനുവിന്റെ ‘ജെആർപി’ പിളർപ്പിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday May 17, 2021

ബത്തേരി > നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി നടത്തിയ വോട്ട്‌ കച്ചവടത്തിന്‌ പിന്നാലെ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി)പിളർപ്പിലേക്ക്‌. എൻഡിഎ സ്ഥാനാർഥിയായി ബത്തേരിയിൽ മത്സരിച്ച ജെആർപി അധ്യക്ഷ സി കെ ജാനുവിന്‌ കനത്ത തിരിച്ചടിയാണുണ്ടായത്‌. 2016ലെ തെരഞ്ഞെടുപ്പിനേക്കാൾ 12,458 വോട്ടാണ്‌ കുറഞ്ഞത്‌. 2016ലും മണ്ഡലത്തിൽ സി കെ ജാനുതന്നെയായിരുന്നു എൻഡിഎ സ്ഥാനാർഥി. അന്ന്‌ 27,920 വോട്ട്‌ ലഭിച്ചിരുന്നു. ഇത്തവണ‌ 15,462 വോട്ടായി ചുരുങ്ങി. ജാനുവിന്റെ അറിവോടെ ബിജെപി നേതാക്കൾ വോട്ട്‌ യുഡിഎഫിന്‌ കച്ചവടം ചെയ്‌തുവെന്നാണ്‌ ജെആർപി നേതാക്കളുടെ ആരോപണം. ഇതാണ്‌ പാർടിയിലെ ഭിന്നത‌ക്ക്‌ കാരണം.

വോട്ട്‌ കച്ചവടവും തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വിനിയോഗത്തിലെ തിരിമറിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ജെആർപി സംസ്ഥാന കമ്മിറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‌ പരാതി നൽകിയിരുന്നു. ജാനു പിന്നീട്‌ ഈ പരാതിയെ തള്ളിപ്പറഞ്ഞതും ഭിന്നത‌ക്ക്‌ വഴിയൊരുക്കി. ബിജെപി നേതാക്കളുടെ ഇംഗിതത്തിന്‌ വഴങ്ങിയാണ്‌ ജാനുവിന്റെ നിലപാടെന്നാണ്‌ ജെആർപി നേതാക്കളുടെ ആക്ഷേപം. 2016ലെ തെരഞ്ഞെടുപ്പിന്‌ ശേഷം എൻഡിഎ വിട്ട ജാനു ഇത്തവണ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ തിരികെ പോയത്‌. സാമ്പത്തിക താൽപ്പര്യങ്ങളാണ്‌ ഇതിന്‌ പിന്നിലെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ ജാനു പാർടിയിൽ ഒറ്റപ്പെടുന്ന നിലയാണ്‌.

ബിജെപിക്ക്‌ ജില്ലയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള മണ്ഡലമാണ്‌ ബത്തേരി. എൻഡിഎക്ക്‌ കുറഞ്ഞ വോട്ടിനോടടുത്താണ്‌  വിജയിച്ച യുഡിഎഫ്‌ നേതാവ്‌ ഐ സി ബാലകൃഷ്‌ണന്റെ ഭൂരിപക്ഷം. ജാനുവിന്‌ കിട്ടിയ വോട്ടുകളിൽ ഏറെയും ഗോത്രമേഖലകളിൽ നിന്നുള്ളതാണെന്നാണ്‌ ജെആർപിയുടെ വിലയിരുത്തൽ. ബിജെപി വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന്‌ മറിച്ചെന്നും ഇവർ ആരോപിക്കുന്നു.  ഇക്കാര്യം എൽഡിഎഫ്‌ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി നേതൃത്വം ബത്തേരി മണ്ഡലത്തിലേക്ക്‌‌ നൽകിയ ഒരുകോടിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ മുക്കിയെന്ന ആരോപണത്തെച്ചൊല്ലിയും ബിജെപിക്കുള്ളിൽ വിവാദം കൊഴുക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top