16 May Sunday

ഇസ്രയേൽ വ്യോമാക്രമണം: 10,000 പേർ പലായനം ചെയ്‌തു; ഗാസയിൽ 140 മരണം

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ അസോസിയറ്റ് പ്രസ് അടക്കം നിരവധി *മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടം. ഫോട്ടോ: എപി യൂടൂബ്‌

ജറുസലേം > ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമായതിനെ തുടർന്ന്‌ 10,000ൽപ്പരം പലസ്തീൻകാർ ഗാസയിൽനിന്ന്‌ പലായനം ചെയ്തെന്ന്‌ യുഎൻ. ഇസ്രയേൽ ആക്രമണം ആറ്‌ ദിവസം പിന്നിട്ടപ്പോൾ 140 പലസ്തീൻകാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്‌തു. പരിക്കേറ്റവരുടെ എണ്ണം ആയിരത്തോളമായി. വ്യോമാക്രമണത്തിന്‌ പുറമേ കടലിൽനിന്നും ആക്രമിക്കുന്ന ഇസ്രയേൽ പീരങ്കിയാക്രമണവും നടത്തുന്നുണ്ട്‌.

വെള്ളിയാഴ്ച രാത്രി ഗാസയിലെ ശാതി അഭയാർത്ഥി ക്യാമ്പിലുണ്ടായ ബോംബിങ്ങിൽ എട്ട്‌ കുട്ടികളും  രണ്ട്‌ സ്‌ത്രീകളും ഉൾപ്പെടെ 12പേർ കൊല്ലപ്പെട്ടു. അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റ്‌ പ്രസിന്റെയും ഖത്തർ കേന്ദ്രമായ അൽജസീറയുടെയും ഓഫീസുകൾ സ്ഥിതിചെയ്യുന്ന 12നില കെട്ടിടസമുച്ചയമായ ഗാസ ടവർ ശനിയാഴ്‌ച രാവിലെ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ തകർത്തു. നിരവധി കുടുംബങ്ങളും സമുച്ചയത്തിൽ  താമസിച്ചിരുന്നു. ഉടമയ്‌ക്ക്‌ മുന്നറിയിപ്പ്‌ നൽകി ആളുകളെ ഒഴിപ്പിച്ചശേഷമായിരുന്നു ആക്രമണം.

വെസ്‌റ്റ്‌ ബാങ്കിൽ പലസ്‌തീൻ പ്രതിഷേധക്കാർക്ക്‌ നേരെ ഇസ്രയേൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഹമാസ് ആക്രമണത്തിൽ മരിച്ച ഇസ്രയേലികളുടെ എണ്ണം ഒൻപതായി. റോക്കറ്റാക്രമണത്തിന്റെ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങുമ്പോൾ ഇസ്രയേലികൾ പരക്കംപായുന്നതായും റിപ്പോർട്ടുകളുണ്ട്‌. ഇസ്രയേലിനുള്ളിൽ ജൂതരും അറബികളും തമ്മിൽ വർഗീയ സംഘർഷവും തുടരുകയാണ്‌. അറബികളുടെ കടകളും ജൂതരുടെ സിനഗോഗുകളും തകർക്കപ്പെട്ടു.

ഗാസയിൽ വീടുകളും മറ്റും തകർന്നതിനെതുടർന്ന്‌ നിരവധിയാളുകളെ സ്കൂളുകളിലേക്കും ആരാധനാലയങ്ങളിലേക്കും മാറ്റി. കോവിഡ്‌ സാഹചര്യത്തിൽ ഒരുമിച്ച്‌ പാർപ്പിക്കുന്നത്‌ ദുരന്തത്തിലേക്ക്‌ നയിക്കുമെന്ന്‌ യുഎൻ റിപ്പോർട്ടിൽ പറയുന്നു.

ആക്രമണം എത്രയും വേഗം അവസാനിപ്പിച്ച്‌ മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന്‌ ഇസ്രയേലിനോടും പലസ്തീനോടും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ അഭ്യർഥിച്ചു. ഞായറാഴ്‌ച യുഎൻ രക്ഷാസമിതി ഓൺലൈനായി ചേരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top