തൃശൂർ> നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോൽവിക്ക് വി മുരളീധരൻ–- കെ സുരേന്ദ്രൻ കൂട്ടുകെട്ടിനെ പ്രതിക്കൂട്ടിലാക്കി എതിർപക്ഷം. കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായശേഷം നടത്തിയ ഏകപക്ഷീയ പുനഃസംഘടനയ്‌ക്കും വെട്ടിനിരത്തലിനുമെതിരെ ആർഎസ്‌എസ് ഉൾപ്പെടെ ഒരു വിഭാഗം തിരിച്ചടിച്ചതാണ് ദയനീയ തോൽവിക്ക് കാരണമെന്നാണ് കേന്ദ്രനേതൃത്വമടക്കം വിലയിരുത്തുന്നത്.
കേരളത്തിൽ 31 ലക്ഷം പ്രാഥമികഅംഗങ്ങളുള്ള ബിജെപിക്ക് 23.5 ലക്ഷം വോട്ടാണ് ലഭിച്ചത്. ബിഡിജെഎസിന്റെ വോട്ട്കൂടി കണക്കിലെടുത്താൽ അതിദയനീയമാണ് വോട്ട് ചോർച്ച. 2016ൽ എട്ട് ലക്ഷത്തോളം വോട്ട് ലഭിച്ച ബിഡിജെഎസ് ഇത്തവണ 20 സീറ്റിൽ മത്സരിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിന്റെ പകുതി വോട്ടുപോലും ലഭിച്ചില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കെ സുരേന്ദ്രൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾ സാധൂകരിക്കപ്പെട്ടില്ല എന്നാണ് ഈ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണവും 35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന ധാർഷ്‌ട്യത്തോടെയുള്ള പ്രഖ്യാപനവും ഉത്തരേന്ത്യൻ മോഡൽ കുതിരക്കച്ചവടം നടത്തുമെന്ന വെല്ലുവിളിയും ബിജെപിക്കെതിരായ വികാരമുണ്ടാക്കി. കോന്നിയിൽ 2019 ലെ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തോളം വോട്ടുകൾ കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പോയതും ഇതിന്റെ ഉദാഹരണമാണ്. ഗ്രൂപ്പുകാർക്ക് മാത്രമായി സ്ഥാനാർഥിത്വം പങ്കുവച്ചത് പ്രവർത്തകരിൽ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ വികാരം രൂപപ്പെടാൻ ഇടയാക്കിയതായി ജില്ലാതല അവലോകന യോഗങ്ങൾ വിലയിരുത്തി. വി മുരളീധരനൊപ്പം വിദേശ യാത്രയ്‌ക്കുപോയ വനിതയ്‌ക്ക് സംസ്ഥാന ഭാരവാഹിത്വം നൽകി. വി മുരളീധരനോട് താല്പര്യം കാണിക്കുന്നവർക്ക് മാത്രമായി കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നൽകിയത് മഹിളാ പ്രവർത്തകരിൽ എതിർപ്പുണ്ടാക്കി.
ബിജെപിയുടെ ഇരുപതിനായിരത്തോളം ബൂത്തുകളിൽ 1500 ൽ താഴെ ബൂത്തുകളിൽ മാത്രമേ തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നുള്ളൂ. അച്ചടിച്ച അഭ്യർഥനകളുടെ നാലിലൊന്ന് പോലും വീടുകളിലെത്തിച്ചില്ല. വി മുരളീധരനും കെ സുരേന്ദ്രനും നേതൃത്വത്തിൽ നിന്ന് മാറാതെ കേരളത്തിലെ നിർജീവാവസ്ഥ മാറ്റിയെടുക്കാൻ കഴിയില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ഓൺലൈൻ അവലോകന യോഗങ്ങളിൽനിന്ന് പൂർണമായി വിട്ടു നിൽക്കുന്ന കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ നേതൃമാറ്റത്തിനായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..