മൈതാനം വീക്ഷിക്കുമ്പോള്‍ കൈലാഷ് ഖണ്ഡാഗലെയുടെ കണ്ണുകള്‍ വിടര്‍ന്നു. “ഇവിടെ ഒരുപാട് കര്‍ഷകര്‍ ഉണ്ട്.” മൈതാനത്തുകൂടെ മുടന്തി നടന്നുകൊണ്ട്‌ 38-കാരനായ ഭൂരഹിത തൊഴിലാളി പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുംബൈയിലെ ആസാദ് മൈതാനത്തു കൂടിച്ചേര്‍ന്ന ആയിരക്കണക്കിനു കര്‍ഷകരോടു ചേരുന്നതിനായി ജനുവരി 24-നാണ് കൈലാഷ് എത്തിയത്. “ഞാനിവിടെ വന്നത് മൂന്നു പുതിയ കാര്‍ഷിക നിയമങ്ങളെയും എതിര്‍ക്കാനാണ്. എന്‍റെ കുടുംബത്തിനു കിട്ടുന്ന റേഷനെ അത് ബാധിക്കുമെന്ന് എനിക്കു മനസ്സിലായി”, കൈലാഷ് പറഞ്ഞു. അദ്ദേഹത്തിന്‍റെ സമുദായാംഗങ്ങള്‍ പ്രധാനമായും തക്കാളി, ഉള്ളി, ബജ്റ, നെല്ല് എന്നിവയൊക്കെ 1 മുതല്‍ 5 വരെ ഏക്കറുകളിലുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നു.

ജനുവരി 24 മുതല്‍ 26 വരെ സംയുക്ത ശേത്കരി കാംഗാര്‍ മോര്‍ച്ച സംഘടിപ്പിച്ച ധര്‍ണ്ണയില്‍ പങ്കെടുത്ത അഹ്മദ്നഗര്‍ ജില്ലയില്‍ നിന്നുള്ള 500 (അദ്ദേഹത്തിന്‍റെ കണക്കനുസരിച്ച്) കോലി മഹാദേവ് ആദിവാസികളില്‍ ഒരാളാണ് ഒരാളാണ് അദ്ദേഹം. മുംബൈയിലേക്കു 300 കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിനുവേണ്ടി 35 വാനുകള്‍ വാടകക്കെടുക്കുന്നതിനായി അകോലെ, പാര്‍നേര്‍, സംഗംനേര്‍ താലൂക്കുകളില്‍ നിന്നുള്ള ആദിവാസികള്‍ 200 രൂപ വീതം പിരിവെടുത്തു.

സംഗംനേര്‍ താലൂക്കിലെ ഖാംബേ ഗ്രാമത്തില്‍ നിന്നുള്ള കൈലാഷ് ഭാര്യ, പ്രായമായ മാതാപിതാക്കള്‍, മൂന്നുകുട്ടികള്‍ എന്നിവരുള്‍പ്പെടെ 7 അംഗങ്ങളുള്ള കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തിയാണ്. “ഒരു ദിവസം 250 രൂപയ്ക്കു ഞാന്‍ മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുന്നു. പക്ഷെ, എന്‍റെ കാലിന്‍റെ പ്രശ്നം കാരണം വര്‍ഷത്തില്‍ 200 ദിവസത്തിലധികം പണി കണ്ടെത്തുക എനിക്കു ബുദ്ധിമുട്ടാണ്”, അദ്ദേഹം പറഞ്ഞു. പതിമൂന്നു വയസ്സുള്ളപ്പോള്‍ കൈലാഷിന്‍റെ ഇടതുകാലിന് പരിക്കു പറ്റിയതാണ്. വേണ്ടത്ര വൈദ്യ പരിചരണം ലഭിക്കാതെ കാലങ്ങള്‍ കൊണ്ട് അതു മുടന്തായി തീര്‍ന്നു. വലതു കൈക്ക് പ്രശ്നം ഉള്ളതിനാല്‍ ഭാവനയ്ക്കും കട്ടിയുള്ള ജോലികള്‍ എടുക്കാന്‍ വയ്യ.

ചെറുതും സ്ഥിരതയില്ലാത്തതുമായ വരുമാനം ആയതുകൊണ്ട് ഖണ്ഡാഗലെയുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം പൊതുവിതരണ സംവിധാന (പി.ഡി.എസ്.) പ്രകാരമുള്ള റേഷന്‍ സാധനങ്ങള്‍ വിലപ്പെട്ടതാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, 2013 -നു കീഴില്‍ വരുന്ന 80 കോടി മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഒരോ വ്യക്തിക്കും 5 കിലോഗ്രാം ധാന്യങ്ങള്‍ വീതം ഓരോ മാസവും കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ ഈ നിയമം അനുവദിക്കുന്നു – അരി കിലോഗ്രാം 3 രൂപ, ഗോതമ്പ് കിലോഗ്രാം 2 രൂപ, മറ്റു ഭക്ഷ്യവസ്തുക്കള്‍ കിലോഗ്രാമിന് ഒരു രൂപ വീതവും.

പക്ഷെ കൈലാഷിന്‍റെ 7-അംഗ കുടുംബത്തിന് 15കിലോ ഗോതമ്പും 10 കിലോ അരിയുമാണ് ലഭിക്കുന്നത് – അവരുടെ വിഹിതത്തേക്കാള്‍ 10 കിലോ കുറവ് – എന്തുകൊണ്ടെന്നാല്‍ ഇളയ രണ്ടു കുട്ടികളുടെ പേരുകള്‍ അവരുടെ ബി.പി.എല്‍. (ദാരിദ്ര്യ രേഖക്കു താഴയുള്ളത്) റേഷന്‍ കാര്‍ഡില്‍ ഇല്ല. “ഈ 25 കിലോ 15 ദിവസങ്ങള്‍ കൊണ്ട് തീരും. പിന്നെ ഞങ്ങള്‍ വിശപ്പു സഹിക്കണം”, കൈലാഷ് പറഞ്ഞു. കുടുംബത്തിനുള്ള റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പ്രദേശത്തുള്ള പൊതുവിതരണ കേന്ദ്രത്തിലേക്ക് എല്ലാ മാസവും പോയി വരുന്നതിന് 4 കിലോമീറ്ററുകള്‍ അദ്ദേഹം നടക്കുന്നു. “എണ്ണ, ഉപ്പ്, വിദ്യാഭ്യാസം എന്നിവയ്ക്കും ഞങ്ങള്‍ പണം ചിലവാക്കണം. കിരാനാ [പലവ്യഞ്ജനങ്ങള്‍] കടയില്‍ നിന്നും വില കൂടിയ ധാന്യങ്ങള്‍ വാങ്ങാനുള്ള പണം ആര്‍ക്കാണുള്ളത്?”

PHOTO • Jyoti Shinoli
PHOTO • Jyoti Shinoli

കൈലാഷ് ഖണ്ഡഗാലെ (ഇടത്), നാംദേവ് ഭാംഗ്രെ (വിരല്‍ ചൂണ്ടുന്നയാള്‍) എന്നിവര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുംബൈയിലെ ധര്‍ണ്ണയില്‍ പങ്കെടുക്കുന്ന കോലി മഹാദേവ് ആദിവാസികളില്‍ പെടുന്നവരാണ്.

കാര്‍ഷിക നിയമങ്ങളുടെ ഇപ്പറഞ്ഞതുള്‍പ്പെടെയുള്ള മറ്റെല്ലാ പ്രബല വിപരീത ഫലങ്ങളും കൈലാഷ് ഖണ്ഡഗാലെയെ ആശങ്കാകുലനാക്കുന്നു: “ഈ ബില്ലുകള്‍ [നിയമങ്ങള്‍] വലിയ ആഘാതങ്ങളുണ്ടാക്കും. ഇത് കര്‍ഷകരെക്കുറിച്ചു മാത്രം ബാധിക്കുന്നതല്ല. ഈ പോരാട്ടം നമുക്കെല്ലാവര്‍ക്കും വേണ്ടിയാണ്”, അദ്ദേഹം പറഞ്ഞു.

“എനിക്കു സര്‍ക്കാരിനോടു ചോദിക്കണം – ഞങ്ങള്‍ക്ക് ഉറപ്പുള്ള ജോലിയില്ല, അതിനു പുറമെ റേഷന്‍ തരുന്നതുകൂടി സര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണെങ്കില്‍ ഞങ്ങള്‍ എന്തു ഭക്ഷിക്കും?” മുംബൈ പ്രക്ഷോഭത്തിലായിരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു. പുതിയ കാര്‍ഷിക നിയമങ്ങളില്‍ ഒന്നായ അവശ്യ സാധന (ഭേദഗതി) നിയമം, 2020 -ന്‍റെ ചില വകുപ്പുകള്‍ ആണ് കൈലാഷിന്‍റെ ആശങ്കയ്ക്കു കാരണം. ഇവ ‘അസാധാരണ സാഹചര്യങ്ങള്‍’ ഒഴികെയുള്ള സമയങ്ങളില്‍ ‘ഭക്ഷ്യ വസ്തുക്കള്‍’ (ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ഉള്ളി, ഭക്ഷ്യ എണ്ണക്കുരു, എണ്ണ) ശേഖരിച്ചു വയ്ക്കുന്നതിനുള്ള പരിധി എടുത്തു കളയുന്നു.

“ഈ ഭേദഗതി കമ്പനികള്‍ക്ക് അവയുടെ ഗോഡൗണില്‍ സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിന് ഒരു പരിധിയുമില്ലെന്നുള്ളത് വളരെ വ്യക്തമാക്കുന്നു. അതിന്‍റെ ഫലമായി നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന്‌ പാവപ്പെട്ടവരുടെ ദൈനംദിന ഭക്ഷണവും അവശ്യ സാധനങ്ങളുമായ അരിയുടെയും ഗോതമ്പിന്‍റെയുമൊക്കെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വര്‍ദ്ധിക്കും”, അകോലെ താലൂക്കിലെ  ഖഡ്കി ബുദ്രുക് ഗ്രാമത്തില്‍ നിന്നുള്ള നാംദേവ് ഭാംഗ്രെ പറഞ്ഞു. അദ്ദേഹവും കോലി മഹാദേവ് സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ്. ആറുപേര്‍ അടങ്ങുന്ന കുടുംബത്തിനു വേണ്ടി അദ്ദേഹത്തിന്‍റെ ഭാര്യ സുധ രണ്ടേക്കര്‍ സ്ഥലത്ത് ബജ്റ കൃഷി ചെയ്യുന്നു. “

“ഭക്ഷ്യധാന്യങ്ങളുടെ ശേഖരം ഉണ്ടായിരുന്നതുകൊണ്ട് ആവശ്യമുള്ളവര്‍ക്കും ജോലിയില്ലാത്തവര്‍ക്കുമൊക്കെ ലോക്ക്ഡൗണ്‍ സമയത്ത് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പൂഴ്ത്തിവയ്പ്പ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്നു”, 35-കാരനായ നാംദേവ് പറഞ്ഞു. അത്തരം ഒരു ഘട്ടത്തില്‍ വിപണിയില്‍ നിന്നും ധാന്യങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നതും അദ്ദേഹം മുന്‍കൂട്ടി കാനുന്നു.

ഇന്ത്യയിലുടനീളം കര്‍ഷകര്‍ എതിര്‍ത്തുകൊണ്ടിരിക്കുന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചും നാംദേവിന് നന്നായി അറിയാം. കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം , 2020-നെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നു. ഇത് കാര്‍ഷിക രംഗത്ത് സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്നു. “കര്‍ഷകര്‍ മഹാമണ്ഡലിന് [ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ] വില്‍ക്കുന്നതിനേക്കാള്‍ തുറന്ന വിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് ധാന്യങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും പ്രായമുള്ളവരും ഭിന്നശേഷിയുള്ളവരും എവിടെനിന്നു ധാന്യങ്ങള്‍ വാങ്ങും?” നാംദേവ് ചോദിച്ചു. പൊതു വിതരണ സംവിധാനത്തിനു വേണ്ടി റേഷന്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനായി ചട്ടപ്രകാരം സ്ഥാപിച്ചിട്ടുള്ള സംവിധാനമാണ് ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ. കോര്‍പ്പറേറ്റുകള്‍ അവരെ സൗജന്യമായി ഊട്ടുമോ?

PHOTO • Jyoti Shinoli

ഭാഗുബായ് മേംഗള്‍, ലഹു ഉഘാഡെ, എക്നാഥ്‌ പേംഗള്‍, നാംദേവ് ഭാംഗ്രെ (ഇടത്തുനിന്നും വലത്തേക്ക്) എന്നിവര്‍ വിശ്വസിക്കുന്നത് ഈ നിയമങ്ങള്‍ അവരുടെ കുടുംബങ്ങളുടെ റേഷനെ ബാധിക്കുമെന്നാണ്.

അകോലെ ജില്ലയിലെ ദിഗംബര്‍ ഗ്രാമത്തില്‍ നിന്നുള്ള ഭാഗുബായ് മേംഗള്‍ക്കു ഏറ്റവും പ്രധാനപ്പെട്ടത് മിനിമം താങ്ങുവില (എം.എസ്.പി.) ആണ്. രാജ്യത്തുടനീളം ഒരുപാടു കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ളതും കര്‍ഷകര്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ (സ്വാമിനാഥന്‍ കമ്മീഷന്‍) ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ് ഈ ആവശ്യം. “ഞങ്ങള്‍ക്ക് തക്കാളിയുടെയൊ ഉള്ളിയുടെയോ ഒക്കെ വിളവ്‌ [എ.പി.എം.സി.] വിപണിയില്‍ എത്തിക്കേണ്ടതുണ്ട്. 25 കിലോ തക്കാളിക്ക് കച്ചവടക്കാര്‍ ഞങ്ങള്‍ക്കു തരുന്നത് വെറും 60 രൂപയാണ്”, 67-കാരിയായ ഭാഗുബായ് പറഞ്ഞു. അതിന് 500 രൂപയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. “വാഹനച്ചിലവ് കിഴിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കു പിന്നെ ഒന്നും ഉണ്ടാവില്ല.”

ഭാഗുബായ് നാലേക്കര്‍ സ്ഥലത്ത് തക്കാളി, ബജ്റ, നെല്ല് എന്നിവ കൃഷി ചെയ്യുന്നു. “ഇത് വനഭൂമിയാണ്‌, പക്ഷെ വളരെക്കാലമായി ഞങ്ങള്‍ കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ്”, അവര്‍ പറഞ്ഞു. “സര്‍ക്കാര്‍ ഞങ്ങള്‍ക്കു ഭൂഉടമാവകാശം പോലും നല്‍കുന്നില്ല. അതൊന്നും കൂടാതെ കാര്‍ഷിക വിരുദ്ധ നിയമങ്ങളും കൊണ്ടുവരുന്നു - എന്തിന്? ഭാഗുബായ് കുപിതയായി.

കാര്‍ഷിക-ബിസിനസിന്‍റെയും കരാര്‍ കൃഷിയുടെയും ദൂഷ്യ ഫലങ്ങളെക്കുറിച്ച് അഹ്മദ്നഗര്‍ കര്‍ഷകര്‍ക്ക് അവബോധമുണ്ട്. വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച നിയമം, 2020 നടപ്പാക്കിയാല്‍ മേല്‍പ്പറഞ്ഞ ദൂഷ്യ ഫലങ്ങള്‍ കൂടുതല്‍ വ്യാപിക്കുമോയെന്ന് അവര്‍ ഭയപ്പെടുന്നു. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകരെപ്പോലെ മഹാരാഷ്ട്രാ കര്‍ഷകരും മുന്‍കൂട്ടി കാണുന്നത് ഇപ്പോഴത്തെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുമെന്ന്.

എക്നാഥ് പേംഗള്‍ അത്തരം കാര്‍ഷിക ക്രമീകരണങ്ങള്‍ക്കു വേണ്ടി കരാര്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും തന്‍റെ താലൂക്കായ അകോലെയില്‍ നിന്നും അടുത്ത പ്രദേശങ്ങളില്‍ നിന്നും പ്രശ്നങ്ങള്‍ നിറഞ്ഞ സംഭവങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. “കോര്‍പ്പറേറ്റ് കമ്പനികള്‍ നേരത്തെതന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഉയര്‍ന്ന വില നല്‍കാമെന്നു പറഞ്ഞ് അവരെ [കര്‍ഷകരെ] പ്രലോഭിപ്പിക്കുകയും അവസാന നിമിഷം ഗുണമേന്മ കുറവാണെന്നു പറഞ്ഞ് ഉല്‍പ്പന്നങ്ങള്‍ തിരസ്കരിക്കുകയും ചെയ്യുന്നു.”

സംശേപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 45-കാരനായ കര്‍ഷകന്‍ അഞ്ചേക്കര്‍ വനഭൂമിയില്‍ ഖരീഫ് സീസണില്‍ ബജ്റയും നെല്ലും നടുകയും നവംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ മറ്റു പാടങ്ങളില്‍ പണിയെടുക്കുകയും ചെയ്യുന്നു. “ലോക്ക്ഡൗണ്‍ സമയത്ത് ഒരു കമ്പനി ഞങ്ങളുടെ ഗ്രാമത്തില്‍ പച്ചക്കറി വിത്തുകളും ചെടികളുടെ തൈകളും വിതരണം ചെയ്തു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “വലിയ നിലങ്ങളില്‍ വിളകള്‍ നടാന്‍ കമ്പനി ആവശ്യപ്പെട്ടു. വിളവ്‌ തയ്യാറായപ്പോള്‍ ‘നിങ്ങളുടെ മുളകും കാബേജും ക്വാളിഫ്ലവറുമൊന്നും ഞങ്ങള്‍ എടുക്കില്ല’ എന്ന് പറഞ്ഞുകൊണ്ട് പണം നല്‍കാന്‍ കമ്പനി പരസ്യമായി വിസമ്മതിച്ചു. കര്‍ഷകര്‍ ഉത്പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരായി.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rennymon K. C. is an independent researcher based in Kottayam, Kerala.

Jyoti Shinoli is a senior reporter at the People’s Archive of Rural India; she has previously worked with news channels like ‘Mi Marathi’ and ‘Maharashtra1’.

Other stories by Jyoti Shinoli